രുചിയോടു തോന്നും തീരാത്ത മൊഹബത്ത്- ഇത് സലിം ഹസന്‍സ് ഫുഡ് വാഗണ്‍ കിങ്‌സ് പാര്‍ക്കിന്റെ ദോശ ഫെസ്റ്റിന്റെ ബ്രോഷറിലെ വാക്കുകളാണ്. എന്നു നിന്റെ മൊയ്തീനില്‍ പൃഥ്വിരാജ് പറയുമ്പോലെ വാക്കാണ് സത്യം... ഗംഭീരമാണ് ഇവിടുത്തെ ദോശകള്‍. പേരിലും രുചിയിലും മൊഞ്ചിലും ആരെയും വീഴ്ത്താന്‍ പോന്ന കിടിലന്‍ ദോശകള്‍.

ദോശ മഹാരാജ, ലുട്ടാപ്പി ദോശ, ഉണ്ടക്കണ്ണന്‍ ദോശ, ബല്ലാത്ത ബലിയദോശ, കാഞ്ചീപുരം ദോശ ഇങ്ങനെ കൊതിപ്പിക്കുന്ന പേരുകളുമായി പട്ടിക നീളുകയാണ്. കോഴിക്കോട് ബീച്ചിനു സമീപം ലയണ്‍സ് പാര്‍ക്കിലെ ദോശപെരുന്നാളിനെത്തിയാല്‍ ഏത് ദോശ കഴിക്കും എന്നാകും സംശയം.

രാജാവിന്റെ ആഢ്യത്വത്തോടെയാണ്‌ ''ദോശ മഹാരാജ'' നമ്മെ സ്വാഗതം ചെയ്യുക. പച്ചയും മഞ്ഞയും ചുകപ്പു ക്യാപ്‌സിക്കവും ചേര്‍ന്ന് സര്‍വാഭരണ വിഭൂഷിതനായി... ചന്തവും രുചിയും ചോരാതിരിക്കാന്‍ സവാളയും മല്ലിയിലയും പീനട്ടും. നല്ല മൊരിഞ്ഞ ദോശയും സ്വാദുളള മണവും..

Maharaja Dosai
ദോശ മഹാരാജ

സസ്യാഹാരപ്രിയര്‍ക്കു വേണ്ടിയാണ് കമ്മത്ത് ദോശ. വേവിച്ച ഉരുളക്കിഴങ്ങും സോയയും ദോശയ്ക്കുള്ളില്‍ ചേര്‍ത്താണിത് തയാറാക്കുന്നത്. 

കഴിക്കുന്നയാളുടെ മനസിനെയും നാവിനെയും മോഷ്ടിക്കുന്ന ഒരു ''പെരുങ്കള്ളന്‍ ദോശ''യും ഇവിടുണ്ട്. പേര് ആലിബാബ. ചിക്കന്‍ ആലിബാബ ദോശയ്ക്കുള്ളിലാക്കിയാണിത് തയാറാക്കുന്നത്. 

alibab dosa
ആലിബാബ ദോശ.

ചെട്ടിനാട് ചിക്കനെന്ന പേരിനു തന്നെ നല്ല സ്വാദാണ്. അതിനൊപ്പം ദോശയും ചേരുമ്പോള്‍ പിന്നെ പറയുകയേ വേണ്ട. അതുപോലെ തന്നെയാണ് ചെമ്മീന്‍ ദോശയും ചിക്കന്‍ കാരൈക്കുടി ദോശയും. വേവിച്ച ഉരുളക്കിഴങ്ങിനൊപ്പം ചെമ്മീനും ചേര്‍ത്താണ് ചെമ്മീന്‍ ദോശ തയാറാക്കിയിട്ടുള്ളത്. ചിക്കന്‍ കാരൈക്കുടി രീതിയില്‍ തയാറാക്കിയ ശേഷം ദോശക്കുള്ളിലാക്കിയാണ് വിളമ്പുക. ഏറെ ആവശ്യക്കാരുള്ളതും ചിക്കന്‍ കാരൈക്കുടി- ബീഫ് കാരൈക്കുടി ദോശയ്ക്കാണ്. 

ദോശയോടെപ്പം കല്ലുമ്മക്കായ മസാല ചേര്‍ത്താണ് ഉമ്മാമേന്റെ ദോശക്കുട്ടി തയാറാക്കുന്നത്. 

kallummakkaya dosa
കല്ലുമ്മക്കായ ദോശ

ഇനി മൊഞ്ചത്തി ദോശയ്ക്കാണെങ്കിലോ നല്ല മൊഞ്ചാണ്. ബീറ്റ്‌റൂട്ട് മസാലയും പൊട്ടറ്റോ മസാലയുമാണ് ഇതിനുള്ളില്‍ ചേര്‍ത്തിട്ടുള്ളത്. ഇതിനു പുറമെ ഒരു ബുള്‍സ് ഐയും കൂടിയാകുമ്പോള്‍ പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാന്‍ പറ്റൂല്ലെന്റെ സാറേ...

