റുത്തമത്തി, കക്കവറുത്തത്, അവിയല്‍, ഓലന്‍, അച്ചാര്‍, പിന്നെ ഒഴിക്കാന്‍ മീന്‍കറിയും സാമ്പാറും പുളിശ്ശേരിയും പച്ചമോരും. ഇത്രയും കഴിച്ചാല്‍ ബില്ല് 50 രൂപ. ഒരു വീട്ടമ്മയാണ് ഈ തുകയ്ക്ക് ഇത്രയും വിഭവങ്ങളുമായി ഊണു നല്‍കുന്നത്. 

ആലപ്പുഴ ചേര്‍ത്തല നഗരത്തില്‍ പാളയത്തില്‍ ഓമനയെന്ന വീട്ടമ്മയാണ് അയല്‍വാസികളായ സ്ത്രീകളെക്കൂട്ടി ജി.എസ്.ടി. കൊള്ളയില്ലാതെ ഭക്ഷണം നല്‍കുന്നത്. പാകം ചെയ്യലും വിളമ്പലും എല്ലാം ഓമനയുടെ നേതൃത്വത്തില്‍ തന്നെ. 

അമിതലാഭത്തിന്റെ വഴികളിലേക്കു പോകാതെ അടുക്കളയുടെ രുചിമാത്രം നല്‍കി ജീവിക്കാനുള്ള വഴികാണുകയാണിവര്‍. ഭര്‍ത്താവ് തിലകനാണ് വീടിനോടു ചേര്‍ന്ന് ഭക്ഷണശാല തുടങ്ങിയത്. തിലകന്റെ മരണശേഷമാണ് ഓമന ഇതിന്റെ ചുമതല ഏറ്റെടുത്തത്. ഉച്ചയൂണ് മാത്രമാണിവിടെ ലഭിക്കുക.  

ജി.എസ്.ടി.യുടെ മറവില്‍ ഹോട്ടലുകള്‍ ആളെ കൊള്ളയടിക്കുമ്പോള്‍ ആശ്വാസമാകുകയാണ് 'വീട്ടില്‍ ഊണ്' കേന്ദ്രങ്ങള്‍. നഗര- ഗ്രാമ തരംതിരിവുകള്‍ ഇല്ലാതെ ജനം 'വീട്ടില്‍ ഊണ്' ബോര്‍ഡുകള്‍ തിരയുമ്പോള്‍ അതിനു പിന്നിലെ രഹസ്യം ഇത്രമാത്രം, 'വിലക്കുറവും വിശ്വസിക്കാവുന്ന ഭക്ഷണവും'

ഇടത്തരക്കാരന്റെ പോക്കറ്റ് ചോരാതെ ഊണും പത്തോ ഇരുപതോ രൂപ കൊടുത്താല്‍ മീന്‍വറുത്തതും ലഭിക്കും എന്നതുതന്നെയാണ് ഈ കേന്ദ്രങ്ങളുടെ ആകര്‍ഷണീയത. 

ചോറ്, സാമ്പാര്‍, പുളിശ്ശേരി, അച്ചാര്‍, തോരന്‍, മെഴുക്കുപുരട്ടി, കിച്ചടി മുതലായവയാണ് വീട്ടില്‍ ഊണ് കേന്ദ്രങ്ങളുടെ പ്രധാന വിഭവങ്ങള്‍. ചില ദിവസങ്ങളില്‍ കിച്ചടിക്ക് പകരക്കാരനായി അവിയലും സ്ഥാനം പിടിക്കും. 

സര്‍ക്കാര്‍ ഓഫീസുകാരും എന്‍ജിനീയറിങ് - ആര്‍ട്‌സ് കോളേജുകളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ഈ ഊണ് കേന്ദ്രങ്ങളിലെ പതിവുകാര്‍.  

ആലപ്പുഴ കളര്‍കോട് ദേശീയപാതയ്ക്ക് സമീപം വീട്ടില്‍ ഊണ് കേന്ദ്രം നടത്തുന്ന ലീലാമണി പറയുന്നത് ഇങ്ങനെ, "ചെറിയ ലാഭം മാത്രമാണ് ഇതില്‍ നിന്നുള്ള വരുമാനം." നല്ല ഭക്ഷണം നല്‍കി സംതൃപ്തി നല്‍കുക എന്നത് വിലക്കയറ്റത്തിലും പിടിച്ചു നില്‍പ്പ് ഉറപ്പാക്കുന്നതായി ഇവര്‍ പറയുന്നു. 

ഇവിടെ നിന്ന് കൈതവനയില്‍ എത്തിയാല്‍ അവിടെയുമുണ്ട് ഒരു ഊണുകട. നഗരത്തില്‍ വന്ന് കുട്ടനാട്ടിലേക്കും ചങ്ങനാശ്ശേരിയിലേക്കും മടങ്ങുന്നവര്‍ക്കാണ് ഇവിടെ പിടിത്തം. 

നഗരത്തിലെ പോക്കറ്റ് ചോരാത്ത ഊണ് കേന്ദ്രങ്ങളുടെ അന്വേഷണം അവസാനിക്കുക സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഇത്തരം ചെറുകിട ഹോട്ടലുകളിലാണ്. 

Content Highlights: food on road, local food shops in Kerala, quality food, Kerala food, food journey, tasty, food