പ്രതീകാത്മക ചിത്രം(File Photo) | Photo: A.F.P
ലോകമെമ്പാടും ഏറ്റവും ജനപ്രീതിയുള്ള പാനീയങ്ങളിലൊന്നാണ് ചായ. രുചിയ്‌ക്കൊപ്പം വലിയ വലിയ പണച്ചെലവില്ലാത്തതും ചായയെ പ്രിയങ്കരമാക്കുന്നു. കോടിക്കണക്കിനാളുകളാണ് ദിവസവും ചായ കുടിക്കുന്നത്. ലോക ബിവറേജ് വിപണിയില്‍ പ്രധാന ഘടകമാണ് ചായ. എല്ലാവര്‍ഷവും മേയ് 21-നാണ് അന്താരാഷ്ട്ര തേയില ദിനം ആചരിക്കുന്നത്. തേയില തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള അവസരം ഒരുക്കുക, മികച്ച വ്യാപാരം ഉറപ്പുവരുത്തുക, തേയില ഉത്പാദനം മെച്ചപ്പെടുത്തുന്നതിന് സുസ്ഥിരമായ അന്തരീക്ഷം ഒരുക്കുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 2005-ലാണ് ആദ്യ അന്താരാഷ്ട്ര തേയില ദിനം ആചരിച്ചത്. ഡല്‍ഹിയാണ് ആദ്യ തേയിലദിന പരിപാടികള്‍ക്ക് ആതിഥ്യമരുളിയത്.
മണ്ണിന്റെ ഘടനയും കാലാവസ്ഥയും തേയില കൃഷിയില്‍ നിര്‍ണായകമാണ്. ദിവസവും ദശലക്ഷക്കണക്കിന് അളവില്‍ കയറ്റുമതിയും ഇറക്കമതിയും ചെയ്യുന്ന ചായ പ്രധാനമായും രണ്ടു ഇനങ്ങളാണ് ഉള്ളത്. ചെറിയ ഇലകളോട് കൂടിയ ചൈന തേയിലയും വലിയ ഇലകളോട് കൂടിയ അസം തേയിലയും. ഇവയുടെ രണ്ടിന്റെയും സങ്കര ഇനങ്ങളും ഇന്ന് കൃഷി ചെയ്യുന്നുണ്ട്. കാമെല്ലിയ സിനെന്‍സിസ് എന്നാണ് തേയിലയുടെ ശാസ്ത്രീയനാമം.

അല്‍പ്പം ചായ ചരിത്രം
2700 ബി.സി. മുതല്‍ ചൈനയില്‍ ചായ ഉപയോഗത്തിലുണ്ടെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. തുടക്കകാലത്ത് തേയിലയെ മരുന്ന് എന്ന രീതിയിലായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, എ.ഡി. മൂന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും ദിവസവും കുടിക്കുന്ന പാനീയമെന്ന രീതിയിലേക്ക് മാറി. എ.ഡി. 800 ആയപ്പോഴേക്കും ജപ്പാനിലേക്ക് ആദ്യമായി തേയില വിത്തുകള്‍ എത്തിച്ചു. 13-ാം നൂറ്റാണ്ട് ആയപ്പോഴേക്കും തേയില ഉത്പാദനവും സംസ്‌കരണവും തുടങ്ങി.
1824-ല്‍ മ്യാന്‍മറിനും (അന്നത്തെ ബര്‍മ) ഇന്ത്യന്‍ സംസ്ഥാനമായ അസമിനും ഇടയില്‍ അതിര്‍ത്തി പങ്കിടുന്ന ഒരു കുന്നില്‍ തേയില കണ്ടെത്തി. ഇന്ത്യയില്‍ ചായ സംസ്‌കാരം അവതരിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. 1836-ല്‍ ആയിരുന്നു ഇത്. 1867 ആയപ്പോഴേക്കും സിലോണില്‍(ശ്രീലങ്ക) ബ്രിട്ടീഷുകാര്‍ തേയില പരിചയപ്പെടുത്തി. അസമില്‍ കണ്ടെത്തിയ തേയിലയുടെ വിത്തുകളാണ് പിന്നീട് വ്യാപകമായി ഇരുരാജ്യങ്ങളിലും ഉപയോഗിച്ച് തുടങ്ങിയത്.
