ക്ഷി സങ്കേതം, കണ്ടല്‍ കാട്, അഴിമുഖം അങ്ങനെ കടലുണ്ടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസില്‍ ഓടിയെത്തുന്ന ഒട്ടേറെ പ്രത്യേകതകളുണ്ട്. പ്രിയപ്പെട്ടവയുടെ ആ ലിസ്റ്റിലേക്ക് ചേര്‍ക്കാന്‍ ഇനി ഒന്നുകൂടിയുണ്ട്, ബാലകൃഷ്ണേട്ടന്റെ കട. 

തേങ്ങാപ്പാലൊഴിച്ച ഞണ്ട് കറി മുതല്‍ എണ്ണിയാല്‍ തീരാത്ത മീന്‍ രുചികളുമായി പച്ചാട്ട് ഹൗസില്‍ ബാലകൃഷ്ണേട്ടനും കുടുംബവും ഇവിടുത്തെ കുഞ്ഞു രുചിപ്പുരയില്‍ നിങ്ങളെയും കാത്തിരിക്കുന്നുണ്ടാവും. മനസും വയറും നിറച്ച് ആ സ്നേഹവും അനുഭവിച്ച് യാത്ര തുടരാം. 

ഒരിക്കല്‍ ബാലകൃഷ്ണേട്ടന്റെ ഊണിന്റെയും മീന്‍ വിഭവങ്ങളുടേയും രുചിയറിഞ്ഞാല്‍ പിന്നെ കോഴിക്കോട് വഴി യാത്ര ചെയ്യുന്നവര്‍ ഈ തീരദേശ റോഡിലൂടെ മാത്രമേ യാത്ര ചെയ്യൂ. കാരണം തെക്കുനിന്ന് ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് വഴി യാത്ര ചെയ്യുമ്പോള്‍ കോഴിക്കോടെത്തുന്നതിന് മുമ്പാണ് കടലുണ്ടി പാലത്തിന് തൊട്ടടുത്ത് ബാലകൃഷ്ണേട്ടന്റെ കട.

ഇനി ബാലകൃഷ്‌ണേട്ടന്റെ രുചിപ്പുരയിലേക്ക് കയറാം...

ssss

തേങ്ങാപ്പാലൊഴിച്ച ഞണ്ട് ഫ്രൈ. ചൂടോടെ വറുത്തുകോരിയ ചെമ്പല്ലി, കരിമീന്‍, അമൂര്‍, ഏരി, തിരുത, പൂയാന്‍, റാച്ചി... ഈ രുചിപ്പുരയിലെ മീന്‍ രുചികള്‍ക്ക് ഒരു കുടുംബത്തിന്റെ പത്ത് വര്‍ഷത്തിലേറെയുള്ള കൈപ്പുണ്യത്തിന്റെയും ഒത്തൊരുമയുടെയും ചേരുവയുണ്ട്. 

ഈ കുഞ്ഞു കടയിലേക്ക് മാത്രമായി രാവിലെ ഒമ്പത് മണിക്ക് മുന്നേതന്നെ പിടക്കുന്ന മീനുകളെത്തിക്കുന്ന ശിങ്കിടികളുമുണ്ട് ബാലകൃഷ്‌ണേട്ടന്. അതുകൊണ്ടു തന്നെ പലതിന്റെയും ജീവനെടുക്കുന്നതിന്റെ പാപം എനിക്കായിരിക്കുമെന്ന്‌ മീന്‍ മുറിച്ചെടുക്കുന്നതിനിടെ മകന്‍ വീനീഷ് പറയുന്നു. 

