Sarasamma
സരസമ്മ

രിയുന്ന വയറിന് അന്നം അതാണ് അമ്മച്ചി ഹോട്ടലിന്റെ മുദ്രാവാക്യം. മാറിയ ജി.എസ്.ടി.യോടും വിലവര്‍ധനയോടും ഇവിടുത്തെ അമ്മച്ചി പറഞ്ഞു - കടക്ക് പുറത്ത്. കക്കായിറച്ചിയും മത്തിവറുത്തതും ഉള്‍പെടെയുള്ള ഊണാണ് അമ്മച്ചി നല്‍കുന്നത്, വില മുപ്പത് രൂപ മാത്രം. 

ആലപ്പുഴ വലിയചുടുകാടിന് സമീപം ജലഅതോറിറ്റി ടാങ്കിന് എതിര്‍വശമുള്ള ഇടവഴിയിലാണ് അമ്മച്ചി ഹോട്ടലെന്ന വീട്ടില്‍ ഊണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മെഴുക്കുപുരട്ടി, മാങ്ങാ അച്ചാര്‍, തോരന്‍, സാമ്പാര്‍, പുളിശ്ശേരി, മീന്‍കറി എന്നിവയാണ് ഇവിടത്തെ മറ്റുവിഭവങ്ങള്‍. 

ആലപ്പുഴ ഉമ്മാപറമ്പില്‍ സരസമ്മ (81) ആണ് ഇത്ര വിലക്കുറവില്‍ ഇവിടെ എത്തുന്നവരുടെയെല്ലാം വയറു നിറയ്ക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്നുമണിവരെ നിന്നു തിരിയാന്‍ സാധിക്കാത്ത തിരക്കാണ് അമ്മച്ചിയുടെ വീട്ടില്‍.  

ഇവിടെ എന്താണ് ഇത്ര വിലക്കുറവെന്ന് ചോദിച്ചാല്‍ അമ്മച്ചിക്ക് ഒറ്റ മറുപടി മാത്രം 'ഇവിടെ എത്തുന്നവരില്‍ ഭൂരിഭാഗവും കോളേജ് കുട്ടികളാണ്. അവര്‍ക്ക് താങ്ങുന്ന വിലയില്‍ ഭക്ഷണം കൊടുക്കുക മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ'. 

മീനും, കക്കയിറച്ചിയും രണ്ടാമത് മേടിക്കുന്നവരില്‍ നിന്ന് പത്ത് രൂപ അധികം ഈടാക്കും. അമ്മച്ചിയുടെ മരുമകള്‍ രാധാമണിയാണ് പാചകത്തിന് സഹായിക്കുന്നത്. ഇതുകൂടാതെ പെയ്ന്റിങ് തൊഴിലാളിയായ മകന്‍ സുരേഷ്‌കുമാറും ഉച്ചസമയങ്ങളില്‍ സഹായത്തിനായി വരും. 

ജി.എസ്.ടി.യുടെ മറവില്‍ ഹോട്ടലുകള്‍ ആളെ കൊള്ളയടിക്കുമ്പോള്‍ 'വീട്ടില്‍ ഊണ്' കേന്ദ്രങ്ങള്‍ വലിയ ആശ്വാസമാകുന്നു. ഇടത്തരക്കാരന്റെ പോക്കറ്റ് ചോരാതെ ഊണും പത്തോ ഇരുപതോ രൂപ കൊടുത്താല്‍ മീന്‍വറുത്തതും ലഭിക്കും എന്നതുതന്നെയാണ് ഈ കേന്ദ്രങ്ങളുടെ ആകര്‍ഷണീയത. 

Content Highlights: Ammachi hotel, Ammachi hotel Alappuzha, best local food in Alappuzha, Kerala food, tasty, quality local food, food, Kerala Food, Food On Road