ബന്തടുക്ക:മലയോര ഹൈവേ കടന്നുപോകുന്ന കുറ്റിക്കോല്‍ പഞ്ചായത്തിലെ ശങ്കരമ്പാടി കുളിയങ്കല്ലില്‍ റോഡരികിലെ വോളിബോള്‍ കോര്‍ട്ടിനടുത്തുള്ള 'കപ്പണക്കാല്‍' പീടിക യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ട ഇടമാണ്. ഒന്നാംതരം ചായ ഇവിടെ അഞ്ചുരൂപയ്ക്ക് ലഭിക്കുമെന്നതിനാലാണിത്. പി.എം. മുഹമ്മദ്കുഞ്ഞിയാണ് കട നടത്തുന്നത്.

സ്വന്തമായുള്ള സ്ഥലത്താണ് പീടിക. പലചരക്ക് സാധനങ്ങളാണ് പ്രധാന കച്ചവടം. ഇതിനോടുചേര്‍ന്നുള്ള മുറിയിലാണ് ചായ ഉണ്ടാക്കുന്നത്. വയര്‍ നിറയെ ഭക്ഷണം കഴിക്കാമെന്നുകരുതിയാല്‍ നടക്കില്ല. കാരണം പലഹാരങ്ങളൊന്നുമില്ല. ചായ മാത്രമാണ് ലഭിക്കുക. മുഹമ്മദ്കുഞ്ഞിയുടെ പിതാവ് നായന്‍മാര്‍മൂല സ്വദേശി മൊയ്തീന്‍കുഞ്ഞി 45 വര്‍ഷം മുന്‍പാണ് ഇവിടെ കച്ചവടം തുടങ്ങിയത്. അന്നുതൊട്ടേ കുറഞ്ഞ പൈസയ്ക്ക് ചായയും വില്‍ക്കുന്നുണ്ട്. 

25 വര്‍ഷം മുന്‍പാണ് മുഹമ്മദ്കുഞ്ഞി പിതാവിനൊപ്പം കച്ചവടത്തില്‍ ചേര്‍ന്നത്. തുടക്കം ഓടുമേഞ്ഞ കെട്ടിടത്തിലായിരുന്നു. ഇപ്പോള്‍ പുനര്‍നിര്‍മിച്ച് കോണ്‍ക്രീറ്റ് കെട്ടിടമാക്കി. 25 പൈസയ്ക്ക് ചായ നല്‍കിയിരുന്ന കാലം മുഹമ്മദ്കുഞ്ഞിയുടെ ഓര്‍മയിലുണ്ട്. പിന്നീടിത് 50 പൈസ, 75 പൈസ, ഒരുരൂപ, രണ്ട് രൂപ എന്നീ നിരക്കുകളില്‍ വിറ്റു. അഞ്ചുരൂപയാക്കിയിട്ട് 10 വര്‍ഷത്തോളമായി. 

സമീപത്തെ ക്ഷീരകര്‍ഷകരില്‍നിന്നാണ് പാല്‍ സംഭരിക്കുന്നത്. 10 രൂപയ്ക്ക് ചായ വിറ്റിരുന്ന സമീപത്തെ ചായക്കടകള്‍ ഒന്നൊന്നായി പൂട്ടിയപ്പോഴും മുഹമ്മദ്കുഞ്ഞിയുടെ ചായക്ക് കടയില്‍ തിരക്ക് കുറവില്ല. ലാഭം നോക്കിയല്ല കച്ചവടമെന്നും ആളുകളുടെ ഒത്തുചേരലിനും ചര്‍ച്ചകള്‍ക്കുമെല്ലാം വേദിയൊരുക്കുന്ന ചായക്കടകളെ നിലനിര്‍ത്തണമെന്നുള്ള ആഗ്രഹമുള്ളതിനാലാണിതെന്നും 44-കാരനായ മുഹമ്മദ്കുഞ്ഞി പറയുന്നു.

Content Highlights: Five rupees tea shop in kasaragod