1610-ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ചൈനീസ് തേയില യൂറോപ്പില്‍ എത്തിച്ചത്. 1669-ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ചൈനാ തേയില ജാവാ തുറമുഖം വഴി ലണ്ടന്‍ വിപണിയില്‍ എത്തിച്ചത്. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ തങ്ങളുടെ കോളനികളായ ഇന്ത്യയിലും സിലോണിലും തേയില എത്തിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തേയില കൃഷി മിക്ക ഏഷ്യല്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചു.

ചായകള്‍ പലവിധം
ഗുണത്തിന്റെയും ഇലയുടെ വലുപ്പത്തിന്റെയും നിറത്തിന്റെയുമെല്ലാം അടിസ്ഥാനത്തില്‍ തേയിലയെ തരംതിരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് തേയില സംസ്‌കരിച്ചെടുക്കുന്ന രീതിക്ക് അനുസരിച്ചുള്ള തരംതിരിക്കലാണ്. പുളിപ്പിക്കല്‍ പ്രക്രിയ(ഫെര്‍മെന്റഡ്-കറുത്തത്), പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ അല്ലാത്തത്(അണ്‍ഫെര്‍മെന്റഡ്), സെമി ഫെര്‍മെന്റഡ് എന്നിവയാണത്. നിറത്തിന്റെയും ഗുണത്തിന്റെയും അടിസ്ഥാനത്തില്‍ ചായയെ പലതായി തരം തിരിച്ചിട്ടുണ്ട്. ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, ഊലാങ് ടീ, വൈറ്റ് ടീ എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്.
തേയിലയിലെ പ്രധാന ഘടകം കഫീന്‍ ആണ്. ചായ കുടിക്കുമ്പോള്‍ ഉന്മേഷം തോന്നിപ്പിക്കുന്നത് ഇതാണ്. ചായയുടെ നിറം, രുചി, മണം എന്നിവയ്‌ക്കെല്ലാം കാരണം കഫീന്‍ ആണ്.
ചായപ്പൊടി ഉണ്ടാകുന്നത്
പ്രധാനമായും നാലുഘട്ടങ്ങളിലൂടെയാണ് തേയിലയില്‍നിന്ന് ചായപ്പൊടി ഉണ്ടാക്കിയെടുക്കുന്നത്. വിതറിങ്(withering), റോളിങ്(Rolling), പുളിപ്പിക്കല്‍പ്രക്രിയ(Fermentation), ഉണക്കല്‍(Drying) എന്നിങ്ങനെ നാലു ഘട്ടങ്ങളായാണ് ചായപ്പൊടി(ബ്ലാക്ക് ടീ-Black Tea) നിര്‍മിക്കുന്നത്.
വിതറിങ്
തേയിലയിലെ ജലാംശം നീക്കം ചെയ്യുന്ന ഘട്ടമാണിത്. ഈ ഘട്ടം പൂര്‍ത്തിയാകുന്നതോടെ ഇലയുടെ ഭാരത്തില്‍ 70 മുതല്‍ 80 ശതമാനം വരെ കുറവ് വരും. ഇതിനുശേഷം ട്രേകളില്‍ ഈ ഇല ഉണങ്ങാന്‍ ഇടുന്നതാണ് പരമ്പരാഗത ശൈലി. എകദേശം 18 മുതല്‍ 20 മണിക്കൂര്‍ വരെ ഇത് ഇപ്രകാരം സൂക്ഷിക്കും. താപനില, അന്തരീക്ഷത്തിലെ ജലാംശത്തിന്റെ അളവ്, ഇലയിലെ ജലാംശത്തിന്റെ അളവ് എന്നിവയൊക്കെ അനുസരിച്ചായിരിക്കും ഇത്. ഇപ്പോള്‍ ഇത്തരംകാര്യങ്ങളെല്ലാം മെഷീനുകള്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്.
