ടുക്കി എന്നൊരു സ്ഥലമില്ല...ഉണ്ട്...ഇല്ല...തര്‍ക്കം മൂക്കുകയാണ്. ഇടുക്കി എന്നൊരു പട്ടണമില്ലെന്നും അത് ജില്ലയുടെ പേര് മാത്രമാണെന്നും സുഹൃത്ത് നോബി, അല്ലെന്ന് ഞാനും. ഒടുവില്‍ അത് തെളിയിക്കാന്‍ കിട്ടിയ അവസരമായാണ് ഇടുക്കിയുടെ രുചി തേടി ആനവണ്ടിയില്‍ കോഴിക്കോട്ടു നിന്ന് വണ്ടി കയറിയത്. ഇടുക്കി ഗോള്‍ഡും മഹേഷിന്റെ പ്രതികാരവും കട്ടപ്പനയിലെ ഋത്വിക്ക് റോഷനുമെല്ലാം മനസ്സിലെത്തുമ്പോഴും അവിടുത്തെ കുടിയേറ്റ രുചികള്‍ അറിയാനാണ് മനം തുടിച്ചത്. ഇടുക്കി മിടുക്കി മാത്രമല്ല നല്ലൊരു പാചകക്കാരി കൂടിയാണെന്നു തെളിയിക്കണം.

ഇടുക്കിയുടെ ഹൈറേഞ്ച് ഹൈക്ലാസ് രുചി മുഴുവനായി ഒറ്റയാത്ര കൊണ്ട് രുചിച്ചുതീര്‍ക്കാന്‍ സാധിക്കില്ല എന്ന ബോധ്യമുള്ളതു കൊണ്ടാണ് ഇടുക്കി പട്ടണം മുതല്‍ എറണാകുളത്തെ ഇടുക്കിയുമായി പിരിക്കുന്ന മൂവാറ്റുപുഴ വരെ നീളുന്ന യാത്രയായിരുന്നു മനസ്സില്‍. വഴിയില്‍ കണ്ടു മുട്ടുന്ന കുളമാവും മുട്ടയും കാഞ്ഞാറും തൊടപുഴയുമെല്ലാം ഇടുക്കിയുടെ പാചകകലയെ ആവോളം പരിചയപ്പെടുത്തുമെന്ന വിശ്വാസത്തില്‍ നേരെ ഇടുക്കിയുടെ ഇടിവെട്ട് രുചി തേടി ചുരം കയറി തുടങ്ങി. കൂട്ടിന് ബിജിബാലിന്റെ വക ഹെഡ് സെറ്റിലൊരു പാട്ടും, മല മേലെ തിരിവെച്ച് പെരിയാറിന്‍ തളയിട്ട്..

എവറസ്റ്റ് കീഴടക്കിയ ഇടിയിറച്ചി

ഇടുക്കിയുടെയും ഇടിയിറച്ചിയുടെയും ഇടയിലെ ഇടപാടെന്താണെന്നറിയാന്‍ കുളമാവും ചെറുതോണിയും കടന്ന് ഇടുക്കി പട്ടണത്തിലെത്തി. വയനാടിനെപ്പോലെ ഇടുക്കി എന്നൊരു സ്ഥലമില്ലെന്നു പറഞ്ഞ കൂട്ടുകാരോടുള്ള മധുരപ്രതികാരം അവിടെയത്തിയതോടെ നിറവേറ്റി. ഒരു ജില്ലയുടെ വീമ്പു പറയാന്‍ മാത്രം ഒന്നുമില്ലെങ്കിലും ഇടുക്കി മിടുക്കിയായ കുഞ്ഞുപട്ടണമാണ്. രുചിയുടെ ശൃംഗങ്ങളിലിരിക്കുന്ന  എവറസ്റ്റ് കീഴടക്കാനാണ് വളഞ്ഞും പുളഞ്ഞുമുള്ള വഴികളിലൂടെ യാത്ര ചെയ്ത് ഇടുക്കിയിലെത്തിയത്.

