ഴിയോരത്തെ തട്ടുകടകളിലെ പതിവ് എണ്ണ പലഹാരങ്ങള്‍ കഴിച്ചു മടുത്തവര്‍ക്ക് തൈക്കാട്ടേക്കു വരാം. അരിമാവില്‍ തീര്‍ത്ത വിവിധയിനം മുറുക്കുകളുമായി നിങ്ങളെക്കാത്ത് ഒരു നാടന്‍ ചായക്കടയുണ്ട് ഇവിടെ. 

തിരുവനന്തപുരം നഗരത്തിലെ തൈക്കാട് ശാസ്താ ക്ഷേത്രത്തിനു സമീപമാണ് കെ.വി.എസ്. ടീസ്റ്റാള്‍ എന്ന ഈ ചെറിയ മുറുക്കുകട. പപ്പടവട, സാധാരണ മുറുക്ക്, മുളകു ചേര്‍ത്ത മുറുക്ക്, തട്ട എന്നിവയാണ് പ്രധാന വിഭവങ്ങള്‍.

കൂടാതെ  ചായയും കാപ്പിയും കട്ടനുമൊക്കെയുണ്ട്. നാടന്‍ വിഭവങ്ങളോടു തീരെ മമതയില്ലാത്താവര്‍ക്കായി കുറച്ചു ബേക്കറി സാധനങ്ങളും കടയുടമ വേലപ്പന്‍ നായര്‍ കരുതാറുണ്ട്.

കേക്ക്, പഫ്‌സ്, ഉള്ളിവട തുടങ്ങിയവയാണ് ഇക്കൂട്ടത്തിലുള്ളത്. എല്ലാവിധ മുറുക്കുകളും മേലാറന്നൂരിലെ ഒരു വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ്.

49 വര്‍ഷമായി വേലപ്പന്‍ നായര്‍ ഒറ്റയ്ക്കാണ് കട നടത്തുന്നത്. രാത്രി 7.30 ന് കടസമയം കഴിയുമെങ്കിലും കട വൃത്തിയാക്കലും മറ്റുമായി രാത്രി 10 വരെ വേലപ്പന്‍ നായര്‍ കടയില്‍ തന്നെയുണ്ടാകും.

അതുകൊണ്ടുതന്നെ പലപ്പോഴും വൈകിയെത്തുന്നവര്‍ക്കും കട്ടനും മുറുക്കും നല്‍കാന്‍ അദ്ദേഹത്തിനു കഴിയുന്നു. 

എല്ലാത്തരം മുറുക്കുകള്‍ക്കും 5 രൂപയാണ് വില. ബേക്കറി സാധനങ്ങള്‍ക്ക് മറ്റു കടകളില്‍ ഈടാക്കുന്ന വില തന്നെയാണ് ഇവിടെയും. രാവിലെ 7.30 മുതല്‍ കട തുറന്ന് പ്രവര്‍ത്തിക്കും.