ബാലകൃഷ്‌ണേട്ടന്റെ രുചിപ്പുര വിശേഷങ്ങള്‍ കേട്ടറിഞ്ഞ് അന്വേഷിച്ച് പോയ ഞങ്ങളെ ഒരു ഗ്ലാസ് സേമ്യ പായസവും തന്ന് ബാലകൃഷ്‌ണേട്ടന്‍ അകത്തേക്ക് വഴികാട്ടി. അവിടെ വിവിധ മീനുകളുടെ വിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ഈ കുഞ്ഞു സംരഭത്തിന്റെ മാസ്റ്റര്‍ ബ്രൈയിന്‍ കൂടി ആയ ബാലകൃഷ്‌ണേട്ടന്റെ ഭാര്യ ദമയന്തി ചേച്ചിയും മകന്‍ വിനീഷും.

ആരോ ഓര്‍ഡര്‍ പറഞ്ഞ രണ്ട് കയ്യിലും ഒതുങ്ങാത്ത അമൂര്‍ പൊരിച്ചെടുക്കുന്ന തിരക്കിലായിരുന്നു അവര്‍. അതിനിടയ്ക്ക് ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും സമയം കണ്ടെത്തി. നൂറ് രൂപ മുതല്‍ മൂവായിരം രൂപ വരെയുള്ള മീനുകള്‍ ഓര്‍ഡര്‍പ്രകാരം ഇവിടെ നിന്നും തയ്യാറാക്കിക്കൊടുക്കും. വിവിധ വലുപ്പത്തിലും ഇനത്തിലുമുള്ളവ. പക്ഷെ രാവിലെ ഒമ്പത് മണിക്ക് മുന്നെ വിളിച്ചറിയിക്കണമെന്ന് മാത്രം. 

ഏരിയും അമൂറും ചെമ്പല്ലിയുമെല്ലാം മിനുട്ടുകള്‍ക്കൊണ്ട് ഇലയിലാക്കുമ്പോള്‍ അല്‍പ്പം ചരിത്രം പറയാനും ദമയന്തി ചേച്ചി മറന്നില്ല. പത്ത് വര്‍ഷം മുമ്പ് കയര്‍ തൊഴിലാളിയായ ബാലകൃഷ്‌ണേട്ടന്‍ ജോലി നഷ്ടപ്പെട്ട് ആലപ്പുഴയ്ക്ക് വണ്ടി കയറാനിരിക്കുമ്പോഴാണ് 'എന്തുകൊണ്ട് നാടന്‍ മീന്‍ ഫ്രൈ സ്പെഷ്യലൈസ് ചെയ്തുകൊണ്ടൊരു കുഞ്ഞു ഭക്ഷണ ശാല ആരംഭിച്ചുകൂട' എന്ന ആശയം ദമയന്തിചേച്ചിയുടെ മനസില്‍ ഉണ്ടായത്.

ബാലകൃഷ്‌ണേട്ടന്റെയും മക്കളുടെയും പിന്തുണ കൂടി കിട്ടിയതോടെ സംഭവം 'കളറാവുകയി'. ഇന്ന് ദിവസേന ഇരുന്നൂറോളം പേര്‍ക്ക് ഭക്ഷണമൊരുക്കുന്ന സംരംഭമാണിത്‌. വീനീഷിനെ കൂടാതെ ലസിത, ലീന, ലിബിത തുടങ്ങി മൂന്ന് സഹോദരികളും വിനീഷിന്റ ഭാര്യ സൗമ്യയും മിക്കപ്പോഴും സഹായത്തിനെത്തുമെങ്കിലും ബാലകൃഷ്‌ണേട്ടനും, ദമയന്തി ചേച്ചിയും, വിനീഷും തന്നെയാണ് ഈ രുചിപ്പുരയിലെ എല്ലാമെല്ലാം.

രുചിയുടെ രഹസ്യമറിയാന്‍ ദമയന്തി ചേച്ചിയുടെ ട്രേഡ് സീക്രട്ട് തന്നെ ചോദിച്ചറിയാന്‍ ശ്രമിച്ചു. വിശ്വാസം തന്നെയാണ് എല്ലാ വിജയത്തിനും കാരണമെന്ന് ചേച്ചി പറയുന്നു. ഓലമറച്ച് തുടങ്ങിയ ഒറ്റ മുറി കട ഇന്ന് അല്‍പ്പം നന്നാക്കാനായതും കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണെന്നും ദമയന്തി ചേച്ചി പറയുന്നു.

