സൗദി അറേബ്യയിലായിരുന്നു ഉപ്പയുടെ ജീവിതം. സൗദിയില്‍നിന്ന് വരുമ്പോള്‍ തുറക്കുന്ന പെട്ടിയില്‍ ഈത്തപ്പഴംമുതല്‍ ചോക്ലേറ്റുകള്‍വരെയുണ്ടാകും. പെട്ടിയില്‍നിന്ന് ചോക്ലേറ്റും ഈത്തപ്പഴങ്ങളും കട്ടുതിന്നുന്ന കൊതിയനായ മകനോട് ഉപ്പ ഇടയ്ക്കിടെ അറേബ്യന്‍ഭക്ഷണങ്ങളെ പറ്റി പറയും. ആ പറച്ചില്‍തന്നെ കൊതിപ്പിക്കും. അതൊന്നു കൊണ്ടുവന്നൂടെ എന്ന് നിഷ്‌കളങ്കമായി ചോദിക്കുമ്പോള്‍ ഉപ്പ പറയും. 'അത് കേട് വരില്ലേ' എന്ന്. അത് ശരിയാണല്ലോ!

അറബിഭക്ഷണങ്ങളോടുള്ള ഇഷ്ടം ഈ കഥ പറയുന്ന കാലം തൊട്ടേയുണ്ട്. നിതാഖാത്തില്‍ കുടുങ്ങി നാട്ടിലെത്തുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ഓരോ അങ്ങാടിയിലും അറബിഭക്ഷണങ്ങള്‍ കിട്ടുന്ന ഹോട്ടലുകളായി. പലതും രുചിച്ചു, ആസ്വദിച്ചു. എന്നിട്ടും പലതും ബാക്കിയുണ്ടായിരുന്നു. കോഴിക്കോട്ടെത്തിയപ്പോള്‍ അറേബ്യന്‍രുചികളെപ്പറ്റിയുള്ള ഓര്‍മ വീണ്ടുമെത്തി. പിന്നെ അധികം ആലോചിക്കാതെ ഒരു അറേബ്യന്‍ യാത്രയ്ക്കിറങ്ങി.

കോല്‍മക്കുത്തിയും സുലൈമാനിയും

ഗുജറാത്ത് സ്ട്രീറ്റിലെ ഇക്കായീസിലെത്തിയപ്പോള്‍ 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ ' എന്ന വാചകമാണ് വീണ്ടും ഓര്‍മവന്നത്. അവിടത്തെ വൈകുന്നേരത്തെ പ്രധാന ഭക്ഷണം ഇതുപോലത്തൊരു കോമ്പിനേഷനാണ്. ഒന്ന് കോഴിക്കോടിന്റെ സ്വന്തം സുലൈമാനിയും മറ്റൊന്ന് ഗ്രില്‍ഡ് ചിക്കനും. രണ്ടിനും ഇക്കായീസില്‍ കോഴിക്കോടന്‍ പേരുണ്ട്. കോല്‍മക്കുത്തിയും മുഹബത്തിന്റെ സുലൈമാനിയും.
നേരത്തെതന്നെ അത് കഴിക്കണമെന്ന് ഉറപ്പിച്ചതുകൊണ്ട് മറ്റൊരു ആലോചനയുമുണ്ടായിരുന്നില്ല. ഹോട്ടലിനുള്ളിലെത്തിയതും അവിടത്തെ ചുമരുകളിലേക്ക് കണ്ണുകള്‍ ഓടി. കോഴിക്കോടിന്റെ സംസ്‌കാരവും തനിമയും വിളിച്ചോതുന്ന ചുമരുകള്‍. മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയും ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറും അടക്കമുള്ള കോഴിക്കോടിന്റെ സ്വന്തക്കാരുണ്ട് ചുമരില്‍.

