തട്ടുകടാന്ന് പറയുമ്പോ അതിന് പ്രത്യേകിച്ച് സെറ്റപ്പ് ഒന്നും വേണ്ടല്ലോ. ഒരു ഉന്തുവണ്ടിയോ പെട്ടി ഓട്ടോറിക്ഷയോ ആയാലും മതി. ദേ തട്ടുകട, നോക്കണ്ട കേറിക്കോ, പെട്ടന്നൊരു തട്ടുകട അങ്ങനെ. അവിടുന്ന് കിട്ടുന്ന ഭക്ഷണം പോലെ തട്ടുകടകളുടെ പേരും കിടുക്കനാണ്. ഇനിയിപ്പം തട്ടിലെ ഭക്ഷണങ്ങളിലൂടെ ഒന്ന് കയറിയിറങ്ങി നോക്കിയാലോ! എനിക്ക് കൂടുതല്‍ പരിചയം കണ്ണൂരിലെ തട്ടുകടകള്‍ ആയോണ്ട് അവടെതന്നെ പിടിക്കാം. മിക്‌സഡ് വിഭവങ്ങളാണ് കണ്ണൂരിലെ തട്ടുകടകളുടെ പ്രത്യേകത. കഷ്ടപ്പെട്ട് രൂപമാക്കിയെടുത്ത പുട്ടും പൊറോട്ടയും പത്തിരിയുമൊക്കെ ഒറ്റപ്പിടുത്തത്തിന് പീസ് പീസാക്കി കളയും തട്ടുകടയിലെ ചേട്ടന്മാര്‍.
മനസ്സിലായില്ലേ...? അതായത് രമണാ...പുട്ട് മുതല്‍ കപ്പ വരെ തട്ടിലുള്ള എല്ലാ ഐറ്റവും പൊടിച്ചും പീസാക്കിയും ബീഫാണേല്‍ അത്, ചിക്കനാണേ പൊളിക്കും, മുട്ടയാണേ ജോറ്, ഇച്ചിരി കറിച്ചാറും കൂട്ടി മിക്‌സ് ചെയ്ത് മുകളിലിച്ചിരി സവോളേം കൂട്ടി അലങ്കരിച്ചങ്ങു നീട്ടും. കാണുമ്പോ തന്നെ നാവില്‍ കപ്പല്‍ ഓടിക്കയറും.
ഇങ്ങനെ സകലമാന മലയാളിയുടെയും നാക്കില്‍ വിരാജിക്കുന്ന തട്ടുകടയെക്കുറിച്ചു ചില നിരീക്ഷണങ്ങള്‍...
1. തട്ടുകട ഭക്ഷണങ്ങള്‍ക്ക് അല്‍പം എരിവ് കൂടുതലായിരിക്കും. ബിവറേജിനോട് കൂട്ട് കൂടി നില്‍ക്കുന്നവയില്‍ പ്രത്യേകിച്ചും.
2. അത്യാവശ്യം തിരക്കുള്ള തട്ടുകടകള്‍ തന്നെ തിരഞ്ഞെടുക്കുക. കൂടി നില്‍ക്കുന്ന ജനക്കൂട്ടം തന്നെ ആണല്ലോ പരസ്യം.
3. ഒരു എട്ട് മണിക്ക് ശേഷം സ്ത്രീകള്‍ക്കൊപ്പമുള്ള തട്ടുകട സന്ദര്‍ശനം ഒഴിവാക്കുന്നതായിരിക്കും ബുദ്ധി. സദാചാരക്കാര്‍ക്ക് നോക്കാനും നമുക്ക് പ്രതികരിക്കാനുമുള്ള അവസരം വെറുതെ ഒണ്ടാക്കണ്ടല്ലോ.
4. വണ്ടിയും കുടുംബവും ഒപ്പമുണ്ടെങ്കില്‍ കഴിപ്പ് വണ്ടിയില്‍ നിന്ന് ആക്കാം. കാറ്റ് കൊള്ളണം എന്നുണ്ടെങ്കില്‍ ആ ഗ്ലാസ് തുറന്നിട്ടാല്‍ പോരായോ...
