ല്ലാവര്‍ഷവും നവംബര്‍ ഒന്നാം തിയതിയാണ് ലോക വീഗന്‍ ദിനമായി ആചരിക്കുന്നത്. ഈ ആഹാരക്രമത്തിന്റെ പ്രധാന്യം, നേട്ടങ്ങള്‍, അപകടസാധ്യതകള്‍ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലോക വീഗന്‍ദിനം കൊണ്ട് ഉദ്യേശിക്കുന്നത്. 
വീഗന്‍ ആഹാരക്രമം എന്നത് വെറുമൊരു ഭക്ഷണക്രമത്തിലെ തിരഞ്ഞെടുപ്പ് മാത്രമല്ല, മറിച്ച് അതൊരു ജീവിതരീതിയാണ്. ലോകമെമ്പാടും ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ആഹാരക്രമങ്ങളിലൊന്നാണ് വീഗന്‍. രൺവീർ കപൂർ, പാർവതി തിരുവോത്ത് തുടങ്ങിയ സെലബ്രിറ്റികൾ തങ്ങൾ വീഗൻ ഡയറ്റാണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. 

മത്സ്യ, മാംസ ആഹാരങ്ങള്‍ക്കൊപ്പം പാലും പാല്‍ ഉത്പന്നങ്ങളും വര്‍ജിക്കുന്ന ആഹാരക്രമമാണിത്. അതിനാല്‍, ഏറെ അപകടസാധ്യത നിലനില്‍ക്കുന്ന രീതികൂടിയാണിത്. കാരണം, ഈ ആഹാരങ്ങളില്‍നിന്നു ലഭിക്കുന്ന പോഷകങ്ങള്‍ പച്ചക്കറിയില്‍ നിന്നു മാത്രം കിട്ടേണ്ടതുണ്ട്. മാംസാഹാരത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള പോഷകം പ്രോട്ടീന്‍ ആയതിനാല്‍ അത് പൂര്‍ണമായും ഒഴിവാക്കുമ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. അതിനാല്‍, പ്രോട്ടീന്‍ നന്നായി ലഭിക്കുന്ന പച്ചക്കറികള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം

വെള്ളക്കടല

പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഈ കടല ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും രക്തത്തിലെ കൊളസട്രോളിന്റെ അളവും പ്രമേഹവും നിയന്ത്രിക്കുന്നതിനും സഹായിക്കും.

നട്‌സ്

ശരീരത്തിന് ആവശ്യമായ കൊഴുപ്പ്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ എന്നിവയുടെ കലവറയാണ് നട്‌സ്. നട്‌സ് കഴിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും ആരോഗ്യമുള്ള പേശികളുടെയും എല്ലുകളുടെയും നിര്‍മാണത്തിനും നട്‌സ് സഹായിക്കുന്നു.

ധാന്യങ്ങള്‍ 

വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്കു ഏറ്റവും മികച്ച പ്രോട്ടീന്‍ സമ്പന്ന ഭക്ഷണമാണ് ധാന്യങ്ങള്‍. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങി എല്ലാ അവശ്യ പോഷകങ്ങളാലും സമൃദ്ധമാണ്‌ ധാന്യങ്ങള്‍.

ടോഫു

സോയാ പാല്‍കൊണ്ട് ഉണ്ടാക്കുന്ന ടോഫു പാല്‍ക്കട്ടിക്ക് സമാനമാണ്. പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, അയണ്‍ എന്നിവ ടോഫുവില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വീഗന്‍ ഡയറ്റില്‍ ഇറച്ചിക്കുപകരമായി ഉപയോഗിക്കുന്നതാണ് ടോഫു.

മത്തന്‍ കുരു

വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് തങ്ങളുടെ പലവ്യഞ്ജന ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന പ്രോട്ടീന്‍ സമൃദമായ ഒന്നാണ് മത്തങ്ങയുടെ കുരു. പ്രോട്ടീനൊപ്പം ആന്റി ഓക്‌സിഡന്റുകളും കൊഴുപ്പും മറ്റ് പോഷകങ്ങളും മത്തങ്ങയുടെ കുരുവില്‍ അടങ്ങിയിട്ടുണ്ട്. പലഹാരങ്ങള്‍ തയ്യാറാക്കുമ്പോള്‍ മത്തന്‍ കുരു പൊടിച്ചു  ചേര്‍ക്കുകയുമാകാം.

Content highlights: world vegan day 2021 here is a list of healthy plant based protein sources