ഇടുക്കിയിലുമുണ്ട് ഒരു എവറസ്റ്റ്. വേറിട്ട വിഭവങ്ങള്‍ കൊണ്ട് മൗണ്ട് എവറസ്റ്റിനേക്കാളും തലയിടുപ്പില്‍ നില്‍ക്കുന്ന എവറസ്റ്റ് ഹോട്ടല്‍. ഹോട്ടലും സമീപത്തുള്ള കെട്ടിടങ്ങളും കണ്ടപ്പോള്‍ മനസ്സില്‍ മഹേഷും ഭാവന സ്റ്റുഡിയോയുമെല്ലാം മിന്നിമറഞ്ഞു. ഇടുക്കിയുടെ ചങ്കായ ഇടുക്കി ഡാമിന്റെ നെഞ്ചിലെ ചൂടേറ്റാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. കൂറ്റന്‍ ഡാമിനു കീഴിലെ കുഞ്ഞന്‍ ബോട്ടല്‍ കാണേണ്ട കാഴ്ച തന്നെയാണ്. ഉച്ച കഴിഞ്ഞാണ് ഹോട്ടലിലെത്തിയത്.

പഴയകാല ചായക്കടകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കെട്ടിടം. ഉച്ചയൂണിന്റെ തിരക്കു കളിഞ്ഞ് ഹോട്ടലുടമ ബേബിച്ചായന്‍ ചെറിയൊരു മയക്കത്തിലായിരുന്നു. ഇടിയിറച്ചിയുടെ പെരുമ കേട്ട് കോഴിക്കോട്ടു നിന്ന് വന്നതാണ് എന്നു പറഞ്ഞപ്പോള്‍ ഉറക്കത്തെ ഡാമിന്റെ കയത്തിലേക്ക് തള്ളിയിട്ട് ബേബിച്ചായന്‍ ചുറുചുറുക്കോടെ ഇടിയിറച്ചിയെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. ഇടിയിറച്ചിയുടെ ജനനത്തിന് മലയോരത്തേക്ക് കുടിയേറിപ്പാര്‍വരോളം പ്രായമുണ്ട്. കുടിയേറ്റക്കാര്‍ ഭക്ഷണം കാലങ്ങളോളം സൂക്ഷിക്കുന്നവരില്‍ വിരുതന്മാരായിരുന്നു. അവരാണ് ഇടിയിറച്ചിക്കും ജന്മം നല്‍കിയത്.

Idiyirachi

കേരളത്തില്‍ തനതായ രീതിയില്‍ ഇടിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ ഒരു പക്ഷേ, എവറസ്റ്റ് മാത്രമായിരിക്കും. പോത്തിറച്ചിയാണ് ദിവസങ്ങളുടെ പരിശ്രമത്തിനു ശേഷം ഇടിയിറച്ചിയായി മാറുന്നത്. ആ മാറ്റം വിവരിക്കുമ്പോള്‍ അദ്ഭുതം ഇടുക്കി ഡാമിനോളം ഉയരത്തിലായി. സംഭവം ഒരൊന്നൊന്നര ഐറ്റമാണ്.

എല്ലില്ലാതെ  ചെത്തിയെടുത്ത് കഴുകി വൃത്തിയാക്കിയ ബീഫില്‍ ഉപ്പും കുരുമുളകുപൊടിയും ചിക്കന്‍ മസാലപ്പൊടിയും മഞ്ഞള്‍പ്പൊടിയും നന്നായി തേച്ചുപിടിപ്പിച്ച് അടുപ്പിനു മുകളില്‍ കയര്‍ കെട്ടി പൂകകൊള്ളുന്ന വിധത്തില്‍ തൂക്കിയിടും. അങ്ങനെ അടുപ്പില്‍ ചൂടിലും പുകയിലും മുന്‍ജന്മപാപത്തിന്റെ പിഴയെന്നോണം മൂന്നു ദിവസം കൊടും പീഡനമനുഭവിക്കുന്ന പോത്തിന്‍ കഷ്ണങ്ങളെ ബേബിച്ചായന്‍ വെറുതെ അങ്ങനെ വിടില്ല. പുകയില പോലെ ശോഷിച്ച ബീഫ് കഷ്ണങ്ങളെ പിന്നീട് വീണ്ടും ചെറുതാക്കി കനലിലിട്ട് ചുട്ടെടുക്കും.

