രാത്രി എട്ടിനുശേഷം കോഴിക്കോട്‌ ഭട്ട് റോഡ് ബീച്ചിലെത്തിയാല്‍ സജ്‌നത്താത്തയുടെ കൈയില്‍ നിന്ന് അടിപൊളി ഐസൊരതിയും ഉപ്പിലിട്ടമാങ്ങയും മുളകും കഴിച്ച് നാരങ്ങ സോഡയും കുടിച്ച് കടല്‍കാറ്റും കൊണ്ട് വീട്ടിലേക്ക് മടങ്ങാം. സ്വന്തമായി ഉണ്ടായിരുന്ന വീട് കടം മൂലം വില്‍ക്കേണ്ടി വന്നപ്പോള്‍ ഈ കുടുംബത്തിന് മുന്നില്‍ തെളിഞ്ഞ വഴിയാണ് പെട്ടിക്കട.

സജ്‌നയും ഭര്‍ത്താവ് ഗഫൂറും മൂത്ത മകനായ ദുല്‍ ഫുഖാറുമാണ് ഇപ്പോള്‍ കച്ചവടം നടത്തുന്നത്. നഗരത്തില്‍ ആളുകൂടുന്ന എന്തു പരിപാടിയാണെങ്കിലും അവിടെ 'ഗഫൂര്‍ക്ക ദോസ്ത്' എന്ന പേരില്‍ കച്ചവടവുമായി ഈ കുടുംബമുണ്ടാകും. ഭക്ഷ്യമേളകളിലും നിറസാന്നിധ്യമാണ് ഇവര്‍.

കടക്കെണിയില്‍നിന്നു ജീവിതത്തിലേക്ക്

നല്ല രീതിയില്‍ മസാലക്കച്ചവടവുമായി ജീവിച്ചിരുന്ന കുടുംബത്തെ പെട്ടെന്നൊരു സാമ്പത്തിക പ്രതിസന്ധി വിഴുങ്ങിയത് 10 വര്‍ഷം മുമ്പാണ്. കടം വീട്ടാനായി ആകെയുണ്ടായിരുന്ന വീടും സ്ഥലവും ഗഫൂര്‍ വിറ്റു. മൂത്ത മകനായ ദുല്‍ഫുഖാറിന്റെ ആശയമാണ് പെട്ടിക്കട. വീടിന്റെ അടുത്തുള്ള ക്ഷേത്രോത്സവത്തിനാണ് താന്‍ ആദ്യമായി കച്ചവടം നടത്തിയതെന്ന് ദുല്‍ഫുഖര്‍ പറഞ്ഞു. അവിടെ നിന്നാണ് എന്തുകൊണ്ട് ഇതൊരു ജീവിതമാര്‍ഗമായി എടുത്തുകൂടാ എന്ന ചിന്ത മനസ്സില്‍ വരുന്നത്.

ജീവിതം ഇപ്പോള്‍ സുഖം

സ്വന്തമായൊരു വീടില്ലാത്തതിന്റെ സങ്കടം മാത്രമേയുള്ളൂ ഇപ്പോള്‍ ഈ കുടുംബത്തിന്. അതിനു വേണ്ടി രാപകലില്ലാതെ പരിശ്രമിക്കുകയാണിവര്‍. പെരുന്നാള്‍ സമയത്ത് രാത്രി നല്ല കച്ചവടമായിരുന്നു. രാവിലെ ബീച്ചില്‍ ആളുകളെത്തുന്നതിനുമുമ്പുതന്നെ ഇവിടെ ഗഫൂര്‍ക്കായും കുടുംബവുമെത്തും. മക്കളും ഗഫൂര്‍ക്കായ്ക്കുമാണ് രാവിലെ മുതല്‍ രാത്രി ഏഴു വരെയുള്ള ഡ്യൂട്ടി. അതിനുശേഷമാണ് സജ്‌നത്താത്തയ്ക്ക് ഡ്യൂട്ടി. സജ്‌ന താത്തയ്ക്ക് കൂട്ടായി ഇളയമകന്‍ ഉമറുല്‍ ഫാറുഖും ഉണ്ടാകും.

വീട്ടില്‍നിന്നാണ് അച്ചാറും ഉപ്പിലിട്ടതുെമല്ലാം തയ്യാറാക്കി കൊണ്ടുവരുന്നത്. തുടക്കസമയത്ത് ആളുകളില്‍നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് അതിനെയെല്ലാം അതിജീവിച്ച് കച്ചവടം ഉഷാറായി. ഇപ്പോള്‍ രാത്രി സമയത്ത് ഭട്ട് റോഡ് ബീച്ചിലെ സ്ഥിരംവരുന്നവര്‍ സജ്‌ന താത്തയുടെ ൈകയില്‍നിന്ന് എന്തെങ്കിലും വാങ്ങി കഴിച്ചിട്ടേ തിരിച്ചുപോകൂ.

Content Highlights: kozhikode street food, food on road, kozhikode beach food