5. ചെറിയ വൃത്തിക്കുറവൊക്കെ ടേസ്റ്റില്‍ കോപ്രമൈസ് ചെയ്യുന്നവരാണെങ്കിലും തട്ടകടയില്‍ വൃത്തി ഒന്ന് നോക്കിയേരേ. പ്രത്യേകിച്ച് വെള്ളത്തിന്റെ ഉറവിടം.
6. തട്ടുക ചേട്ടന്മാര്‍ക്ക് നിന്ന് തിരിയാന്‍ നേരം ഉണ്ടാകില്ല. അതുകൊണ്ട് ഓര്‍ഡര്‍ ചെയ്തിട്ട് ഇച്ചിരി നേരം വെയിറ്റ് ചെയ്യേണ്ടി വരും.
7. ഓരോ നാട്ടിലും ഓരോ രുചി ആയിരിക്കും. കണ്ണൂരിലെ പുട്ടും മുട്ടയും ആയിരിക്കൂല തിരുവനന്തപുരത്ത്. അതുകൊണ്ട് എന്താ, എന്നതാ എന്നൊക്കെ അഡ്വാന്‍സ് ആയി ചോദിച്ചേരേ.
8. ഏതു നാട്ടിലെ തട്ടുകടയിലാണേലും ദോശേം ഓംലെറ്റും ഉണ്ടാകും. അതില്‍ പിടിച്ചാ മതി.
ഇനി കണ്ണൂരിലെ റൂട്ട് മാപ്പ്
കണ്ണൂരില്‍ നേരത്തെ പറഞ്ഞ മിക്‌സഡ് ഐറ്റം കഴിക്കാന്‍ താഴെ ചൊവ്വ പാലത്തിന്റടുത്തും കല്ലുമ്മക്കായ കഴിക്കാന്‍ നടാല്‍ ഗേറ്റിന്റടുത്തും ചൂട് പരിപ്പുവട കഴിക്കാന്‍ ബാങ്ക് റോഡിലെ തട്ടുകടയിലും എത്തിച്ചേരേണ്ടതാണ്. പിന്നെ ഈ പറഞ്ഞ കല്ലുമ്മക്കായ അല്ലെങ്കില്‍ അരിക്കടുക്ക കല്ലുമ്മക്കായയും അരിയും ജീരകവും മുളകുപൊടിയും ഒക്കെ ഇട്ടുള്ള ഒരു ഐറ്റം ആണ്. അതില്‍ കല്ലുമ്മക്കായ എവിടെ എന്നൊന്നും ചോദിക്കേണ്ട... എണ്ണയില്‍ പൊരിഞ്ഞു മറിഞ്ഞു വരുമ്പളേക്കും അതൊക്കെ കിട്ടിയാല്‍ ഭാഗ്യം!
പിന്നെ ഒരു കാര്യം. പാര്‍സല്‍ പറഞ്ഞേച്ചു എഫ് ബിയും വാട്‌സ്ആപ്പും നോക്കി ഇരിക്കരുത്. തട്ടുകട ചേട്ടന്‍ ഫുഡ് ഉണ്ടാക്കുന്നത് കാണാന്‍ തന്നെ ഒരു രസാണെന്നേ...ഇനിയിപ്പം പുതിയൊരു നാട്ടില്‍ ചെന്ന് നല്ല തട്ടുകട ഏതാണെന്ന് ചോദിക്കാന്‍ മടിയൊന്നും തോന്നേണ്ട കേട്ടോ...ആ തട്ടുകട തരുന്നത് ആ നാടിന്റെ രുചിയായിരിക്കും...നാടിന്റെ സ്‌നേഹമായിരിക്കും...സോദാ..ഒരു തട്ടുകട..വണ്ടി നിര്‍ത്തിക്കോ..കേറിക്കോ...