ണ്ട്...പണ്ട്...അലൂമിനിയം പാത്രങ്ങളും പ്രഷര്‍കുക്കറുമൊക്കെ അടുക്കള കീഴടക്കുംമുമ്പ് ചട്ടി എന്നൊരു വസ്തു അവിടം വാണിരുന്നു... മണ്‍ചട്ടിയില്‍ മുളകിട്ട മീന്‍കറിയുണ്ടാക്കി അത് വിളമ്പിത്തീരുമ്പോള്‍ അതിലേക്ക് ഒരുപിടി ചോറിട്ട് പെരക്കിത്തിന്നതിന്റെ, ആ ചട്ടി വടിച്ചതിന്റെ രുചി ഇന്ന് എത്രപേരുടെ നാവിന്‍തുമ്പിലുണ്ട്..? രണ്ടീസം പഴകിയ സാമ്പാറാണെങ്കില്‍ രുചിയുടെ കാര്യം പിന്നെ പറയേണ്ട...

കാലം ആ കലത്തെ ഓര്‍മയിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോള്‍ ആ ചട്ടിവടിയുടെ രുചിയോര്‍മ മംഗളൂരുവില്‍ തിരിച്ചുപിടിക്കുകയാണ് കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശിയായ ഡാലിയ ദീപക്. മംഗളൂരു നവഭാരത് സര്‍ക്കിളില്‍ ഡാലിയ പുതുതായി തുറന്ന ബാംബു വില്ലേജ് എന്ന ഹോട്ടലിലെത്തിയാല്‍ നിങ്ങള്‍ക്ക് ഒന്നുകൂടു ആ ചട്ടിവടിക്കാം, ആ പഴയ ഓര്‍മ തിരിച്ചുകൊണ്ടുവരാം.

ഇവിടെ മേശയ്ക്ക് മുന്നിലിരുന്ന് ഒരു ചട്ടിച്ചോര്‍എന്നുപറഞ്ഞാല്‍ മാത്രം മതി. 10 മിനുട്ടിനകം ചൂടികൊണ്ടു മെടഞ്ഞ തെരികയ്ക്കുമുകളില്‍ ചോറും കറികളുമൊക്കെ ഒന്നിച്ച് വിളമ്പിയ ചട്ടിയെത്തും...ഇനിയത് വടിച്ചുവാരി തിന്നുകയേ വേണ്ടൂ. കുടംപുളിയിട്ടു വറ്റിച്ച മീന്‍മൊളീശന്‍, പപ്പടം, പയര്‍ തോരന്‍, നെല്ലിക്കാവലുപ്പത്തില്‍ മുളക് ചുട്ട് അരച്ചെടുത്ത തേങ്ങാച്ചമ്മന്തി, അച്ചാര്‍, മുളക് കൊണ്ടാട്ടം, കുറച്ച് തൈര് അതിനുമുകളില്‍ ഇരുവിരലാല്‍ ഞെരടിയിടാന്‍ ഒരു പച്ചമുളക്. ഇതെല്ലാം ഒരു ചട്ടിയില്‍ ഒരുമിച്ചുവിളമ്പിത്തരുന്നതാണ് ചട്ടിച്ചോര്‍.

പണ്ട് അമ്മ ചട്ടിയില്‍ ചോറിട്ട് പെരക്കി തന്നിരുന്ന ഓര്‍മയുണ്ട്.. അതേ കാര്യം ദുബായിയിലെ ഒരു ഹോട്ടലിലും കണ്ടു. യു ട്യൂബിലും ഇതുണ്ട്. ഹോട്ടല്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം ഓര്‍മയില്‍ വന്നത് അമ്മ ചട്ടിയില്‍ പെരക്കിത്തന്ന ആ ചോറിന്റെ രുചിയായിരുന്നു. അങ്ങനെ ചട്ടിച്ചോര്‍ ഇവിടത്തെ ഒരു ഭക്ഷണവിഭവമായിബാംബു വില്ലേജിലെ ചട്ടിച്ചോറിന്റെ ഉത്ഭവത്തിലേക്ക് ഡാലിയ കൂട്ടിക്കൊണ്ടുപോയി.