ഭക്ഷണത്തിനായുള്ള കാത്തിരിപ്പിനിടയില്‍ ഇക്കായീസിലെ മെനുകാര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു. താളിയോലയെ ഓര്‍മിപ്പിക്കുന്ന ഒന്നാന്തരം ഡിസൈന്‍. അവിടത്തെ ഭക്ഷണത്തിന് വെറൈറ്റി പേരുകളാണ്. കട്ടലോക്കല്‍ ബീഫ് ഫ്രൈ, കോല്‍മക്കുത്തി, മുഹബത്തിന്റെ സുലൈമാനി... അങ്ങനെ നീളും. കാത്തിരിക്കാന്‍ അധികം ക്ഷമയില്ലാത്തതുകൊണ്ട് നേരെ ഗ്രില്‍ഡ് ചിക്കന്‍ ഉണ്ടാക്കുന്നിടത്തേക്ക് കടന്നുചെന്നു. അവിടെ കനലിലാണ് ഗ്രില്‍ഡ് ചിക്കന്റെ നിര്‍മാണം. മസാലയൊക്കെ മുകളില്‍ തേച്ച് തയ്യാറാക്കിയിട്ടുണ്ട്. കുറച്ചുനേരം അത് വേവുന്നതും നോക്കിനിന്ന് വീണ്ടും ടേബിളിലെത്തി. അഞ്ച് മിനിറ്റിനുള്ളില്‍ സാധനം റെഡി. കോലില്‍നിന്ന് ഊരാതെ നല്ലൊരു സുന്ദരിയായി ആള്‍ മുന്നിലെത്തി. പിന്നാലെ സുലൈമാനിയും.

1

പതിയെ തട്ടാന്‍ തുടങ്ങി. രണ്ടുംകൂടെ നല്ലൊരു തീരുമാനമാകുമോ എന്നൊരു സംശയമുണ്ടായിരുന്നു. എന്നാല്‍ ഒരു പീസെടുത്ത് കഴിച്ച് അതിന് പിന്നാലെ ഒരിത്തിരി സുലൈമാനി അകത്താക്കുമ്പോ കിട്ടുന്ന ഫീല്‍... ഓ... പറഞ്ഞറിയിക്കാന്‍ പറ്റൂല. കുറച്ചധികം എരിവ്, പുറത്തേക്ക് തോന്നിപ്പിക്കില്ലെങ്കിലും ഉള്ളില്‍ പാകത്തിനുള്ള വേവ്. കോല്‍മക്കുത്തി ശരിക്കും ഒരു സുന്ദരിതന്നെ. കോഴിക്കോടിന്റെ എല്ലാ സ്‌നേഹവും അടങ്ങുന്നതായിരുന്നു സുലൈമാനി. പാകത്തിനുള്ള മധുരം, ആവശ്യത്തിനുള്ള ചൂട്.
സമയം ഏകദേശം സന്ധ്യയോടടുത്തിരുന്നു. ഇക്കായീസില്‍നിന്ന് ഇറങ്ങിയാല്‍ മുന്നില്‍തന്നെയുണ്ട് ബീച്ച്. അവിടെ സന്ധ്യ കൂടിയിട്ട് രാത്രിയിലെ രുചിക്ക് മറ്റൊരു ഇടംതേടിയിറങ്ങണം.

Food

ലൈറ്റ് ഹൗസിലെ സിറിയക്കാരന്‍

ബീച്ചിലെ വിശ്രമത്തിനുശേഷം രാത്രിയിലെ ഭക്ഷണം എവിടെ നിന്നാക്കണമെന്ന സംശയം ഒരുപാട് കേറിവന്നു. അറേബ്യന്‍രുചിയായതുകൊണ്ടുതന്നെ ഒരുപാട് ഇടങ്ങളുമുണ്ട് കോഴിക്കോട്ട്. എങ്കിലും എവിടേക്കാണ് പോകേണ്ടതെന്ന് ഉറപ്പിക്കാന്‍വേണ്ടി ഒരു സുഹൃത്തിനെ വിളിച്ചു. അവന്റെ ഉറപ്പിന്‍മേല്‍ തൊണ്ടയാട് ബൈപ്പാസിനടുത്തുള്ള പാലാഴിയിലെ ലൈറ്റ് ഹൗസിലേക്ക്. ബീച്ചില്‍നിന്ന് ഓട്ടോയിലായിരുന്നു യാത്ര. അവിടെ എത്തുംവരെ ഇതിന് എന്തുകൊണ്ടാവും ലൈറ്റ് ഹൗസ് എന്നിട്ടത് എന്നതിനെ പറ്റിയായിരുന്നു ചിന്ത. അവിടെ എത്തിയപ്പോള്‍ ആ സംശയമൊക്കെ മാറിക്കിട്ടി.

