നമുക്ക് ചുറ്റം നന്മയുടെ വെളിച്ചം വീശുന്ന നിരവധി പേരുണ്ട്. തനിക്കില്ലെങ്കിലും വിശന്നിരിക്കുന്നവന് വയറുനിറച്ച് ആഹാരം നല്കാനായാല് അതിലും വലുതായി ഒന്നുമില്ല. അത്തരമൊരാളായ സുഗതനെ പരിചയപ്പെടുത്തുകയാണ് ഒരു ഫെയ്സ്ബുക്ക് കുറിപ്പ്. വിശന്നിരിക്കുന്നവര്‍ക്ക് കഞ്ഞിയും മോരുംവെള്ളവും നല്കുന്ന തിരുവനന്തപുരം പേരൂർക്കടയിലുളള സുഗതനെ കുറിച്ച് വിഷ്ണു എന്ന യുവാവ് എഴുതിയിരിക്കുന്ന ഈ കുറിപ്പ് നമുക്ക് ചുറ്റും നന്മയുള്ളവർ ഇപ്പോഴും ഉണ്ടെന്ന് ഒ ാർമിപ്പിക്കുന്നു.
പൊരിയുന്ന വെയിലില്‍ എരിയുന്ന വയറുമായി വരുന്നവര്‍ക്കായി സംഭാരം മാത്രമല്ല കഞ്ഞിയും പയറും വാഴപ്പഴവും വിളമ്പുന്നുണ്ട് സുഗതന് സ്വാമി.തൊലിയുടെ നിറമോ കീശയിലെ കാശോ നോക്കാതെ രാവിലെ പതിനൊന്നു മണി മുതല്‍ വൈകുന്നേരം നാലുമണി വരെ ഇവിടെ ആര്‍ക്കും വന്ന് കഞ്ഞിയോ മോരോ കുടിക്കാം. വായുവില്‍ എഴുതിക്കൂട്ടിയ ബില്ലോ അറുത്തു വാങ്ങുന്ന കാശോ ഒന്നുമില്ല..തൊട്ടടുത്തായൊരു ഭണ്ഡാരപ്പെട്ടി വച്ചിട്ടുണ്ട് അതിലേക്ക് ഒരു രൂപയായാലും കോടി രൂപയായാലും നിങ്ങള്‍ക്കിടാം, ഇടാതെയുമിരിക്കാം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം.
ആലിന് ചുവട്ടിലെ സാധുവായ സുഗതന്...
ലോകമിങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുകയാണ്.. ആരൊക്കെയോ കണ്മുന്നിലൂടെ വരുന്നു, ആരൊക്കെയോ ഇമചിമ്മും മുമ്പ് പോകുന്നു..എല്ലാര്ക്കും ധൃതിയാണ് .. മുന്‍പേ പോകാനുള്ള ഓട്ടം.. കൂടെയുള്ളവനെ തോല്പിക്കാനുള്ള ഓട്ടം.വട്ടത്തില്‍ ചുറ്റുന്ന ഭൂമിയെ ചക്രത്തില്‍ തോല്പിക്കാനുള്ള വ്യഗ്രത... ഇതിനിടയില്‍ തൊട്ടടുത്തു കിടക്കുന്ന മറ്റൊരു ജീവന്റെ തുടിയും തുടിപ്പുമറിയാന് ആര്‍ക്ക് എവിടെ നേരം... ????
മേല്‍പ്പറഞ്ഞവയൊക്കെ സത്യമാണെന്നിരിക്കിലും വംശനാശമറ്റു പോകാത്ത ചില വിഡ്ഢികൂശ്മാണ്ഡങ്ങള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.. ലവലേശം പ്രതിഫലേച്ഛ കൂടാതെ എരിയുന്ന വയറിനും വരളുന്ന തൊണ്ടയ്ക്കും കൈതാങ്ങാകുന്നവര്..ലൈക്കിന്റെയും ഷെയറുകളുടെയും തുലാസില്‍ സേവനമെന്ന വ്യവസ്ഥതിയെ വച്ചളക്കുന്ന 'so called' സോഷ്യല്‍മീഡിയ നന്മമരങ്ങളുടെ ദിവ്യപ്രഭയില്‍ ഒളിയറ്റു പോകുന്ന വിരലിലെണ്ണാവുന്ന മനുഷ്യജന്മങ്ങള്
തിരുവനന്തപുരം പേരൂര്‍ക്കട നിന്നും വഴയില പോകുന്ന വഴിയിലുള്ള സെന്റ്. ജൂഡ് പള്ളി കഴിഞ്ഞ് ഏതാണ്ട് നൂറ്റമ്പത് മീറ്റര്‍ പോയാല്‍ ഇടതു വശത്തായൊരു വലിയ ആല്‍മരം കാണാം..
