കാളികാവ്: വീട്ടിനകത്ത് ജനലില്‍ ചാരിയിട്ട കട്ടിലില്‍ മൂന്നു തലയണവെച്ച് കിടപ്പാണ് ഹോട്ടല്‍ സനയുടെ ഉടമ അബൂബക്കര്‍. ജനലില്‍ പണമിടാന്‍ ഒരു വട്ടപ്പാത്രവും അതില്‍ കണക്കുകൂട്ടാന്‍ ഒരു പേനയും. വീടിനോടുചേര്‍ന്നുള്ള ഹോട്ടലിലെ കാഷ്യര്‍കൂടിയാണ് ഈ 62-കാരന്‍.

പൂതക്കോടന്‍ അബൂബക്കര്‍ ഈ കിടത്തം തുടങ്ങിയിട്ട് 32 വര്‍ഷമായി. മരത്തടി ചുമക്കുന്നതിനിടെ സംഭവിച്ച ഒരപകടമാണ് ഇദ്ദേഹത്തെ തളര്‍ത്തിയത്. നട്ടെല്ലു പൊട്ടിയ അബൂബക്കറിനെ ഒരു വൈദ്യശാസ്ത്രത്തിനും നടത്താന്‍ സാധിച്ചിട്ടില്ല. കിടപ്പിലായ ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കഥയാണ് ഹോട്ടല്‍ സനയ്ക്ക് പറയാനുള്ളത്.

ഒരാളുടെ മുമ്പിലും കൈനീട്ടാതെ ജീവിക്കണം. കിടപ്പിലായ ഭര്‍ത്താവിന് ചങ്ങാതിമാരെയും നാട്ടുകാരെയും കാണാനുള്ള അവസരംവേണം. അങ്ങനെയാണ് ഭാര്യ ആയിശ നാലുവര്‍ഷംമുമ്പ് ഹോട്ടല്‍ തുടങ്ങിയത്.

''വിരസമായ പ്രഭാതങ്ങളില്‍ ഞാന്‍ സന്ദര്‍ശിക്കുന്ന ഒരിടമുണ്ട്. പള്ളിശ്ശേരി സ്‌കൂളിനു സമീപത്തെ ഒരു വീടിന്റെ മുറ്റത്ത് ഇറക്കിക്കെട്ടിയ ഹോട്ടല്‍ സന. അവിടെയുള്ള പൊറോട്ടയും ബീഫും കഴിച്ചിറങ്ങുമ്പോള്‍ വയറുമാത്രമല്ല മനസ്സുംനിറയും. ''പള്ളിശ്ശേരിക്കാരാനായ കോടതി ജീവനക്കാരന്‍ ജംഷാദിന്റെ ഫേസ്ബുക്ക് കുറിപ്പാണിത്. ഇതുപോലെ രുചിക്കൂട്ടുകള്‍ക്കപ്പുറം സ്‌നേഹംവിളമ്പുന്ന വീട്ടുമുറ്റത്തെ ഭക്ഷണശാലയെക്കുറിച്ച് അനുഭവസ്ഥഥര്‍ക്ക് പറയാന്‍ ആയിരം നാവാണ്.

അബൂബക്കറിന്റെ ശക്തി ഭാര്യ ആയിശയാണ്. ഹോട്ടലിലെ വിശ്രമമില്ലാത്ത ജോലിയും ആയിശ മടുപ്പില്ലാതെ ചെയ്തുതീര്‍ക്കും. ഇന്നവര്‍ക്ക് ഹോട്ടല്‍ ഒരു ജീവിതമാര്‍ഗം മാത്രമല്ല. നാലുചുമരിന്റെ ഇടയില്‍ ഒതുങ്ങി ജീവിതം തള്ളിനീക്കേണ്ടിയിരുന്ന അബൂബക്കറിന് ഹോട്ടലില്‍വരുന്ന എല്ലാവരെയും കാണാനും സംസാരിക്കാനും തമാശകള്‍ പറഞ്ഞു ചിരിക്കാനുമുള്ള ഒരിടം കൂടിയാണ്.

മൂന്ന് പെണ്‍മക്കള്‍ മാത്രമുള്ള അബൂബക്കറിന് ഹോട്ടല്‍ ജീവിതമാര്‍ഗവും ജീവിതം നിലനിര്‍ത്താനുള്ള പ്രതീക്ഷയുമാണ്.

Content Highlights: Hotel Sana Malappuram