ണമായാലും വിവാഹമായാലും നാരായണ അയ്യരുടെ സദ്യയുടെ രുചി ഒന്നു വേറെ തന്നെയാണ്. കേരളത്തനിമയുള്ള വിഭവങ്ങളുണ്ടാക്കാൻ അപാര കൈപ്പുണ്യമാണ് അദ്ദേഹത്തിനുള്ളത്. സദ്യയുണ്ണുന്നവരോടുള്ള സ്നേഹവും ആത്മാർഥതയും കൂടിക്കലർന്നതാണ് അയ്യരുടെ വിഭവങ്ങൾ. അദ്ദേഹത്തിന്റെ സദ്യയുണ്ടവർ സമ്മതിക്കുന്ന കാര്യമാണിത്.

പാചക ജോലി അയ്യർക്ക് ആത്മാർപ്പണമാണ്. ജീവിതത്തിന്റെ ഭാഗമാണ്. മൂന്നരപ്പതിറ്റാണ്ടു കാലമായി ചെന്നൈയിലെ മലയാളികൾ അദ്ദേഹത്തെ ഓർത്തുവെയ്ക്കുന്നത് നാക്കിലൂറുന്ന രുചിയുടെ അടയാളമായിട്ടാണ്. ഓണക്കാലമായാൽ പല മലയാളി സംഘടനകളും അയ്യർക്ക് പിന്നാലെയാണ്.

ആദ്യകാലങ്ങളിൽ സംഘടനകൾക്കായി ഓണസദ്യ ഒരുക്കിയിരുന്നവെങ്കിലും ഇന്നിപ്പോൾ അതിനു സമയമില്ലാത്ത അവസ്ഥയായി. അയ്യരെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ ജീവിതസഖി ലക്ഷ്മിയെ ഒഴിച്ചു നിർത്താനാവില്ല. പാലക്കാടു സ്വദേശിയായ ലക്ഷ്മി, അയ്യർക്കൊപ്പം നിഴൽ പോലെ എപ്പോഴും കൂടെയുണ്ടാകും.

സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങുന്നതു മുതൽ വിഭവങ്ങൾ വാഴയിലയിൽ വിളമ്പുന്നതു വരെ അയ്യർക്കൊപ്പം ലക്ഷ്മിക്കും ആധിയൊഴിയാറില്ല. ചൂളൈമേട്ടിലുള്ള വീട്ടിൽ നിന്ന് രാവിലെ മഹാലിംഗപുരം ക്ഷേത്രത്തിലേക്കും രാത്രി തിരിച്ച് വീട്ടിലേക്കും ഇവരുടെ യാത്ര ഒരുമിച്ചാണ്.  

1980 ലാണ് നാരായണ അയ്യർ ലക്ഷ്മിയെ ജീവിത സഖിയാക്കുന്നത്. സാമ്പത്തിക ഞെരുക്കമായിരുന്നു അന്നൊക്കെ.  മൂത്ത മകൻ മണികണ്ഠൻ എം.ബി.എക്കാരനാണെങ്കിലും അച്ഛനൊപ്പമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഇളയ മകൻ കൃഷ്ണമൂർത്തി ദുബായിലാണ്. "ഇപ്പോൾ സദ്യക്കുള്ള സാധനങ്ങൾ വാങ്ങുന്നതു മുതൽ പാചകത്തിനും വരവു ചെലവു കണക്കുകൾ നോക്കാനും അവൾ എന്റെ കൂടെയുണ്ട്.

ഞങ്ങൾ ഒരുമിച്ച് കഷ്ടപ്പെട്ടാണ് ഇത്രയും ഉണ്ടാക്കിയെടുത്തത്. ദൈവാധീനം കൊണ്ട് ഇന്ന് അല്ലലില്ലാതെ ജീവിക്കാൻ സാധിക്കുന്നുണ്ട്," നാരായണ അയ്യർ പറയുന്നു. ഇന്നിപ്പോൾ അയ്യർക്ക് തിരക്കൊഴിഞ്ഞ നേരമില്ല. മഹാലിംഗപുരം അയ്യപ്പൻ- ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ കാന്റീൻ നടത്തിപ്പ് ഇപ്പോൾ ഇവരുടെ  കൈകളിലാണ്. 1993 ലാണ് കാന്റീൻ ചുമതല ഇവർ ഏറ്റെടുക്കുന്നത്.  