ആല്മരത്തിന് ചുവട്ടിലായി ഒരു ബക്കറ്റും അഞ്ചാറ് സ്റ്റീല്‍ ഗ്ലാസ്സും ടാര്‍പാളിന്‍ കെട്ടിയ ഷെഡും ഒരു പഴയ മോഡല്‍ തുണി ചാരുകസേരയും താടി നീട്ടി അനന്തതയിലേക്ക് മിഴിപായ്ച്ചിരിക്കുന്നൊരു വൃദ്ധനെയും കാണാം.. അതാണ് സുഗതന് കിഷന് നാട്ടുകാരുടെ പ്രാദേശികരുടെ ഭാഷയില്‍ പറഞ്ഞാല്‍ സുഗതന്_സ്വാമി
ശ്രീനിവാസന്-വസുമതി ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂത്തോനായിരുന്നു സുഗതന്. പശു വളര്‍ത്തലും കൂലിപ്പണിയുമായി കഴിഞ്ഞിരുന്ന കുടുംബത്തില്‍ പട്ടിണിയും പരിവട്ടവും അറിഞ്ഞും അനുഭവിച്ചും തന്നെയായിരുന്നു സുഗതന്റെ വളര്‍ച്ച. എന്നിരുന്നാലും അപ്പൂപ്പനായിരുന്ന കൊച്ചുരാമന് വൈദ്യര് വഴിയാത്രക്കാര്‍ക്ക് കൊടുത്തിരുന്ന ചൂട് വെള്ളം അന്നേ സുഗതന് സ്വാമിയുടെ മനസ്സില്‍ ഇടം കൊണ്ടിരിക്കണം ..
അങ്ങനെയിരിക്കെ ഒരിക്കലാണ് സുഗതന് തന്റെ നെഞ്ചേ പിളര്ക്കുന്നോരു കാഴ്ച കണ്ടത്..തന്റെ വീടിന്റെ മുന്നിലെ വഴിയിലായി ഒരു ഭിക്ഷാടകന് വിശപ്പ് സഹിക്കാന്‍ വയ്യാതെ ദൈവത്തെ വിളിച്ച് മണ്ണ് വാരി കഴിക്കുന്നു..ഇന്നത്തെ കാലത്ത് ഇജ്ജാതി കാഴ്ചകള്‍ കണ്ടാല്‍ വയറിലേക്ക് വല്ലതും കൊടുക്കാതെ വൈറലാക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും വ്യത്യസ്തമായി ആ കാഴ്ച സുഗതനെ വല്ലാതെ പിടിച്ചുലച്ചു കഴിഞ്ഞിരുന്നു.വിധിയെന്ന രണ്ടക്ഷരം ചാര്‍ത്തി ജീവിതമെന്ന മൂന്നക്ഷരത്തെ അതിന്റെ പാടിന് വിടുന്നവരില്‍ നിന്നും വേറിട്ട് സുഗതന് അന്ന് അവിടൊരു സംരംഭം ആരംഭിച്ചു.
ദാഹിക്കുന്നവര്‍ക്കായി ചൂട് വെള്ളം ക്രമേണ വെറും ചൂട് വെള്ളമെന്നത് രാമച്ചം ചേര്‍ത്ത വെള്ളവും പിന്നീടത് ഇന്ന് കാണുന്ന മോരും വെള്ളവുമായി മാറി..
അങ്ങനെ തന്റെ പതിനഞ്ചാം വയസില്‍ നിയമപരമായി വയസ്സറിയിക്കും മുന്‍പ് മാനുഷികമായി മനുഷ്യനായിക്കഴിഞ്ഞ സുഗതന് ഇന്ന് തന്റെ അറുപതാം വയസ്സിലും തന്റെ സേവനത്തിന് ഒരു മുടക്കവും വരുത്തിയിട്ടില്ല..