തീര്‍ന്നില്ല ഇനിയുമുണ്ട്‌ കടമ്പകള്‍. ചുക്കിച്ചുളിഞ്ഞ രീതിയില്‍ ചുട്ടെടുക്കുന്ന ബീഫിന് പിന്നീട് വലിയൊരു മരപ്പലകയില്‍ വെച്ചിടിച്ച് നന്നായി ചതച്ചെടുക്കും. ഇതുകൊണ്ടായിരിക്കണം ഈ വിഭവത്തിന് ഇടിയിറച്ചിയെന്ന പേരുണ്ടായത്, അമ്മാതിരി ഇടിയല്ലേ ഇടിക്കുന്നത്. ഇങ്ങനെ  ഇടിച്ച ബീഫിനെ മിക്‌സിയിലിട്ട് വീണ്ടും ചതച്ചെടുത്ത് വെളിച്ചെണ്ണയില്‍ വെളുത്തുള്ളി, സവാള, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തെടുക്കും. പതനം പൂര്‍ത്തിയായി..!

ഇടിയിറച്ചി അത്ര സിമ്പിളല്ല. പക്ഷേ, പവര്‍ഫുള്‍, ഭയങ്കര പവര്‍ഫുള്‍ ആണ്. എത്ര ദിവസം വേണമെങ്കിലും കേടുകൂടാതെ ഇരിക്കും എന്നതാണ് ഈ വിഭവത്തിന്റെ ഹൈലൈറ്റ്. അതുകൊണ്ടുതന്നെ ഇടിയിറച്ചി പാര്‍സലായി വിദേശരാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നവര്‍ ഏറെയാണ്. ഹോട്ടലില്‍ 110 രൂപയ്ക്കാണ് ഒരു പ്ലേറ്റ് ഇടിയിറച്ചി വിളമ്പുന്നത്.

കാഴ്ച കണ്ട് നാവില്‍ കപ്പലോടുമ്പോഴേക്കും ചൂടോടെ ഒരു പാത്രത്തില്‍ ഇടിയിറച്ചിയും കപ്പയുമായി ബേബിച്ചായന്‍ മുന്നിലെത്തി. പിന്നെയൊന്നും നോക്കിയില്ല അവ രണ്ടും ചേര്‍ത്ത് ഒരു പടി പിടിച്ചു. ബീഫിന്റെ പല അവസ്ഥാന്തരങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും സോഫ്റ്റായുള്ളൊരു വിഭവം ഇതാദ്യാ, ഇറ്റ് ഈസ് അമേസിങ്. എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മെച്ചം. പിരിമിതികള്‍ നിറഞ്ഞ പട്ടണത്തിലായിട്ടും എവറസ്റ്റിന്റെ രുചിയുടെ കൊടുമുടി താണ്ടാന്‍ വിദേശത്തുള്ളവര്‍ വരെ ഇവിടെയെത്താറുണ്ട്. കപ്പയും ഇടിയിറച്ചിയും രുചിക്കുന്നതിനിടയില്‍ ഹോട്ടലിലേക്ക് ഭക്ഷണപ്രേമികള്‍ വന്നു തുടങ്ങിയിരുന്നു. 

കപ്പേം അച്ചാറും പിള്ളേച്ചനും

 ഇടിയിറച്ചി രുചിച്ച് ഇടുക്കിയില്‍ നിന്നും തൊടുപുഴയിലേക്കുള്ള യാത്ര കണ്ണും മനസ്സും ക്യാമറയും നിറയ്ക്കുന്നതായിരുന്നു. പാതിവഴിയില്‍ കുളമാവ് ഡാമിനെ പരിചയപ്പെടാന്‍ പറ്റി. കേട്ടറിവുണ്ടെങ്കിലും ആദ്യ കാഴ്ചയില്‍ തന്നെ മനസ്സ് മയക്കി. ഡാമിനോട് ചേര്‍ന്ന് ഒരു അച്ചാര്‍ കടയുണ്ടെന്നു കേട്ടു. മീനും മാങ്ങയും വിളയുന്ന പിള്ളേച്ചന്റെ അച്ചാറ് കട. പേര് ശിവമയം, കുട്ടിക്കാലത്ത് അമ്പതു പൈസയുടെ അച്ചാറും വായിലിട്ട് സ്‌കൂളില്‍ നിന്നും വീട്ടിലേക്കോടുന്നത് ഓര്‍ത്തുപോയി. അപ്പോഴേക്കും വായില്‍ ഉറവപൊട്ടിയിരുന്നു. പിന്നെ നേരെ കുളമാവ് ശിവമയത്തിലേക്ക്.