വെളിച്ചംകൊണ്ട് വിരുന്നൊരുക്കിയിട്ടുണ്ട് ഇവിടം. അറേബ്യന്‍നാട്ടില്‍ ചെന്ന ഫീല്‍. ശ്രീനിവാസന്റെ അറബിക്കഥ സിനിമയിലെ ക്ലൈമാക്‌സ് രംഗമാണ് മനസ്സിലേക്ക് ഓടിവന്നത്. ഓരോ അതിഥികള്‍ക്കും ഇരിക്കാന്‍ മജ്‌ലീസ് രീതിയിലാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. ചെറിയ ചെറിയ അറകള്‍. നിലത്ത് ചമ്രംപടിഞ്ഞിരുന്ന് കഴിക്കാം. മേശയും കസേരയും വേണമെങ്കില്‍ അതുമാകാം. സിറിയ, ലെബനന്‍, തുര്‍ക്കി, സൗദി അറേബ്യ, ജോര്‍ദാന്‍, പലസ്തീന്‍ അടക്കമുള്ള രാജ്യങ്ങളിലെ രുചികള്‍ ലൈറ്റ് ഹൗസിന്റെ മെനുവിലുണ്ട്.

2

ഭംഗിയൊക്കെ ആസ്വദിച്ച് മജ്‌ലിസില്‍ ഇടംപിടിച്ചു. ഒരുപാട് വിഭവങ്ങള്‍ ഉണ്ട്. ഏത് കഴിക്കണമെന്ന സംശയം വല്ലാതെ വേട്ടയാടി. ഒടുവില്‍ എല്ലാ രുചിയും കഴിക്കണമെന്ന വാശിയുള്ളതുകൊണ്ട് അറബിക് ഫുള്‍കോഴ്‌സ് മീല്‍സിന് ഓര്‍ഡര്‍ ചെയ്തു. അതിനിടയിലാണ് ഇവിടെത്തെ മെയ്ന്‍ ഷെഫ് സിറിയക്കാരനാണെന്ന് അറിഞ്ഞത്. നേരെ അടുക്കളയിലേക്ക് കേറിച്ചെന്നു. നാണം കുടുങ്ങിയ ചിരിയോടെ മാഹിര്‍ ഷ്രാബെ വരവേറ്റു. പിന്നെ മാഹിറിന്റെ വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി. സിറിയയിലെ എക്‌സിക്യുട്ടീവ് ഷെഫാണ് മാഹിര്‍. അവിടെനിന്ന് തന്നെ പാചകം പഠിച്ചെടുത്ത മാഹിര്‍ പിന്നെ ലെബനനിലും അബുദാബിയിലുമായി അഞ്ചുവര്‍ഷം ജോലി ചെയ്തു. കഴിഞ്ഞ നാലുവര്‍ഷമായി കോഴിക്കോട്ട് രുചിയുമായി ഈ മുപ്പത്തിയെട്ടുകാരനുണ്ട്.

ഓരോ രുചികളെയും പറ്റി പറയുന്ന നേരത്ത് മാഹിര്‍ ഭക്ഷണവും തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഭക്ഷണം ഏകദേശം തയ്യാറാവാനായപ്പോള്‍ മജ്‌ലിസിലേക്ക് ചെന്നിരിക്കാന്‍ മാഹിര്‍ പറഞ്ഞു. മൂന്നോ നാലോ മിനിറ്റിനുള്ളില്‍ മാഹിര്‍ ഭക്ഷണവുമായെത്തി. ഭക്ഷണം വിളമ്പുമ്പോഴും മുഖത്തുനിന്ന് ആ നാണം മാറിയിട്ടില്ല. എന്നിട്ട് ഓരോന്നും പരിചയപ്പെടുത്തി. ആദ്യം ഏത് കഴിക്കണമെന്ന പരിചയപ്പെടുത്തലും. ചെറുതും വലുതുമായി ഒമ്പത് വിഭവങ്ങളുണ്ട് അതില്‍.

