ള്ളിവട, പരിപ്പുവട.... വട ഏതായാലും വില ഒരു രൂപ മാത്രം. ഇത്തിരി വലിപ്പക്കുറവാണെങ്കിലും രുചിയിലും ഗുണത്തിലും മുന്‍പന്തിയിലാണ്. ഇനി സുഖിയനോ ബോണ്ടയോ വേണമെങ്കില്‍ മൂന്നുരൂപ മതി. പൊറോട്ടയ്ക്കാണെങ്കില്‍ അഞ്ചുരൂപ മാത്രം. ചായയ്ക്കും അതേവില തന്നെ... ആലപ്പുഴ ഏവൂരിലെ ഒരുരൂപ കടയിലെ വില വിശേഷങ്ങളാണിത്. ആല്‍ത്തറമൂട്ടില്‍ ഹസന്‍കുഞ്ഞിന്റെ ഈ കടയുടെ വിശേഷം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്.

ഏവൂര്‍-മുട്ടം റോഡില്‍ ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ഹസന്‍കുഞ്ഞിന്റെ കട. പ്രത്യേകിച്ച് പേരില്ല. നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്നതാണ് ഒരു രൂപക്കടയെന്നാണ്.

ഹാഫ് ബീഫ് കറിയാണ് മറ്റൊരു ചൂടന്‍ വിഭവം. വില 30 രൂപ. നാലു പൊറാട്ട കൂടിയായാല്‍ 50 രൂപയ്ക്ക് വയറുനിറയെ കഴിച്ചിറങ്ങാം. വിറകടുപ്പിലാണ് പാചകം. ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കും. അടുക്കളയിലുള്‍പ്പെടെ ആര്‍ക്കും കയറാം. പലഹാരങ്ങള്‍ വെന്തിറങ്ങന്നത് കാണാം. ചൂടോടെ കഴിക്കാം.

'ചെറിയ ലാഭം, കൂടുതല്‍ കച്ചവടം' എന്നതാണ് ഒരുരൂപ കടയുടെ നടത്തിപ്പിന് പിന്നിലെ തത്ത്വം. ഏവൂരിലെ വീടുകളില്‍ എന്തുവിശേഷമുണ്ടായാലും ഇവിടുത്തെ പലഹാരങ്ങളുണ്ടാകും. വടയാണെങ്കില്‍ ഒന്നും രണ്ടുമല്ല നൂറും ഇരുന്നൂറും വീതമാണ് പാഴ്സല്‍ വാങ്ങുന്നത്.

ഹസന്‍കുഞ്ഞിന്റെ ഉമ്മ ആറുപതിറ്റാണ്ട് മുന്‍പ് തുടങ്ങിയ പുട്ടുകടയാണ് കാലാന്തരത്തില്‍ പലഹാരത്തിന്റെ രുചിപ്പെരുമ കൊണ്ട് ശ്രദ്ധേയമാകുന്നത്.

ഹസന്‍കുഞ്ഞ് കടയുടെ ചുമതല ഏറ്റതോടെയാണ് പുട്ടിന്റെ സ്ഥാനം പലഹാരങ്ങള്‍ ഏറ്റെടുത്തു. ആദ്യകാലം മുതല്‍ വിലക്കുറവായിരുന്നു ഈ കടയുടെ ആകര്‍ഷണം. അടുത്ത കാലം വരെ എല്ലാ പലഹാരങ്ങള്‍ക്കും ഒരു രൂപയായിരുന്നു വില. ഹസന്‍കുഞ്ഞിന്റെ മകന്‍ റാഫിയാണ് ഇപ്പോഴത്തെ നടത്തിപ്പുകാരന്‍. മൂന്നുതലമുറ പിന്നിട്ട ചരിത്രമാണ് ഈ കടയ്ക്കുള്ളത്. കായംകുളം സസ്യമാര്‍ക്കറ്റില്‍നിന്ന് ഏവൂര്‍ മുട്ടം വഴി വന്നാല്‍ കടയിലെത്താം

Content Highlights: Alapuzha Tea Shop