അച്ചാറ് കടയാണെന്ന് കരുതിയാണ് സ്ഥലത്തെത്തിയതെങ്കിലും ഇതൊരു ഹോട്ടലാണ്. ഇവിടുത്തെ അച്ചാറുകളാണ് കേമം. അതുകൊണ്ടാണ് ഹോട്ടലായി അത് അറിയപ്പെടാത്തത്. ഹോട്ടലിലെത്തിയപ്പോഴേ ഒരു ഒരു പാത്രത്തില്‍ ഇച്ചിരി കപ്പേം മീനച്ചാറും പിള്ളച്ചന്‍ തന്നു. പിള്ളേച്ചന്‍ എന്ന പേരിലറിയപ്പെടുന്ന സോമന്‍പിള്ള ചേട്ടനാണ് ശിവമയിയുടെ ഉടമ. സഹായത്തിന് മകന്‍ രാഹുലുമുണ്ട്. അച്ചാറിലൂടെ പ്രസിദ്ധിയാര്‍ജിച്ച ശിവമയം ഇപ്പോള്‍ പിള്ളേച്ചന്‍സ് പിക്കിള്‍സ് എന്ന പേരില്‍ പായ്ക്കറ്റായി അച്ചാര്‍ വില്‍ക്കുന്നുമുണ്ട്. രാഹുലാണ് അതിന് മേല്‍നോട്ടം വഹിക്കുന്നത്.

വിശേഷങ്ങള്‍ പറയുന്നതിനിടയിലും കണ്ണ് കപ്പയിലും അച്ചാറിലും തന്നെ. കപ്പയ്‌ക്കൊപ്പം അച്ചാറോ? ആദ്യമായിട്ടാണ് അങ്ങനെയൊരു കാഴ്ച. മുന്‍പ് പഞ്ചാബി ഹൗസില്‍ രമണന്‍ ചപ്പാത്തിയും അച്ചാറും തിന്ന് ചോര്‍ ചോര്‍ എന്ന് വിളിച്ചതൊക്കെ മനസ്സിലൂടെ കടന്നുപോയി. പിള്ളേച്ചന്‍ നല്‍കിയ തൊട്ടാലലിഞ്ഞുപോകുന്ന രസികന്‍ കപ്പയും മീനച്ചാറും കൂട്ടി ഒരു പിടി പിടിച്ചു. നേരത്തെ വായില്‍ നിറഞ്ഞ ഉറവ തടയുന്നവിധം അച്ചാറിന്റെ രുചി എന്നെ കീഴ്‌പ്പെടുത്തി. സാധാരണമായി മീന്‍ അച്ചാര്‍ കഴിക്കുമ്പോള്‍ അതിലെ പ്രിസര്‍വേറ്റീവ്‌സ് നാവിന് വിലങ്ങുതടിയാകാറുണ്ട്. എന്നാല്‍ പിള്ളേച്ചന്റെ അച്ചാര്‍ പക്കാ നാച്വറലാണ്.

kappayum meen acharum

മീനച്ചാറിനായി കേര, നെയ്മീന്‍, തള, മത്തി, കൂന്തള്‍ എന്നീ മീനുകളെയാണ് സ്വാദേറിയ രുചിക്കൂട്ടില്‍ സ്ഫടികക്കുപ്പികളിലേക്ക് നിറയ്ക്കുന്നത്. ഒരു കിലോ മീനച്ചാറിന് 500 രൂപയാണ് വില. അതോടൊപ്പം കണ്ണിമാങ്ങ, വെളുത്തുള്ളി, ബീഫ്, പൈനാപ്പിള്‍, ഡേറ്റ്‌സ് തുടങ്ങിയവയും അച്ചാറുകളുടെ രൂപത്തില്‍ ഭക്ഷണപ്രേമികളുടെ നാവില്‍ നീര്‍ച്ചാലുകള്‍ തീര്‍ക്കുന്നു. അച്ചാറുകളോടൊപ്പം കപ്പയും മീന്‍കറിയും നാടന്‍ ഉച്ചയൂണുമെല്ലാം ശിവമയത്തെ ശരിക്കും രുചിമയമാക്കുന്നു.