മോരും വെള്ളം മാത്രമല്ല ഇപ്പോള്‍ പൊരിയുന്ന വെയിലില്‍ എരിയുന്ന വയറുമായി വരുന്നവര്‍ക്കായി കഞ്ഞിയും പയറും വാഴപ്പഴവും വിളമ്പുന്നുണ്ട് സുഗതന് സ്വാമി.
തൊലിയുടെ നിറമോ കീശയിലെ കാശോ നോക്കാതെ രാവിലെ പതിനൊന്നു മണി മുതല്‍ വൈകുന്നേരം നാലുമണി വരെ ഇവിടെ ആര്‍ക്കും വന്ന് കഞ്ഞിയോ മോരോ കുടിക്കാം. വായുവില്‍ എഴുതിക്കൂട്ടിയ ബില്ലോ അറുത്തു വാങ്ങുന്ന കാശോ ഒന്നുമില്ല..
തൊട്ടടുത്തായൊരു ഭണ്ഡാരപ്പെട്ടി വച്ചിട്ടുണ്ട് അതിലേക്ക് ഒരു രൂപയായാലും കോടി രൂപയായാലും നിങ്ങള്‍ക്കിടാം, ഇടാതെയുമിരിക്കാം
ആ ഇടുന്ന കാശുംകുറച്ച് കാലം മുന്‍പ് വരെ ചെയ്തുപോന്നിരുന്ന കൂലിപ്പണിയുടെ ശമ്പളവും എല്ലാംകൂടി തന്നെയാണ് നിത്യവൃത്തിക്കും സര്‍ക്കാരിന്റെ കയ്യേറ്റ ഭൂമിയില്‍ നീണ്ടു നിവര്‍ന്ന് ഇത്തരം മഹത് പ്രവര്‍ത്തികള്‍ ചെയ്യാനുള്ള സുഗതന് സ്വാമിയുടെ മൂലധനം.
മാനവ സേവ തന്നെയാണ് മാധവ സേവയെന്ന തത്വത്തില്‍ ഉറച്ചു നിന്ന ഈ കൃഷ്ണ ഭക്തന് കരമനയില്‍ നിന്നുമൊരു കൃഷ്ണ വിഗ്രഹം വീടിനടുത്ത് സ്ഥാപിച്ച് തന്റേതായ രീതിയില്‍ പൂജാവൃത്തികള്‍ കഴിക്കാന്‍ തുടങ്ങിയതോടെ പേരിനൊരു വാലും കൂടെ ചേര്‍ന്നു - സുഗതന് കിഷന്..
ഭക്തിമാര്‍ഗ്ഗം പേറി താടിയും മുടിയും നീട്ടി കാവിയണിഞ്ഞതോടെ നാട്ടുകാര്‍ക്കിടയില്‍ അദ്ദേഹം സുഗതന് സ്വാമിയെന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി.
ദിനവും പതിവുകാരായും അല്ലാതെയും ഒന്ന് മുതല്‍ ഏതാണ്ട് ഇരുപത് ആള്ക്കാര് വരെ ഇവിടെ വരാറുണ്ടെന്നു സുഗതന് സ്വാമി പറയുന്നു.ഉണ്ടായിട്ടല്ല കൊടുക്കുന്നത് ഉള്ളത് കൊണ്ടാണ് കൊടുക്കുന്നത്..