സ്വന്തമായി ഉണക്കി പൊടിച്ചെടുക്കുന്ന മുളകും മഞ്ഞളും ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയും കറിവേപ്പിലയും തന്നെയാണ് ദമയന്തി ചേച്ചിയുടെ അടുക്കളയിലും ഉപയോഗിക്കുന്നത്. ബാലകൃഷ്‌ണേട്ടന്റെ രുചിപ്പെരുമയറിഞ്ഞ അറബികളടക്കമുള്ള വിദേശികളും സിനിമാ താരങ്ങളുമെല്ലാം ഈ കുഞ്ഞ് കടയിലെ സ്ഥിരം  സന്ദര്‍ശകരാണ്‌.  

പക്ഷെ ആരെത്തിയാലും ബാലകൃഷ്‌ണേട്ടന് ഒറ്റ നിര്‍ബന്ധമേയുള്ളൂ മനസും വയറും നിറയാതെ ആരും മേശയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പാടില്ല. 

സംസാരിക്കുന്നതിനിടെ തേങ്ങാപ്പാലൊഴിച്ച ഞണ്ട്‌ഫ്രൈയുടെ റെസിപ്പീ സീക്രട്ട് പഠിച്ചെടുക്കാന്‍ തന്നെ തീരുമാനിച്ചു.

ഞണ്ട്‌ഫ്രൈയുടെ റെസിപ്പി

കഴുകി വൃത്തിയാാക്കിയ വലിയ ഞെണ്ട് - ഒരു കിലോ തക്കാളി - മൂന്നെണ്ണം സവാള - മുന്ന് പച്ചമുളക് - നാലെണ്ണം ഇഞ്ചി,വെളുത്തുള്ളി,ചുവന്നമുളക് പേസ്റ്റ് രൂപത്തിലാക്കിയത്- നാല് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി - രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി - മൂന്ന് ടീസ്പൂണ്‍ ഉപ്പ് - പാകത്തിന് കറിവേപ്പില - ആവശ്യത്തിന് മല്ലിച്ചപ്പ് - ആവശ്യത്തിന് തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടേത്

ആദ്യം തക്കാളിയും വലിയുള്ളിയും ചെറുതീയില്‍ വഴറ്റിയെടുക്കണം. നല്ല രീതിയില്‍ ചുവന്ന് വരുമ്പോള്‍ മാറ്റിവെച്ച ഇഞ്ചി, വെളുത്തുള്ളി, ചുവന്നമുളക് പേസ്റ്റ് ഇതിലേക്ക് നന്നായി ചേര്‍ത്ത് വെക്കണം. അല്‍പ നേരം  വേവിച്ച ശേഷം മാറ്റിവെച്ച ഞെണ്ടിലേക്ക്  ചേര്‍ത്തെടുക്കുക.

ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത ശേഷം നല്ലവണ്ണം വീണ്ടും വേവാന്‍ അനുവദിക്കുക. പത്ത് മിനുട്ടിന് ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇറക്കിവെക്കാവുന്നതാണ്. ഇതിനിടയ്ക്ക് കറിവേപ്പിലയും മല്ലിയിലയും ചേര്‍ക്കാനും മറക്കരുത്.  LOCATION കോഴിക്കോട് നിന്ന് പോവുകയാണെങ്കില്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷനടുത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ മാത്രമേ ബാലകൃഷ്‌ണേട്ടന്റെ മീന്‍കടയിലേക്ക് ദൂരമുള്ളൂ. രാവിലെ ഒമ്പത് മണിക്ക് മുന്നെ 8606142305 എന്ന നമ്പറില്‍ വിളിച്ച് ഓരോരുത്തര്‍ക്കും ആവശ്യമുള്ള മീന്‍ ബുക്ക് ചെയ്യാം.