റോളിങ്
ജലാംശം നീക്കം ചെയ്ത ഇലകള്‍ നന്നായി പൊടിച്ചെടുക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. ജലാംശം നീക്കം ചെയ്ത ഇലകള്‍ക്ക് അവയുടെ ആകൃതി ഈ ഘട്ടത്തില്‍ നഷ്ടമാകുന്നു. തുടര്‍ന്ന് പോളിഫിനോള്‍ എന്ന പ്രോട്ടീനുകള്‍ ഈ ഘട്ടത്തില്‍ അവയുമായി ചേര്‍ക്കും.
ഫെര്‍മെന്റേഷന്‍
നേരത്തെ പൊടിച്ചെടുത്ത തേയില അലൂമിനിയം ട്രേകളില്‍ കനംകുറച്ച് നിരത്തും. ഇത് താപനില, അന്തരീക്ഷത്തിലെ ജലാംശം, വായുസഞ്ചാരം എന്നിവയെല്ലാം നിയന്ത്രിച്ചായിരിക്കും ഈ ഘട്ടം. ഈ ഘട്ടത്തില്‍ ചില രാസപ്രക്രിയകളാണ് നടക്കുന്നത്. ഫെര്‍മെന്റേഷന്‍ ഘട്ടം പൂര്‍ത്തിയാകുമ്പോഴേക്കും തേയിലയുടെ നിറം കടും ബ്രൗണ്‍ നിറമോ തവിട്ട് നിറമോ ആയിട്ടുണ്ടാകും.

ഡ്രൈയിങ്
ഈ ഘട്ടത്തില്‍ ഇലയിലെ ജലാശം 3 ശതമാനമാക്കി ചുരുങ്ങും. ചൂടുവായു നിറച്ച ഡ്രയറാണ് ഇന്ന് ഇതിനായി ഉപയോഗിക്കുന്നത്. ഈ നടപടിക്രമം തുടങ്ങുന്നതോടെ ഫെര്‍മന്റേഷന്‍ പൂര്‍ത്തിയാകും. തേയിലയ്ക്ക് കറുത്തനിറവും ലഭിക്കും.
തേയില കയറ്റുമതി
ലോകരാജ്യങ്ങളില്‍ ചൈനയാണ് ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യം. ശ്രീലങ്ക, കെനിയ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളതെന്ന് ടീ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ 2020-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
2020-ല്‍ 2.04 ബില്ല്യണ്‍ യു.എസ്. ഡോളറിന്റെ തേയിലയാണ് ചൈന മറ്റുരാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. തേയില ഉത്പാദനത്തിലും ലോകരാജ്യങ്ങളില്‍ ചൈന തന്നെയാണ് മുന്നില്‍. 2019-ല്‍ 2.8 മെട്രിക് ടണ്‍ തേയിലയാണ് ചൈന ഉത്പാദിപ്പിച്ചതെന്ന് ടീ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ തേയില ഉത്പാദനവും കയറ്റുമതിയും
ആഗോളതലത്തില്‍ തേയില ഉത്പാദനത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 2018-ല്‍ നടന്ന സര്‍വെയില്‍ 6.37 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് ഇന്ത്യയില്‍ തേയില കൃഷി ചെയ്യുന്നത്. ഉത്പാദനത്തിന് പുറമെ തേയിലയുടെ ഉപഭോഗത്തിലും ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്‍പന്തിയിലാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന തേയിലയുടെ 80 ശതമാനവും ആഭ്യന്തര ഉപഭോഗത്തിനായി നീക്കിവെച്ചിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ തേയില ഉത്പാദനത്തിന്റെ 77 ശതമാനവും നിലകൊള്ളുന്നത്. ഇതില്‍തന്നെ ഒന്നാം സ്ഥാനം അസമിനാണ്. രണ്ടാം സ്ഥാനം പശ്ചിമബംഗാളിനും. ഇതിനു പുറമെ തമിഴ്‌നാട്, കേരളം, കര്‍ണാടകം