മേരിക്കയില്‍ പോയാലും രാത്രിഭക്ഷണമായി മലയാളി കഞ്ഞി കിട്ടുന്നയിടം തേടുമെന്നാണ് കഥ. തിരുവനന്തപുരം നഗരത്തില്‍ എത്തുമ്പോള്‍ ഇങ്ങനെ ഒരാഗ്രഹം തോന്നിയാല്‍ ഒട്ടും അലയേണ്ട, നേരെ കൈതമുക്കില്‍ എത്തിയാല്‍ മതി. 

ഇവിടെ രാജശേഖരന്‍ നായരുടെ 'ധന്യ റസ്റ്റോറന്റി'ല്‍  നിങ്ങള്‍ക്ക് മതിയാവോളം കഞ്ഞി കിട്ടും. അതും വീട്ടിലെ കഞ്ഞിയുടെ പതിവു കൂട്ടുകളായ പയറും തോരനും പപ്പടവും അച്ചാറുമൊക്കെ ചേര്‍ത്ത്. 

വൈകീട്ട് അഞ്ചര മുതലാണ് കഞ്ഞി വിളമ്പുന്നത്. പാഴ്സലായും ലഭിക്കും. ഇതിന് പതിവുകാര്‍ ഏറെയുണ്ടെന്ന് രാജശേഖരന്‍ നായര്‍ പറയുന്നു. 1958 ല്‍ ഇദ്ദേഹത്തിന്റെ അച്ഛന്‍ അപ്പുക്കുട്ടന്‍ നായര്‍ തുടങ്ങിയതാണ് കട. 

1972 ല്‍ അപ്പുക്കുട്ടന്‍ നായര്‍ സന്ന്യാസം സ്വീകരിച്ചതോടെ രാജശേഖരന്‍ നായര്‍ കട ഏറ്റെടുക്കുകയായിരുന്നു. സഹോദരന്‍മാരായ സുകുമാരന്‍ നായരും മധുസൂദനന്‍ നായരും ഇപ്പോള്‍ കടനടത്തിപ്പില്‍ സഹായിക്കുന്നു. 

വൈകീട്ടത്തെ കഞ്ഞിക്ക് പുറമേ ഉച്ചയ്ക്ക് കിട്ടുന്ന കപ്പയും മീന്‍കറിയുമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ചൂരമീന്‍ കറിയാണ് സാധാരണയായി കപ്പയ്‌ക്കൊപ്പം കൊടുക്കുന്നത്. 

രാവിലെ 5.30 ന് തുറക്കുന്ന കടയില്‍ പ്രഭാത ഭക്ഷണമായി അപ്പവും പുട്ടും ഇഡ്ലിയും പൂരിയുമൊക്കെ കിട്ടും. ഉച്ചയ്ക്ക് ചിക്കന്‍ ബിരിയാണിയും, ബീഫ് ബിരിയാണിയും, മുട്ട ബിരിയാണിയുമുണ്ട്. 

ഉച്ചയ്ക്ക് പന്ത്രണ്ടര മുതലാണ് കപ്പയും മീന്‍കറിയും കിട്ടുക. 40 രൂപയാണ് വില. കഞ്ഞിയും ഉപവിഭവങ്ങളും കൂടി 40 രൂപയാണ്.