5

ഫത്തൂഷ് അഥവാ സലാഡ് ആണ് ആദ്യം കഴിക്കേണ്ടത്. കക്കിരിയും കാബേജും ക്യാരറ്റുമൊക്കെയടങ്ങിയ സലാഡ്. കൂടെ ഹമ്മൂസും മുത്തബലും രണ്ടാം സ്റ്റാര്‍ട്ടറാണ്. എരിവും പുളിയുമൊന്നുമില്ലാതെ പ്രത്യേകതരം രുചി. എന്നാല്‍ സ്റ്റാര്‍ട്ടറിലൊന്നും അധികം ശ്രദ്ധിക്കാന്‍ പറ്റുമായിരുന്നില്ല. ഒരുപാട് വിഭവങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ലെബനീസ് കുബ്ബൂസ്, ഫ്രൈഡ് ഷ്രിംപ്‌സ്, ദജാജ് സാജ്, കബാബ്, ഇതിന് പുറമേ ഡെസ്സേര്‍ട്ടുകളും.

ദജാജ് സാജ് എന്നാല്‍ നാട്ടിലെ ഷവര്‍മയുടെ മറ്റൊരു രൂപമാണ്. കുബ്ബൂസ് ഐറ്റം ഉള്ളില്‍ ചിക്കന്‍കൊണ്ട് നിറച്ചത്. ഒരാള്‍ക്ക് ഒരു സാജ് തന്നെ ധാരാളം. അത് മുഴുവന്‍ തീര്‍ക്കാതെ കബാബിലും ഷ്രിംപ്‌സിലും ശ്രദ്ധിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ സാജിന്റെ വെറൈറ്റി ടേസ്റ്റ് അതിനെ ഒറ്റയിരിപ്പില്‍ തീര്‍പ്പിച്ചു. പിന്നാലെ ബീഫ് കബാബും ചിക്കന്‍ കബാബുമുണ്ട്. ഇടയ്ക്ക് മുറപോലെ ചെമ്മീനും കഴിച്ചുതുടങ്ങി. കബാബ് ഒരു പീസ് കഴിച്ചാല്‍ നേരെ ചെമ്മീന്‍ പീസെടുത്ത് കഴിക്കും. അധികം എരിവില്ലാത്തതുകൊണ്ട് കുറെ ചെമ്മീന്‍വധം നടന്നു. വൈകീട്ട് തുടങ്ങിയ കഴിപ്പാണ്. ഇനിയും കഴിച്ചാല്‍ ചിലപ്പോ വയര്‍ പൊട്ടിയേക്കാം എന്ന പേടിയോടെ നിര്‍ത്താന്‍ നിന്നപ്പോള്‍ പുഞ്ചിരിയോടെ സിറിയക്കാരന്‍ മാഹിര്‍ വീണ്ടുമെത്തി.

ഡെസേര്‍ട്ട്‌സ് കഴിച്ചിട്ട് മതി എണീക്കല്‍ എന്ന ഭാവം. ബക്ലാഡയും അതിന്റെ കൂടെ സിനമനും. കേക്കുപോലെ തോന്നിപ്പിക്കുന്ന മധുരമുള്ള ചെറിയ ഐറ്റമാണ് ബക്ലാഡ്. സിനമന്‍ നല്ല ഒന്നാന്തരം അറബിക് ചായയും. മാഹിര്‍ കൂടുതല്‍ വിഭവങ്ങളിലേക്ക് ചൂണ്ടിക്കാണിക്കും മുന്‍പ് ലൈറ്റ് ഹൗസിന്റെ മനോഹാരിത ഒരിക്കല്‍ കൂടി ആസ്വദിച്ച് സലാം പറഞ്ഞിറങ്ങി.