മീന്‍ അച്ചാര്‍
ആവശ്യമുള്ള സാധനങ്ങള്‍ 
മീന്‍: 1 കിലോ (കേര, മോദ,നെയ്മീന്‍, മത്തി) 
മഞ്ഞള്‍: 3 എണ്ണം 
മുളക്: 5 എണ്ണം
മുളകുപൊടി: 4 ടേബിള്‍സ്പണ്‍ 
നല്ലെണ്ണ/ വെളിച്ചെണ്ണ: ഒരുകപ്പ് 
വെളുത്തുള്ളി: 150 ഗ്രാം
ഇഞ്ചി: 100 ഗ്രാം 
പച്ചമുളക്: 4 എണ്ണം കീറിയത്  
ഉപ്പ്- പാകത്തിന് 

തയ്യാറാക്കുന്ന വിധം:
മീന്‍ മുള്ളുകളഞ്ഞ് ചെറിയ കഷണങ്ങളാക്കുക. മഞ്ഞള്‍, ഉപ്പ്, മുളക് എന്നിവ അരച്ച് ആ അരപ്പില്‍ മീന്‍ ഒരു മണിക്കുര്‍ പുരട്ടിവെയ്ക്കുക. അതിനുശേഷം മീന്‍ വെളിച്ചെണ്ണയില്‍ വറുത്തുകോരി മാറ്റി വെയ്ക്കുക. ഇഞ്ചിയും മുളകും നല്ലെണ്ണയില്‍ മൂപ്പിച്ചതിനുശേഷം മുളകുപൊടി വെള്ളത്തില്‍ കലക്കി അതിലേക്ക് ചേര്‍ത്തിളക്കുക. അതിലേക്ക് വറുത്തു വെച്ചിരിക്കുന്ന മീന് കഷണങ്ങളും പച്ചമുളകും ചേര്‍ത്ത് അരമണിക്കൂര്‍ തിളപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേര്‍ത്തുകൊടുക്കണം. ഇത് അടുപ്പില്‍ നിന്നും മാറ്റിവെച്ച് രണ്ടുദിവസം ഒരു കുപ്പിയില്‍ അടച്ചു. സൂക്ഷിക്കുക. അതിലേക്ക് പിന്നിട് വിനാഗിരി ചേര്‍ത്താല്‍ ആറുമാസത്തോളം അച്ചാര്‍ കേടാവാതിരിക്കുമെന്ന് പിള്ളേച്ചന്‍ ഉറപ്പുനല്‍കുന്നു.

ഇടുക്കിയുടെ തണുപ്പില്‍ വേറിട്ട ഭക്ഷണം രുചിക്കണമെന്ന മോഹവുമായി ഒടുവില്‍ ചെന്നെത്തിയത് ലിജുവേട്ടന്റെ ഭക്ഷണപ്പുരയിലായിരുന്നു. എല്ലുമുറിയെ പണിതാല്‍ പല്ലുമുറിയെ തിന്നാം എന്ന പഴഞ്ചൊല്ല് ഹോട്ടല്‍ ലിജുവിലെത്തിയാല്‍ എല്ലുമുറിയെ പണിതാല്‍ എല്ലുകറി കൂട്ടി തിന്നാം എന്ന് മാറ്റിപ്പറയേണ്ടിവരും. അത്രയ്ക്ക് പ്രശസ്തമാണ് ഇവിടുത്തെ എല്ലുകറി.

ബിരിയാണിയും ചിക്കന്‍ കറിയും ബീഫ് ഫ്രൈയുമെല്ലാം അകത്താക്കുമ്പോള്‍ കടക്ക് പുറത്ത് എന്ന് ആജ്ഞാപിക്കാറ് എല്ലുകളോടാണല്ലോ. എന്നും പടിക്ക് പുറത്തുമാത്രം നില്‍ക്കാന്‍ വിധിക്കപ്പെട്ട എല്ലിനെ ഹോട്ടലിന്റെ അകത്തേക്ക് കൈപിടിച്ച് കയറ്റി ഭക്ഷണലോകത്ത് വിപ്ലവം സൃഷ്ടിച്ച ഹോട്ടലുടമ ലിജുവേട്ടനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി. എല്ലാണ് ഈ ഹോട്ടലിന്റെ നട്ടെല്ല്. പോത്തിന്റെ മുഴ നെഞ്ചും വാരിയെല്ലും എല്ലുകകളും ഇച്ചിരി ഇറച്ചിയോടെ എടുത്താണ് എല്ലുകറി അണിയറയില്‍ ഒരുങ്ങുന്നത്.