മനുഷ്യര്‍ക്ക് മാത്രമല്ല പട്ടിക്കും പൂച്ചയ്ക്കും മറ്റ് പക്ഷിമൃഗാധികള്‍ക്കും ദാഹമകറ്റാന്‍ മുറയ്ക്ക് വെള്ളവും ഭക്ഷണവും വയ്ക്കാന്‍ സുഗതന് സ്വാമി മറക്കാറില്ല..അല്ലേലും ഈ ഭൂമി അവരുടേതും കൂടിയാണല്ലോ നാട്ടുകാര്‍ക്കിടയില്‍ വര്‍ഷങ്ങളായി ഇദ്ദേഹത്തെ അറിയാത്തവര്‍ ആ പ്രദേശത്ത് ചുരുക്കമാകും
ഇതിനിടയില്‍ സുഗതന് സ്വാമിയുടെ നേട്ടങ്ങളുടെ കണക്കെടുക്കുന്നതിനെക്കാള് കോട്ടങ്ങളുടെ പട്ടിക നിരത്തുന്നതാകും ഉചിതം..ഇപ്പോഴത്തെ വീടിരിക്കുന്ന പരിസരത്തായി മുപ്പത്തഞ്ച് സെന്റ് വസ്തുവുണ്ടായിരുന്ന സുഗതന് സ്വാമിക്ക് ഇന്ന് അവശേഷിക്കുന്നത് രണ്ട് സെന്റ് വസ്തുവും പുരയിടവും മാത്രം.. ബാക്കിയെല്ലാം വികസനത്തിന്റെ കുത്തൊഴുക്കില്‍ 500 മുതല്‍ 3000 രൂപ വരെയുള്ള ഏക്ക തുകയില്‍ സര്‍ക്കാര്‍ കയ്യേറി...മുമ്പ് ഒന്‍പത് പശുക്കളുണ്ടായിരുന്ന വീട്ടില്‍ കാലക്രമേണ ഒരു പശുവെന്ന അവസ്ഥയിലെത്തി. ഇപ്പോള്‍ അതും ഇല്ലെന്നോ മറ്റുമാണ് അറിഞ്ഞത്..
പശുവുണ്ടായിരുന്ന കാലത്ത് ആ പാല് ഉപയോഗിച്ചാണ് അഗതികള്‍ക്കായി ആഗതി പ്രതീക്ഷിക്കാതെ സുഗതന് സ്വാമി മോരുംവെള്ളം നിര്‍മ്മിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മില്‍മയുടെ കവര്‍ പാലേ രക്ഷതുവെന്ന സ്ഥിതിയിലാണ്.
മുന്‍പ് കിളയ്ക്കലും മറ്റുമായി കൂലിപ്പണിക്ക് പോയിരുന്നെങ്കിലും പ്രായാധിക്യം കാരണം ഇപ്പോള്‍ ജോലിക്ക് പോകാറില്ല.ഭാര്യയായ ശകുന്തളയും ഒരാണും ഒരുപെണ്ണും ചേര്‍ന്ന കുടുംബവുമാണ് സുഗതന് സ്വാമിയുടെ സേവനത്തിന്റെ പ്രോത്സാഹനം..
വെളിയില്‍ നിന്നും നോക്കുമ്പോള്‍ അത്ഭുതം പേറുന്ന ചിരിയോടെ വെറും 'നട്ടുച്ചകിറുക്കെന്നു' തോന്നുന്ന ചിലരുടെയും കൂടെ മണ്ണാണ് തിരുവനന്തപുരം.കിറുക്കോ സേവനമോ എന്തുതന്നെയായാലും, അണ്ടനോ അടകോടനോ ചെമ്മാനോ ചെരുപ്പുകുത്തിയോ വ്ലാനിരങ്ങിയോ കള്ളനോ ഏതു ഗണത്തില്പ്പെടുത്തിയാലും കഴിഞ്ഞ 45 വര്‍ഷങ്ങളായി ഈ മനുഷ്യന് എണ്ണിയാലൊടുങ്ങാത്ത ജനങ്ങളുടെ വിശപ്പും ദാഹവും നയാപൈസ ലാഭമില്ലാതെ ശമിപ്പിച്ചിട്ടുണ്ടെങ്കില് ഇക്കണ്ട കാലം മണിയടിച്ചു നേര്‍ച്ചയിട്ട് ആവശ്യങ്ങളുടെ പട്ടിക നീട്ടിനിരത്തിയ കല്ലിലും തടിയിലും ലോഹത്തിലും കൊത്തിയ ഉരിയാടാ ദൈവത്തിന്റെ ചൈതന്യം ഈ മനുഷ്യനിലുമുണ്ട്..