നഹ്ദിയിലെ കുഴിമന്തി

തലേന്ന് രാത്രി കഴിച്ച ഭക്ഷണത്തിന്റെ രുചിയും ആവേശവും കെട്ടടങ്ങാത്തതുകൊണ്ടുതന്നെ രാവിലത്തെ ചായ ഉപേക്ഷിച്ച് ഉച്ചയ്ക്കാണ് എണീറ്റത്. ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഒരുമിച്ച് ചേര്‍ന്ന ബ്രഞ്ച് കഴിക്കാനായിരുന്നു ഉള്ളിലെ പ്ലാന്‍. ഉച്ചയ്ക്ക് കഴിക്കാന്‍ പറ്റുന്ന അറേബ്യന്‍ രുചി ഗൂഗിളിനോട് ചോദിച്ചപ്പോള്‍ മന്തിയാണ് ഉത്തമമെന്ന് മറുപടി കിട്ടി. സാമൂതിരിയുടെ നാട്ടില്‍ മന്തി കിട്ടുന്ന സ്ഥലത്തിനുള്ള തപ്പലായിരുന്നു പിന്നീട്. അവസാനം മൂന്നാലുങ്കലിലുള്ള നഹ്ദി കുഴിമന്തിയിലെത്തി. നല്ല തിരക്കുണ്ട്. സീറ്റിനുവേണ്ടി കാത്തിരിക്കണം. കുട്ടികളും കുടുംബവുമായി ഒരു പട തന്നെയുണ്ട്. കാത്തിരിപ്പ് നീളുമെന്ന് മനസ്സിലായി. ഒറ്റയ്ക്കായതുകൊണ്ടുതന്നെ സീറ്റ് കിട്ടാന്‍ എളുപ്പമാവുമെന്ന് തോന്നി. എന്നാല്‍ സീറ്റ് കാലിയാകുന്നതിനനുസരിച്ച് അത് നിറയുന്നുമുണ്ട്.

3

സീറ്റ് കിട്ടി ഒരാള്‍ക്ക് കഴിക്കാന്‍ വേണ്ട മന്തി എന്ന് പറഞ്ഞപ്പോള്‍, ഓര്‍ഡെറെടുക്കാന്‍ വന്ന പയ്യന്‍ ക്വാര്‍ട്ടറെടുക്കാം എന്ന് പറഞ്ഞു. പിന്നാലെ ചിക്കന്‍ വേണോ, മട്ടന്‍ വേണോ എന്ന ചോദ്യവും. 'ചിക്കന്‍' ഒറ്റ ശ്വാസത്തില്‍ മറുപടി പറഞ്ഞു. അഞ്ചുമിനിറ്റിനുള്ളില്‍ സാധനം മുന്നിലെത്തി. മഞ്ഞ നീണ്ട അരി, തൊലിയോട് കൂടിയുള്ള ചിക്കന്റെ ക്വാര്‍ട്ടര്‍ പീസ്. ഭാഗ്യത്തിന് ലെഗ് പീസ് തന്നെ കിട്ടി. ഇതിന്റെ നിറവും മൊഞ്ചുമൊക്കെ കുറച്ച് നേരം നോക്കി നിന്നു. മഞ്ഞ, ഓറഞ്ച്, വെള്ള എന്നീ നിറങ്ങളിലുണ്ട് റൈസ്.
ടൊമാറ്റോ സോസ്, സാലഡ്, ഗാര്‍ലിക് മയോണിസ് എന്നിവയാണ് മന്തിയുടെ സൈഡില്‍ കഴിക്കാന്‍. സാലഡില്‍ അരിഞ്ഞ കക്കരി, കാബേജ്, കാരറ്റ് പിന്നെ സുര്‍ക്കയും. ഓരോന്നിനെയും ക്ഷമയോടെ നോക്കി നിന്നശേഷം തട്ടാന്‍ തുടങ്ങി.