ഇനിയുള്ളത് മീനൂട്ടിദോശയും അച്ചായന്‍സ് ദോശയുമാണ്. കുടംപുളിയിട്ട മീന്‍കറി വറ്റിച്ച ശേഷം ദോശയ്ക്കുള്ളില്‍ ചേര്‍ക്കും.ഇറക്കുമതി ചെയ്യുന്ന ബാസാ മത്സ്യമാണ് ഉപയോഗിക്കുന്നത്. പോത്തന്‍ ദോശ പ്രിയങ്കരനാകുന്നത് വരട്ടിയ ബീഫിന്റെ സാന്നിദ്ധ്യം കൊണ്ടാണ്. അതുപോലെയാണ് ന്യൂട്ടെല്ല ദോശയും ചോക്കലേറ്റ് ദോശയും.

pothan dosa
പോത്തന്‍ ദോശ

ചില്ലി ഫ്‌ലേക്ക്‌സിനൊപ്പം കോഴിമുട്ടയോ കാടമുട്ടയോ ചേര്‍ത്താണ് കാഞ്ചീപുരം ദോശ തയാറാക്കുന്നത്. ദോശകളിലും ന്യൂജനറേഷനുണ്ടെന്ന് ദോശ ഫെസ്റ്റിനു ചെന്നപ്പോഴാണു മനസ്സിലായത്‌. മൊരിഞ്ഞു സുന്ദരനായി യോയോ ദോശ. ചോക്കലേറ്റും മയണീസും ടൊമാറ്റോ സോസുമൊക്കെ ചേര്‍ന്ന് ആളു ചുള്ളനാണ്.

നാവില്‍ വെള്ളം നിറക്കാന്‍ പോന്ന ലുട്ടാപ്പി ദോശയും ഉണ്ടക്കണ്ണന്‍ദോശയും പ്ലേറ്റിലുണ്ടങ്കിലും ഇനി നിങ്ങളെ ഞെട്ടിക്കുക ഇമ്മിണി ബലിയദോശയാണ്. പേരുപോലെ തന്നെ ബലിയ ദോശ.. പക്ഷെ വല്യഭാവമൊന്നും കാണിക്കാതെ മര്യാദക്കാരനായി ഒരു പ്ലേറ്റിലുണ്ട് കക്ഷി. 

immini baliya dosa
ഇമ്മിണി ബലിയ ദോശ
 

ഇങ്ങനെ പലതരത്തിലുള്ള ചൂടുദോശകളെ ഒരു കുടക്കീഴിലാക്കിയത് സലിം ഹസന്‍സ് ഫുഡ് വാഗണ്‍ കിങ്‌സ് പാര്‍ക്കാണ്. കൈപ്പുണ്യത്തിന്റെ നാലാം തലമുറയില്‍പ്പെട്ടയാളാണ് സലിം ഹസന്‍. 1952ലാണ് രുചിയുടെ ലോകത്തേക്ക് സലിം ഹസന്റെ പൂര്‍വികര്‍ എത്തുന്നത്. എറണാകുളത്തുനിന്നായിരുന്നു തുടക്കം. ഇപ്പോള്‍ തലശേരി, കണ്ണൂര്‍, കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍ ഭക്ഷണശാലകളുണ്ട്. 2012ല്‍ ഓള്‍ഡസ്റ്റ് റെസ്റ്ററന്റ് അവാര്‍ഡും  ഇവര്‍ക്കു ലഭിച്ചിരുന്നു.

ലയണ്‍സ് ക്ലബ് ഓഫ് കാലിക്കട്ടിന്റെ സഹായത്തോടെയാണ്  കോഴിക്കോട് ദോശപെരുന്നാള്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. ക്ലബിന്റെ നിയുക്ത സെക്രട്ടറി വി. മധുസൂദനന്‍, പ്രസിഡന്റ് അജിത്ത് കുമാര്‍, ലയണ്‍സ് പാര്‍ക്ക് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ഷെറില്‍രാജ് എന്നിവര്‍ ദോശപ്പെരുന്നാളിനെ ' ബലിയപെരുന്നാളാക്കി'  സലിമിനൊപ്പം തന്നെയുണ്ട്.. കുട്ടിന് മകന്‍ ലുഖമാന്‍ ഹസന്‍ ബിന്‍ സലിമു കൂടി ദോശപ്പെരുന്നാളിന് രുചിപകരുകയാണ്.. ദോശ ഫെസ്റ്റില്‍നിന്നുള്ള വരുമാനം ലയണ്‍സ് പാര്‍ക്കിന്റെ നവീകരണത്തിനായാണ് ഉപയോഗിക്കുക. 

ഈ മാസം 21നാണ് രുചിഭേദത്തിന്റെ ദോശപ്പെരുന്നാളിന് അടുക്കളയുണർന്നത്. ഇമ്മിണി ബലിയ ദോശയും പോത്തൻ ദോശയും കല്ലുമ്മക്കായ ദോശയുമെല്ലാം  ലയണ്‍സ് പാര്‍ക്കിൽ നിങ്ങളെയും കാത്തിരിക്കും. ഈ മുപ്പതാം തീയ്യതിവരെ..