മുഹമ്മദ് നൗഫലിന് യാത്രകളോട് അടങ്ങാത്ത പ്രണയവും പാചകത്തോട് ഒടുങ്ങാത്ത ആവേശവുമാണ്. രണ്ടും ഉപേക്ഷിക്കാന്‍ പറ്റാതായതോടെ ഇത് രണ്ടും തന്റെ പ്രിയപ്പെട്ട വണ്ടിയോട് ചേര്‍ത്തു ഇദ്ദേഹം.യാത്രകള്‍ എന്നും ലഹരിയായി കൊണ്ടു നടക്കുന്ന ഗുരുവായൂര്‍ സ്വദേശിയായ ഈ ചെറുപ്പക്കാരന്റെ മഹീന്ദ്ര എം.എം 540 ഫോര്‍ വീലര്‍ ജീപ്പ് സഞ്ചരിക്കുന്ന ഒരു പാചകപ്പുര കൂടി ആണ്.സ്വന്തമായി അല്‍-അമീന് എന്ന കാറ്ററിങ്ങ് സര്‍വ്വീസ് നടത്തുന്ന നൗഫല്‍ തന്റെ യാത്രകള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ജീപ്പില്‍ ഒരു അടുക്കളയില്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കോതമംഗലത്ത് നിന്നും കുട്ടംപുഴയും കടന്ന് പൂയ്യംകുട്ടി വരെ കാട്ടിനുള്ളിലൂടെ ഒരു സംഘം നടത്തിയ ഓഫ് റോഡ് ഡ്രൈവില്‍ നിന്നാണ് ഈ ഹോട്ടല്‍ വണ്ടിയെ പരിചയപ്പെടുന്നത്. ഇടുക്കി സ്വദേശി ബിജോയ് ജോണ്‍ മുമ്പ് ഒരു ഓഫ് റോഡ് യാത്രക്കിടയിലാണ് യാത്രാ മാസികയുടെ റിപ്പോര്‍ട്ടര്‍ ജ്യോതിലാലിനോട് ഈ ഹോട്ടല്‍ വണ്ടിയെ കുറിച്ച് പറഞ്ഞത്.വീണ്ടും കുറേ കാലം കാത്തിരിക്കേണ്ടി വന്നു ഇങ്ങനെയൊരു യാത്ര ഒത്തുകിട്ടാന്‍.
പുലര്‍ച്ചെ കോതമംഗലത്ത് നിന്നും പുറപ്പെട്ട സംഘം കാട്ടിലൂടെ മൂന്നാറില്‍ എത്താവുന്ന മാമലക്കണ്ടം-മാങ്കുളം ലക്ഷ്മി എസ്റ്റേറ്റ് വഴി പോയതായിരുന്നു. ചെക്കിംങ് കാരണം യാത്ര ഇടക്കുവെച്ചു തടസ്സപ്പെട്ടു. പക്ഷേ തിരിച്ചു വരാന്‍ ആരും തയ്യാറല്ലായിരുന്നു. എങ്കില്‍ അടുത്ത വഴി ഏതെന്ന് ആലോചിച്ചു.ഓഫ് റോഡ് റൈഡില്‍ പരിചയ സമ്പന്നനായ ബിജോയ് മറ്റൊരു വഴിയെക്കുറിച്ചു പറഞ്ഞു. പിന്നെ താമസിച്ചില്ല കിട്ടിയ വഴിവെച്ചു പിടിച്ചു.കാട്ടിനകത്തുള്ള അരുവികളും കുന്നുകളും ചരിവുകളും കടന്ന് ഉച്ചയോടെ വലിയ ഒരു പാറക്കൂട്ടത്തിന് താഴെ എത്തി. ഫോര്‍ വീലര്‍ ആശാന് ശ്വാസം വലിച്ച് കിതച്ചു മുകളിലേക്ക് കയറുന്നതിനിടയിലാണ് കൂട്ടത്തിലെ പയ്യന്‍സ് ഷോണ്‍ വിശപ്പിന്റെ വിളി വരുന്നതായി അറിയിച്ചത്. കേട്ട പാതി നൗഫല്‍ വണ്ടി ഒതുക്കി നിര്‍ത്തി ,ഇനി നമ്മള്‍ക്ക് കഴിച്ചിട്ട് യാത്ര തുടങ്ങാം എന്നായി.