തൊടുപുഴ മൂലമറ്റം പോത്തിനെ റോഡില്‍ മുട്ടം കഴിഞ്ഞ് നാലുകിലോമീറ്റര്‍ പിന്നിടുമ്പോള്‍ കുടയത്തൂര്‍ എന്ന കുഞ്ഞുപട്ടണത്തിലാണ് ഹോട്ടല്‍ ലിജു പ്രവര്‍ത്തിക്കുന്നത്. ഹോട്ടലുടമ ലിജു തോമസ് ആളൊരു രസികനാണ്. വളരെപ്പെട്ടെന്ന ലിജുവേട്ടന്‍ മനസ്സില്‍ ഇടംനേടി. രാവിലെ 5.30 മുതല്‍ രാത്രി 8.30 വരെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ലിജുവില്‍ എപ്പോഴും നല്ല തിരക്കാണ്. രാവിലെ പത്തുമണിയോടെ കൂട്ടത്തില്‍ പ്രധാനിയായ എല്ലുകറി അടുപ്പില്‍ നിന്നും ഭക്ഷണപ്രേമികളുടെ ആമാശയത്തിലേക്ക് യാത്ര തുടങ്ങും.

കഴിഞ്ഞ മുപ്പതുവര്‍ഷമായി ഇടുക്കി ജില്ലയുടെ ഭക്ഷണഭൂപടത്തില്‍ ഇടം നേടിയ ഈ ഹോട്ടലിലെ ഹോട്ട് ഐറ്റമായ എല്ലുകറി എത്തിയിട്ട് പത്തുവര്‍ഷങ്ങളായിട്ടേയുള്ളുവെങ്കിലും ഇതിനോടകം കേരളത്തില്‍ ഏറെ പെരുമ നേടാന്‍ ഈ വിഭവത്തിനായിട്ടുണ്ട്.

എല്ലുകറി എരിവോടെ അകത്താക്കുക എന്ന ലക്ഷ്യത്തോടെ ആദ്യമേ അടുക്കളയിലേക്ക് വെച്ചു  പിടിച്ചു. വിറകടുപ്പില്‍ അവന്‍ വെട്ടിത്തിളയ്ക്കുകയാണ്. ചാറ് ധാരാളമായുള്ളാരു കറി എന്ന എന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഇവനാളൊരു ജിമ്മനാണ്. ഉറച്ച ശരീരപ്രകൃതി. ഏതാണ്ട് നമ്മുടെ ബീഫ് ഫ്രൈ പോലെയുണ്ട്.

ellucurry
facebook

ലിജുവേട്ടന്‍ സ്‌നേഹത്തില്‍ പൊതിഞ്ഞ എല്ലുകറി കുറച്ച് രുചിക്കാനായി തന്നു. എന്റെ പൊന്നോ, അടാര്‍ ഐറ്റം എന്നു പറഞ്ഞു പോയി. പടിക്ക് പുറത്താക്കപ്പെട്ടവന്റെ രോദനം മുഴുവന്‍ എല്ല് ഈ കറിയില്‍ തീര്‍ത്തിട്ടുണ്ട്. അത്രയ്ക്കും രുചികരമാണീ വിഭവം. വിലവിവരപ്പട്ടികയിലേക്ക് കണ്ണോടിച്ചപ്പോള്‍ വെറും അറുപതു രൂപ!

ഇതു വരെ അറിയാത്തൊരു രുചിയായതിനാല്‍ കിട്ടിയ എല്ലുകറി തീര്‍ന്നതറിഞ്ഞില്ല. എല്ലില്‍ നിന്നും ഇറച്ചി വേര്‍പ്പെടുത്താന്‍ എല്ലും പല്ലും തമ്മിലുള്ള കടപിടിയിലൂടെ മാത്രമേ ഈ വിഭവം ആസ്വദിക്കാനാവൂ. ഇതുവഴി, ഷൂട്ടിങ്ങിനായി കടന്നു പോകുന്ന സിനിമാതാരങ്ങളെല്ലാവരും തന്നെ ഹോട്ടല്‍ ലിജുവില്‍ നിന്നും എല്ലുകറി പാര്‍സല്‍ വാങ്ങാറുണ്ട്.

എല്ലുകറിയും കള്ളപ്പവുമാണ് കോമ്പിനേഷന്‍. ഇവ രണ്ടും ഒരു പിടി പിടിക്കാന്‍ മോഹമുണ്ടായിട്ടും സമയം വില്ലനായി. തെല്ലുനിരാശയോടെ ലിജുവേട്ടനോട് യാത്ര പറഞ്ഞിറങ്ങി.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)