വ്യത്യസ്ത രുചി. എല്ലാം പാകത്തിന്. യാതൊരു തരത്തിലുള്ള മസാലയും ഇല്ല. എന്നിട്ടും കറി പോലുമില്ലാതെ ഇത് കഴിക്കാന്‍ പറ്റുന്നുണ്ട്. റൈസിലേക്ക് മയോണിസും ടൊമാറ്റോയും ചേര്‍ത്തതോടെ അതിന്റെ രുചി വീണ്ടും വര്‍ധിച്ചു. ചിക്കന്‍ പുഴുങ്ങിയെടുത്തതാണ്. അതിന്റെ വ്യത്യാസം കാണുന്നുണ്ട്. ലെഗ് പീസാണെങ്കില്‍ അത്യാവശ്യം വലുപ്പവുമുണ്ട്. ഓരോ തവണ മന്തിയെ പരിചയപ്പെട്ടുവരുമ്പോഴും അതിന്റെ രുചി കൂടുകയാണ്. എന്തോ ഒരു പ്രത്യേക രുചി ഈ മന്തിക്കുണ്ട്. എന്നാല്‍ എന്താണെന്ന് മാത്രം മനസ്സിലാകുന്നില്ല. അപ്പോഴെക്കും റൈസ് തീര്‍ന്നിരുന്നു. ഓര്‍ഡറെടുക്കാന്‍ വന്ന പയ്യന്‍ വീണ്ടും ദൈവദൂതനെപ്പോലെ മുന്നില്‍ നിന്നു, 'റൈസ് വേണോ ചേട്ടാ.' അപ്പോഴാണ് ഒരു കാര്യം പിടികിട്ടിയത് റൈസ് നമുക്ക് കഴിക്കാന്‍ ആവശ്യമുള്ളത്ര കിട്ടും. നമ്മള്‍ കഴിച്ചാല്‍ മാത്രം മതി.

കല്യാണരാമനിലെ ഇന്നസെന്റിനെ മനസ്സില്‍ ധ്യാനിച്ച് പറഞ്ഞു 'മതി, മതി, കുറച്ച് കൂടെ മതി' ...ഉടനെത്തന്നെ പ്ലേറ്റിലേക്ക് ആവശ്യത്തിനുള്ള റൈസ് തട്ടി. ആസ്വദിച്ച് നില്‍ക്കാന്‍ പറ്റില്ല, സീറ്റും കാത്ത് കുറേ പേര്‍ കാത്തിരിപ്പുണ്ട്. എണീറ്റാല്‍ ഒരാള്‍ക്ക് ഇരിക്കാം. ആലോചിച്ചില്ല വേഗം ഒരു സുലൈമാനിയും അകത്താക്കി തടിതപ്പി. നഹ്ദിയില്‍നിന്ന് ഇറങ്ങുമ്പോഴും ഉള്ളില്‍ ഒരു കാര്യം സ്വയം ചോദിക്കുന്നുണ്ടായിരുന്നു... എന്തായിരിക്കും മന്തി ഒളിപ്പിച്ച് വെച്ചിരിക്കുന്നത്...?

കോഴിക്കോട്ട് കറാച്ചി

ലാഹോറും റാവല്‍പിണ്ടിയും ഇസ്ലാമാബാദും കറാച്ചിയുമെല്ലാം പരിചയപ്പെടുന്നത് ഇന്ത്യ പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങളിലൂടെയായിരുന്നു. പൊറ്റമ്മല്‍ ജങ്ഷനില്‍ കറാച്ചി ദര്‍ബാറിലെത്തിയപ്പോള്‍ ആ മത്സരങ്ങളൊക്കെ ഓര്‍മ വന്നു. രാത്രി ഏറെ വൈകിയാണ് കറാച്ചിയിലെത്തുന്നത്. ഉച്ചയ്ക്ക് മന്തിക്ക് നിന്നപോലെ ഇവിടെയും കാത്തിരിക്കണം. സെക്കന്‍ഡുകള്‍ മിനിറ്റുകളായും മിനിറ്റുകള്‍ മണിക്കൂറുകളായും തോന്നുന്ന അപൂര്‍വ സമയങ്ങളിലൊന്നാണ് ഭക്ഷണത്തിനായുള്ള കാത്തിരിപ്പ്.