മാസത്തിൽ ചുരുങ്ങിയത് 20 ദിവസമെങ്കിലും ക്ഷേത്രത്തിൽ നടക്കുന്ന കല്ല്യാണങ്ങൾക്കും മറ്റു ചടങ്ങുകൾക്കുമായി സദ്യയൊരുക്കേണ്ടി വരുന്നുണ്ട്. തിരക്കു കൂടിയപ്പോൾ പല ഓഫറുകളും നിരസിക്കേണ്ട അവസ്ഥ വരെയെത്തിയെന്ന് അദ്ദേഹം പറയുന്നു. 

തൃശൂർ എരുമപ്പട്ടിക്കടുത്ത തയ്യൂർ സ്വദേശിയാണ് നാരായണ അയ്യർ. സാധാരണ കുടുംബത്തിലായിരുന്നു ജനനം. ആറു സഹോദരങ്ങൾ. അച്ഛൻ കൃഷ്ണയ്യർക്ക് ഇവരെ പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ല. എട്ടാം ക്ലാസിൽ തോറ്റപ്പോൾ ഉപജീവന മാർഗം തേടി നാടുവിട്ടു.

തമിഴ്‌നാട്ടിൽ പലയിടങ്ങളിലും ആന്ധ്രയിലും ഹോട്ടൽ തൊഴിലാളിയായി. പിന്നീട് ചെന്നൈയിലെത്തി പ്രമുഖ പാചകക്കാരനായിരുന്ന വിശ്വനാഥ അയ്യരുടെ കീഴിൽ ജോലി ചെയ്തതോടെയാണ് അയ്യരുടെ ജീവിതം മാറുന്നത്. "അക്കാലത്ത് വിശ്വനാഥ അയ്യരെ വെല്ലാന്‍  വേറെ പാചകക്കാർ ചെന്നൈയില്‍ ഉണ്ടായിരുന്നില്ല. കേരള സദ്യയൊരുക്കുന്നതിൽ ബഹുമിടുക്കനായിരുന്നു അദ്ദേഹം. 

പത്തു വർഷം അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തു. അങ്ങനെയാണ് ഞാൻ പാചകം പഠിക്കുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം പിന്നീട് സദ്യയൊരുക്കാൻ ആളുകൾ എന്നെയാണ് സമീപിച്ചു തുടങ്ങിയത്," അയ്യർ പഴയ കാലം ഓർത്തെടുത്തു.ഒരു കാലത്ത് മദിരാശി കേരള സമാജത്തിലും മലയാളി ക്ലബിലും മദിരാശി മലയാളി സമാജത്തിലും ഓണസദ്യ ഒരുക്കിയിരുന്നത് അയ്യരായിരുന്നു.

ഇന്നും പലരും അദ്ദേഹത്തെ സമീപിക്കുന്നുണ്ട്. പക്ഷെ തത്‌കാലം സമാജങ്ങളോട് 'ഗുഡ്‌ബൈ' പറയേണ്ട അവസ്ഥയിലാണ് അയ്യർ. മൂന്നു ലക്ഷം പേർ വന്നാലും സദ്യ കൊണ്ട് നേരിടാൻ ഇന്നും അയ്യർ ഒരുക്കമാണ്. കാരണം അത്രയ്ക്കിഷ്ടമാണ് അദ്ദേഹത്തിന് വെച്ചു വിളമ്പാൻ.

"ഈ ജോലിയിൽ ഞാൻ പൂർണ സംതൃപ്തനാണ്. അയ്യപ്പനും ഗുരുവായൂരപ്പനുമാണ് എന്നെ മഹാലിംഗപുരം ക്ഷേത്രത്തിൽ എത്തിച്ചത്. അതിനു ശേഷം വളർച്ച മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇനിയുള്ള ജീവിതവും ദൈവത്തിന്റെ കൈകളില്‍ അർപ്പിച്ചിരിക്കുകയാണ്," തികഞ്ഞ അയ്യപ്പ ഭക്തനായ നാരായണ അയ്യർ പറയുന്നു.