എന്നിവടങ്ങളും രാജ്യത്തെ മൊത്തം തേയില ഉത്പാദനത്തില്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ട്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1.2 ബില്ല്യണ്‍ കിലോഗ്രാം തേയിലാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെട്ടതെന്ന് ടീ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ തേയില കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ആകെ കയറ്റുമതിയുടെ പത്ത് ശതമാനമാണ് ഇന്ത്യയുടെ സംഭാവന. ഇന്ത്യന്‍ അസം, ഡാര്‍ജിലിങ്, നീലഗിരി ടീ എന്നിവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. 25 രാജ്യങ്ങളില്‍ ഇന്ന് ഇന്ത്യ തേയില കയറ്റുമതി ചെയ്യുന്നുണ്ട്. റഷ്യ, ഇറാന്‍, യു.എ.ഇ., യു.എസ്., യു.കെ., ജര്‍മ്മനി, ചൈന എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നും പ്രധാനമായും ചായ ഇറക്കുമതി ചെയ്യുന്നത്. 2020-ല്‍ 692.1 മില്ല്യണ്‍ ഡോളറിന്റെ തേയിലയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
ബ്ലാക്ക് ടീ ആണ് ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. ആകെ കയറ്റുമതിയുടെ 96 ശതമാനത്തോളം വരുമിത്.

ടീ ബോര്‍ഡ് ഓഫ് ഇന്ത്യ
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലാണ് ടീ ബോര്‍ഡ് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ തേയില വ്യവസായത്തിന്റെ വികസനം ലക്ഷ്യമിട്ട് 1953-നാണ് ടീ ബോര്‍ഡ് ഓഫ് ഇന്ത്യ സ്ഥാപിതമായത്. പിറ്റേ വര്‍ഷം മുതലാണ് ഇത് പ്രവര്‍ത്തിച്ചു തുടങ്ങിയത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീ ബോര്‍ഡിന് രാജ്യമെമ്പാടുമായി 17 ഓഫീസുകളുണ്ട്. ടീ നിയമത്തിന്റെ പരിധിയില്‍ തേയില ഉത്പാദകര്‍, നിര്‍മാതാക്കള്‍, കയറ്റുമതിക്കാര്‍, ഇടനിലക്കാര്‍, ലേലത്തിന് നേതൃത്വം നല്‍കുന്നവര്‍, വെയര്‍ഹൗസ് സൂക്ഷിപ്പുകാര്‍ എന്നിവരെ നിയന്ത്രിക്കുന്നത് ടീ ബോര്‍ഡ് ഓഫ് ഇന്ത്യയാണ്.
ഉത്പാദനം വര്‍ധിപ്പിക്കുക, തേയില ഗുണമേന്മ വര്‍ധിപ്പിക്കുക, വിപണി പിടിക്കല്‍, പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പാക്കുക, ഗവേഷണത്തിനും വികസനത്തിനും നേതൃത്വം നല്‍കുക എന്നിവയാണ് ടീ ബോര്‍ഡിന്റെ മറ്റ് പ്രധാന ചുമതലകള്‍.
ചായയും ആരോഗ്യവും
ചായയുടെ ആരോഗ്യഗുണത്തെക്കുറിച്ചും ദോഷവശങ്ങളെക്കുറിച്ചും വലിയതോതിലുള്ള പഠനങ്ങളും ചര്‍ച്ചകളും നടന്നുവരുന്നുണ്ട്. ചിലര്‍ ചായ കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് പറയുമ്പോള്‍, ചിലരാകട്ടെ അത് ശരീരത്തിലുണ്ടാക്കുന്ന ദോഷകരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നു.