കട്ടിയുള്ള മണ്‍ചട്ടിയിലാണ് ചോറും കറിയുമെല്ലാം വിളമ്പി സെറ്റ് ചെയ്ത് നമുക്ക് മുന്നിലെത്തിക്കുന്നത്. ചട്ടി ചൂടിനെ നിലനിര്‍ത്തുമെന്നത് കൊണ്ടുതന്നെ അവസാനത്തെ ഉരുള ഉരുട്ടുമ്പോള്‍ പോലും ചൂടുണ്ടാകും എന്നതും മറ്റൊരു പ്രത്യേകതയാണ്. മീന്‍ അത്ര ഇഷ്ടമല്ലാത്തവര്‍ക്ക് ചിക്കന്‍ ചട്ടിച്ചോറുണ്ട്. മീന്‍ കറിക്കുപകരം വറുത്തരച്ച ചിക്കന്‍കറിയാകുമെന്നുമാത്രം. ബാക്കിവിഭവങ്ങളെല്ലാം അതുതന്നെ.

മീന്‍ചട്ടിച്ചോറിന് 80 രൂപയാണ് വില ചിക്കനാകുമ്പോള്‍ 10 രൂപ കൂടുമെന്നുമാത്രം. അജ്‌നാമോട്ടോ രുചികൂട്ടാനായുപയോഗിക്കുന്ന മറ്റ് കൃത്രിമ രാസവസ്തുക്കള്‍ ഇവയ്‌ക്കെല്ലാം ഈമുളഗ്രാമത്തിന്റെ പടിക്ക് പുറത്താണ് സ്ഥാനം. മികച്ച പാചകക്കാരികൂടിയായ ഡാലിയക്കറിയാം തനതുരുചിയുടെ ഗുണം. അതുകൊണ്ടുതന്നെ സാധാരണ നമ്മള്‍ വീട്ടിലുപയോഗിക്കുന്ന മസാലകളൊക്കെത്തന്നെയാണ് ഈ ഹോട്ടലിന്റെ അടുക്കളയിലും ഉപയോഗിക്കുന്നത്. ഇത് വല്ലാത്തൊരു വെല്ലുവിളിയായത് ഡാലിയ ഓര്‍ക്കുന്നുഈ ഒരു ശാഠ്യം ശരിക്കും വെള്ളം കുടിപ്പിച്ചു. ഹോട്ടല്‍ തുടങ്ങാനായി കുക്കിനെ ഇന്റര്‍വ്യു ചെയ്തപ്പോള്‍ എല്ലാവര്‍ക്കും വേണം അജ്‌നാമോട്ടോയും കളറും മറ്റ് രാസസവസ്തുക്കളും. അതില്ലാതെ അവര്‍ക്ക് പാചകം ചെയ്യാനാവില്ലെന്ന്. എല്ലാ കുക്കുമാരും സലാം പറഞ്ഞുപോയി. പിന്നീടാണ് സമാന ചിന്താഗതിക്കാരായ പാചകക്കാരെ കിട്ടിയത്ഡാലിയ പറയുന്നു.

വിവിധ മലയാളം ചാനലുകള്‍ സംഘടിപ്പിച്ച കുക്കറി ഷോകളിലെ വിജയികൂടിയായ പറശ്ശിനിക്കടവ് കണ്ണോത്ത് വീട്ടില്‍ ഡാലിയയാണ് ഹോട്ടല്‍ അടുക്കളയിലെ പാചകത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

മംഗളൂരു അത്താവറിലാണ് കുടുംബം താമസിക്കുന്നത്. വിദേശത്തായിരുന്ന ഭര്‍ത്താവ് ദീപക് ഇപ്പോള്‍ ഡാലിയയ്‌ക്കൊപ്പമുണ്ട്. അദിതി, അഹാന, അമേയ എന്നിവര്‍ മക്കളാണ്.

Bamboo village hotel in Manglore