ഏതായാലും ഏകദേശം പത്ത് മിനിറ്റിനുശേഷം ഉള്ളിലേക്ക് കയറാന്‍ പറ്റി. അപ്പുറത്തും ഇപ്പുറത്തും ആളുകളുടെ പ്ലേറ്റിലേക്ക് ഏന്തി നോക്കലായിരുന്നു പ്രധാന പണി. എന്ത് കഴിക്കണമെന്ന ഒരു ധാരണയുണ്ടാക്കാനുള്ള തന്ത്രപ്പാടിലായി പിന്നെ. വലത്തേഭാഗത്തെ ടേബിളിലെ ചേട്ടന്റെ ഭക്ഷണം കാണാന്‍ നല്ല ഭംഗിയുള്ളതുകൊണ്ട് അത് കഴിക്കണം എന്ന് തീരുമാനിച്ചു. ഓര്‍ഡറെടുക്കാന്‍ മുന്നില്‍ വന്ന ആളോട് ചെവിയില്‍ പറഞ്ഞു 'വലത് സൈഡില്‍ ഇരിക്കുന്ന ചേട്ടന്‍ കഴിക്കുന്നത് എന്താ?' അതിലേറെ സൗമ്യതയോടെ മറുപടി കിട്ടി 'കറാച്ചി ബിരിയാണിയും ബാബിക്യൂചിക്കനും.' എന്നാ രണ്ടും പോന്നോട്ടെ ഓരോ പ്ലേറ്റ്.

തൊട്ടടുത്ത ടേബിളില്‍ ഭക്ഷണം കഴിച്ചോണ്ടിരിക്കുന്ന ചെറിയകുട്ടിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് സമയം വേഗം തീര്‍ത്തു. അപ്പോഴേക്കും ആശ്വാസമായി, ഗ്ലാസും പ്ലേറ്റുമെത്തി. പിന്നാലെ ചിക്കനും ബിരിയാണിയും.

4


ഉച്ചയ്ക്ക് കഴിച്ച മന്തിയുടെ കിതപ്പ് മാറാത്തത് കൊണ്ടുതന്നെ അധികം കഴിക്കാനാകില്ലെന്ന കാര്യം ഉറപ്പായിരുന്നു. ചിക്കനില്‍നിന്ന് ചെറിയ പീസെടുത്ത് ടേസ്റ്റ് നോക്കി. ഉഗ്രന്‍ എരിവ്. കനലില്‍ വേവിച്ചെടുത്തതിന്റെ പ്രത്യേകതരം രുചിയും. ചിക്കന്റെ ഓരോ ഭാഗത്തിനും നന്നായി വേവുണ്ട്.

4

പിന്നാലെ ബിരിയാണിയിലേക്ക് കടന്നു. നീണ്ട അരിയാണ് കറാച്ചി ബിരിയാണിയുടെ പ്രത്യേകത. ഓരോ അരിയും പരസ്പരം ബന്ധമില്ലാതെ വേറിട്ടുതന്നെ നില്‍ക്കുന്നുണ്ട്. ഇതുതന്നെയാണ് ഇതിന്റെ പ്രത്യേകതയും. ബിരിയാണിയിലും അത്യാവശ്യം നല്ല എരിവുണ്ട്. ബാബിക്യൂവും ബിരിയാണിയും ചേരുമ്പോള്‍ സംഗതി വേറേ ലെവലാകുന്നു. അധികം ആലോചിക്കാതെ വേഗം ബിരിയാണി കാലിയാക്കി. അപ്പോഴും പ്ലേറ്റില്‍ ബാബിക്യൂ ബാക്കിയുണ്ട്. സമയമെടുത്ത് അതിനെയും കൊന്നുകൊലവിളിച്ച് പതിയെ കറാച്ചി വിട്ടു.

Content Highlights: Arabian Food Culture In Kozhikode