നൗഫല്‍ ജീപ്പിന്റെ പിന്നിലെ കര്ട്ടന് പൊക്കി ഡോര്‍ തുറന്നപ്പോള്‍ ഒരു അടുക്കള പ്രത്യക്ഷപ്പെട്ടു.ഭക്ഷണം ഉണ്ടാക്കേണ്ട സാധനങ്ങളും മസാലക്കൂട്ടുകളും പ്രത്യേകമായി ഒരുക്കിയ അറകളില്‍ ഇരുഭാഗത്തും. കഴുകാനും പാചകം ചെയ്യാനും വെവ്വേറെ വെള്ളം. വെയ്സ്റ്റ് ബോക്സ് എന്ന് തുടങ്ങി എല്ലാ കൃത്യമായ അടുക്കോടെ വണ്ടിയില്‍ സെറ്റ് ചെയ്തിട്ടുണ്ട്. ചിക്കന്‍ ,മീന്‍, ബീഫ് എന്നിവ ഫ്രൈ ആക്കിയും ഗ്രില്‍ഡ് ചെയ്തതും. കപ്പ ,സലാഡ്, മീന്‍ കറി, ചിക്കന്‍ കറി ചോറുള്‍പ്പെടെ 9 വിഭവങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ റെഡി.കാടിനകത്ത് നിന്ന് ചൂടുള്ള ഉശിരന്‍ വിഭവങ്ങള്‍ കണ്ടപ്പോള്‍ സിംഹ രാജന് ഇരയെ കിട്ടിയപോലെ ഞങ്ങള്‍ ഭക്ഷണത്തിലേക്ക് ചാടിവീണ് നിമിഷ നേരംകൊണ്ട് അകത്താക്കി.
യാത്രകള്‍ ജീവിതത്തിന്റെ ഒരുഭാഗമാണ് പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭക്ഷണം ഒരു വെല്ലുവിളി ആകാറുണ്ട്. യാത്രക്കിടയില്‍ തന്നെ ഇഷ്ടമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി ചൂടോടെ കഴിക്കാന്‍ കഴിയുക എന്നത് വലിയ സന്തോഷമാണ്. ഇതാണ് വിനോദയാത്രകള്‍ക്ക് വേണ്ടി മാത്രമായി ഒരു വണ്ടി ക്രമീകരിക്കാന്‍ കാരണം - നൗഫല്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു യാത്ര നൗഫല്‍ ഓര്‍ത്തെടുത്തു. ഇലവീഴാപൂഞ്ചിറയുടെ ഉച്ചിയില്‍ തണുത്ത് വിറച്ചിരിക്കുന്ന കൂട്ടുകാര്‍ക്ക് ചൂടന്‍ കട്ടന്‍ ചായയുണ്ടാക്കി നല്കി അവരെ അത്ഭുതപ്പെടുത്തിയത്. ഓഫ്റോഡ് യാത്രകളില്‍ മുന്നും നാലും വണ്ടികള്‍ ഒരുമിച്ചായിരിക്കും. ഈ അവസരങ്ങളില്‍ എളുപ്പത്തില്‍ ഇരുപതുപേര്ക്കുവരെ ഈ കുഞ്ഞന്‍ അടുക്കളയില്‍ പാചകം ചെയ്യാന്‍ സാധിക്കും. ഗ്യാസ് ഉള്‍പ്പെടെയുള്ള എല്ലാം അടുക്കും ചിട്ടയോടെയും വണ്ടിയില്‍ തയ്യാര്‍ ചെയ്തിട്ടുണ്ട്. കാറ്ററിംങ്ങ് തിരക്കിനിടയിലും നൗഫല്‍ യാത്രപോകാന്‍ സമയം കണ്ടെത്തുന്നു.
Content Highlights: Food jeep Mohammed noufal