മാമ്പഴ പുളിശ്ശേരി കൂട്ടി വാഴയിലയിലൊരു സദ്യ ഏതു നാട്ടിലാണെങ്കിലും മലയാളിയുടെ ഗൃഹാതുരത്വമാണ്. പുളിശ്ശേരിയുടെ പേരില്‍ പ്രശസ്തമായൊരു ഭക്ഷണശാല തിരുവനന്തപുരം നഗരമധ്യത്തിലുണ്ട്. തകരപ്പറമ്പ് റോഡിലെ ഹോംലി ഫുഡ് അഥവാ പുളിശ്ശേരി കട. 

എല്ലാ ദിവസവും ഊണിനൊപ്പം പുളിശ്ശേരി ലഭിക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത. മാമ്പഴം, കൈതച്ചക്ക, പഴം ഇവയിലേതെങ്കിലും ചേര്‍ത്ത് തയ്യാറാക്കുന്ന പുളിശ്ശേരിയാണ് ഇവിടെ ലഭിക്കുന്നത്. ഓരോ സീസണിലും ലഭിക്കുന്ന ഫഴങ്ങളാണ് പുളിശ്ശേരിക്കായി ഉപയോഗിക്കുന്നത്. 

പുളിശ്ശേരിക്കു പുറമേ മീന്‍ കറിയും മീന്‍ വറുത്തതും ഇവിടത്തെ ഊണിലെ പതിവു വിഭവങ്ങളാണ്. വാഴയിലയിലാണ് ഊണു വിളമ്പുന്നത്. 12 മണി തൊട്ടാണ് ഊണു കൊടുക്കുന്നതെങ്കിലും രാവിലെ ഏഴുമണി മുതല്‍ പലഹാരങ്ങള്‍ കിട്ടും.  

40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കട തുടങ്ങിയ ഗോപാലകൃഷ്ണന്‍ ഇന്നു നാട്ടില്‍ അറിയപ്പെടുന്നതു തന്നെ പുളിശ്ശേരി അമ്മാവന്‍ എന്ന പേരിലാണ്. സഹായത്തിനായി മക്കളെല്ലാം കൂടെയുണ്ടെങ്കിലും ഇപ്പോഴും പ്രധാന നടത്തിപ്പുകാരന്‍ പുളിശ്ശേരി അമ്മാവന്‍ തന്നെ. 

പുളിശ്ശേരിയും മീന്‍കറിയും മീന്‍ വറുത്തതും ഉള്ള നോണ്‍വെജിറ്റേറിയന്‍ ഊണിന് 100 രൂപയാണ് വില. മീന്‍ ഇല്ലാത്ത ഊണിന് 50 രൂപയും. രാവിലെ ഏഴു മുതല്‍ 11 മണി വരെ പലഹാരങ്ങളും ലഭിക്കും ഇവിടെ. 

ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെയാണ് ഊണ്. ഊണ് വിളമ്പാനുള്ള തയ്യാറെടുപ്പിനായി 11 മണി മുതല്‍ 12 മണി വരെ കട അടച്ചിടും.