സംശയത്തിന്റെ മുള്‍മുനകളും ചോദ്യശരങ്ങളും തൊടുക്കും മുന്‍പ് കേട്ടിട്ടില്ലേ..'നമുക്ക് നാമേ പണിവതു നാകം, നരകവുമതുപോലെ..'കേട്ടറിഞ്ഞ സ്വര്‍ഗ്ഗവും ഇനിയും കാണാത്ത നരകവുമെല്ലാം ഈ ഇട്ടാവട്ട ഭൂമിയില്‍ ചമയ്ക്കുന്നത് നമ്മള് തന്നെയാണ്..അതുപോലെ വിളിച്ചു കൂവുന്ന ദൈവവും പേടിച്ചകറ്റുന്ന ചെകുത്താനും മനുഷ്യന് തന്നെ
ആരോ പറഞ്ഞത് കേട്ടറിഞ്ഞ ഞാനും പോയൊരു മോരും വെള്ളം കാച്ചി.. പോക്കറ്റില്‍ തപ്പിയപ്പോള്‍ കിട്ടിയ തുക ആ ഭണ്ഡാരപ്പെട്ടിയിലേക്കിട്ടു. മേല്‍പ്പറഞ്ഞ കഥകളും വസ്തുതകളുമെല്ലാം ഇനിയും തിരുന്താത്ത ജല്പനങ്ങള് പോലെ ആ മനുഷ്യനില്‍ നിന്നും ചോദിച്ചറിഞ്ഞു.
ഒടുവില്‍ ഞാനൊരു കൊനഷ്ട് ചോദ്യമെറിഞ്ഞു...'പ്രായം ഇത്രയൊക്കെ ആയില്ലേ, ഇപ്പോള്‍ പണിയുമില്ല. ആരാരുമാറിയാതെ ഇനി എത്രകാലം ഇത് മുന്പോട്ട് കൊണ്ട് പോകാന്‍ പറ്റും ??'
ആകാശത്തിന്റെ നീലിമയിലേക്ക് കണ്ണുംനട്ടിരുന്ന സുഗതന് സ്വാമി എന്റെ മുഖത്തേക്കൊന്ന് നോക്കി ചിരിച്ചു, എന്നിട്ടായി മറുപടി'കൃഷ്ണനാണ് ഞാന്‍, ഭയങ്കര ശക്തിയാണെനിക്ക് ആര് വരും, ആര് വരില്ല എന്നൊന്നും എനിക്കറിഞ്ഞൂടാ.. പക്ഷേ ഇവിടെ വന്ന് വെള്ളം കുടിക്കണമെന്നു തലയിലെഴുത്തുള്ളവന് ഇവിടെത്തന്നെ വരും.. ഞാനും ഇവിടെ കാണും.എനിക്കുള്ളത് ദൈവം തരും'..
ദൈവത്തിനു ദൈവം എന്ത് കൊടുക്കാനാണാവോ ??മനുഷ്യരില്‍ തന്നെയാണ് ദൈവം കുടികൊള്ളുന്നത് കുറച്ചുംകൂടി വ്യക്തമാക്കിയാല്‍ മനുഷ്യന് തന്നെയാടോ ദൈവം.. അല്ലാണ്ടാര്
ചുമ്മാ നഗരപ്രദക്ഷണം വയ്ക്കാനിറങ്ങുമ്പോള് ഇത്തരം ചില സ്ഥലത്തോട്ടൊക്കെ പോകണം... ഞാന്‍ വലിയവനെന്ന പലരുടെയൊക്കെ ഗര്‍വ്വ് ചിലരുടെ മുന്നില്‍ നമ്മളൊക്കെ എത്ര ചെറുതാണെന്ന വിശ്വാസ പ്രതക്ഷണം കൊണ്ട് മനസ്സിലാക്കുന്നത് ആട്ടിന്പാലിനെക്കാള് ഗുണം ചെയ്യും..
ഇരുകാലി മൃഗങ്ങള്‍ നാല്‍ക്കാലികളെ വെല്ലുന്ന പരിണാമചക്രത്തില്‍ ഇതുപോലുള്ള മനുഷ്യരൊരു പ്രഹേളികയാണ് ..ഉത്തരം കിട്ടാത്ത കടംകഥകളാണ് അറിയണം.. അറിയാതെ പോകരുത്
Content Highlights: Sugathan Swami In Thiruvanthapuram