ചായ നല്‍കുന്ന ഉന്മേഷമാണ് ചായയെ പ്രിയങ്കരമാക്കുന്നത്. ചായയിലുള്ള കഫീന്‍ എന്ന ഘടകമാണ് ഉന്മേഷം നല്‍കുന്നത്. കൂടാതെ ചായയിലുള്ള കറ്റേച്ചിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഹൃദയത്തിനും രക്തധമനികള്‍ക്കും ഗുണകരമായി പ്രവര്‍ത്തിക്കുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ പോളി ഫിനോള്‍സും ആരോഗ്യപ്രദമാണ്. ബ്ലാക്ക് ടീയില്‍ രണ്ട് മുതല്‍ നാലു ശതമാനം വരെ കഫീന്‍ അടങ്ങിയിരിക്കുന്നു. ഒരു ദിവസം 10 ഗ്രാമില്‍ കൂടുതല്‍ കഫീന്‍ ശരീരത്തില്‍ എത്തുന്നത് ഗുണകരമല്ല. തലവേദന, ഉറക്കക്കുറവ്, ഉത്കണ്ഠ തുടങ്ങിവ ഇത് മൂലമുണ്ടാകാം. അതുകൊണ്ട് തന്നെ നാലു കപ്പ് ചായയില്‍ കൂടുതല്‍ ഒരു ദിവസം കുടിക്കരുത്- കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലിലെ സീനിയര്‍ ഡയറ്റീഷന്‍ ഉഷ മധുസൂദനന്‍ പറഞ്ഞു.
ചായയില്‍ മറ്റൊരു വില്ലന്‍ കൂടിയുണ്ട്. അത് ടാനിന്‍ ആണ്. വെള്ളത്തില്‍ ചായപ്പൊടിയിട്ട് തിളപ്പിക്കുമ്പോള്‍ ടാനിന്റെ അളവ് വര്‍ധിക്കുന്നു. ടാനില്‍ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. ദഹനപ്രശ്‌നങ്ങള്‍, അസിഡിറ്റി തുടങ്ങിയവ ഉണ്ടാക്കും. ഇരുമ്പ് കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ ചായയോയൊപ്പം കഴിക്കുമ്പോള്‍ അതിനുള്ളിലെ ഇരുമ്പിന്റെ ആഗിരണം ചായ തടസ്സപ്പെടുത്തുന്നു. അതിനാലാണ് ഇരുമ്പ് അടങ്ങിയ ഭക്ഷണവും ചായയും ഒരുമിച്ച് കഴിക്കരുതെന്ന് പറയുന്നത്-അവര്‍ വ്യക്തമാക്കി.
തേയില ഉത്പാദനവും കേരളവും
കേരളത്തിലെ തേയില ഉത്പാദനത്തിന്റെ തുടക്കം ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ട് കിടക്കുന്നു. പശ്ചമഘട്ടത്തിന്റെ മലഞ്ചെരിവുകള്‍ തേയില കൃഷിക്ക് അനുയോജ്യമാണെന്ന് അവര്‍ കണ്ടെത്തി. ഇടുക്കി, വയനാട്, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ കേരളത്തില്‍ തേയില കൃഷി ചെയ്യുന്നു. എന്നാല്‍, കേരളത്തിലെ തേയില ഉത്പാദനത്തിന്റെ 80 ശതമാനവും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നാണ്. ഇടുക്കിയിലെ മൂന്നാര്‍, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തേയില കൃഷിയുള്ളത്.
റഫറന്‍സ്
1. https://www.britannica.com
2. Tea Board of India
3. www.ibef.org
Content Highlights: world tea day 2022, tea production, tea export, tea production in the world, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..