കൈകഴുകുന്നിടത്ത് തുടങ്ങുന്നു ഭക്ഷ്യസുരക്ഷ; ശ്രദ്ധയും കരുതലും വേണം ഓരോ ഘട്ടത്തിലും


ഉഷ മധുസൂദനന്‍

3 min read
Read later
Print
Share

ശുദ്ധവും ഭക്ഷണംമൂലം അലര്‍ജിയോ ഭക്ഷ്യജന്യ രോഗങ്ങളോ ഇല്ലാതിരിക്കുക എന്നതാണ് ഭക്ഷ്യസുരക്ഷയുടെ പ്രധാനതത്വം. 

പ്രതീകാത്മക ചിത്രം | Photo: A.F.P.

മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നാണ് ഭക്ഷണം. ഊര്‍ജവും പോഷകങ്ങളും നല്‍കി നമ്മുടെ ശരീരത്തെ നിലനിര്‍ത്തുക എന്നതാണ് ഭക്ഷണത്തിന്റെ ധര്‍മം. അതുകൊണ്ട് തന്നെ ഭക്ഷണം ശുദ്ധമായിരിക്കുക എന്നത് പരമപ്രധാനമാണ്. ഭക്ഷണം സുരക്ഷിതമായിരിക്കണമെങ്കില്‍ ഉത്പാദനം, സംസ്‌കരണം, വിതരണം, ഉപഭോഗം തുടങ്ങി എല്ലാ ഘട്ടങ്ങളിലും കാര്യക്ഷമമായും ശ്രദ്ധയോടുകൂടിയതുമായ ഇടപെടലുകള്‍ അത്യാവശ്യമാണ്.

ശുദ്ധവും ഭക്ഷണംമൂലം അലര്‍ജിയോ ഭക്ഷ്യജന്യ രോഗങ്ങളോ ഇല്ലാതിരിക്കുക എന്നതാണ് ഭക്ഷ്യസുരക്ഷയുടെ പ്രധാനതത്വം.

ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയവയിലേതെങ്കിലും സൂക്ഷ്മജീവികളുടെ പ്രവേശനം, രാസവസ്തുക്കള്‍ കലരല്‍, കുപ്പിച്ചില്ലുകള്‍, ലോഹകഷ്ണങ്ങള്‍, കല്ല് തുടങ്ങിയ ഏതെങ്കിലും ഭക്ഷണത്തില്‍ കലരല്‍ ഇതെല്ലാമാണ് ഭക്ഷണം മൂലമുണ്ടാകാവുന്ന പ്രധാന പ്രശ്‌നങ്ങള്‍. അതായത്, ഭക്ഷ്യജന്യ രോഗങ്ങള്‍ക്കിടയാക്കുന്ന പ്രധാന കാരണങ്ങള്‍.
ലോകത്തില്‍ ഒരു ദിവസം പത്തില്‍ ഒരാള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുന്നു എന്നാണ് കണക്ക്. എന്നാല്‍, മരണം സംഭവിക്കുമ്പോഴും കൂട്ടമായുണ്ടാകുന്ന ഭക്ഷ്യവിഷബാധയും മാത്രമാണ് മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതെന്ന് മാത്രം.

റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍, പാചകം ആവശ്യമില്ലാത്തവ, ശരിയായി വേവാത്തവ, ചീഞ്ഞതും അഴുകിയതുമായവ, പൂപ്പല്‍ ബാധിച്ചവ, ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തവ തുടങ്ങിയവയൊക്കെയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന പ്രധാന ഇനങ്ങള്‍.

ആര്‍ക്കും ഭക്ഷ്യജന്യ രോഗങ്ങള്‍ വരാം. പക്ഷേ, ചില വിഭാഗം ആളുകളെ അത് കൂടുതല്‍ ബാധിക്കുന്നു. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.

ഭക്ഷ്യ സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികളാണ് ഭക്ഷ്യവിഷബാധയ്ക്ക് പ്രധാനകാരണമാകുന്നത്. പാല്‍, പാലുത്പന്നങ്ങള്‍, പഴങ്ങള്‍, ഇറച്ചി ഇവയൊക്കെ പെട്ടെന്ന് കേടാകാന്‍ സാധ്യതയുള്ളവയാണ്.
 • സുരക്ഷിതമായ അസംസ്‌കൃതവസ്തുക്കള്‍ തിരഞ്ഞടുക്കുക.
 • സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുക.
 • വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ വേര്‍തിരിച്ച് വയ്ക്കുക.
 • ഭക്ഷണസാധനങ്ങള്‍ നന്നായി വേവിച്ചെടുക്കുക
 • പാകം ചെയ്ത ഉടനെ കഴിക്കുക, ഒരു നേരത്തേക്കു മാത്രം പാകം ചെയ്യുക.
 • കൈകള്‍ ഇടയ്ക്കിടെ 20 സെക്കന്‍ഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
 • പാകം ചെയ്യാന്‍ ശുദ്ധമായ വെള്ളം ഉപയോഗിക്കുക
 • പാകം ചെയ്ത ഭക്ഷണം 2 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കുകയോ ഫ്രിഡ്ജില്‍ വയ്ക്കുകയോ ചൂട് നിലനിര്‍ത്തുന്ന രീതിയില്‍ സൂക്ഷിക്കുകയോ വേണം. അന്തരീക്ഷ ഊഷ്മാവില്‍ കൂടുതല്‍ സമയം വയ്ക്കരുത്.
 • മുട്ട, ഇറച്ചി, മത്സ്യം തുടങ്ങിയവ 145 ഡിഗ്രി ഫാരന്‍ഹീറ്റിനും 165 ഡിഗ്രി ഫാരന്‍ ഹീറ്റിനും ഇടയില്‍ വേവിക്കുക. പാകം ചെയ്യുന്ന ചൂട് ശ്രദ്ധിക്കുക.
 • പച്ചക്കറികളും പഴങ്ങളും ടാപ്പിനടിയില്‍വെച്ച് നന്നായി കഴുകുക. പുറംഭാഗം വൃത്തിയാക്കാന്‍ ബ്രഷ് ഉപയോഗിക്കാം.
 • കട്ടിങ് ബോര്‍ഡ്, കത്തി, പാത്രങ്ങള്‍, പാചകസ്ഥലം എന്നിവ സോപ്പും ചൂട് വെള്ളവും ഉപയോഗിച്ച് കഴുകി തുടയ്ക്കണം. സോപ്പിന്റെ അംശം അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
 • ഇറച്ചികള്‍ കൈകാര്യം ചെയ്യുന്നതിന് മുമ്പും പിമ്പും കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം.
 • വായു സഞ്ചാരമില്ലാത്ത രീതിയില്‍ ഫ്രിഡ്ജില്‍ സാധനങ്ങള്‍ വയ്ക്കരുത്. ഒന്ന് മറ്റൊന്നിനോട് തൊടുന്ന രീതിയില്‍ ആവരുത്. പാകം ചെയ്തതും അല്ലാത്തതുമായ പദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് വയ്ക്കരുത്. ഇറച്ചി, മത്സ്യം തുടങ്ങിയവയോടൊപ്പം പഴങ്ങളും പച്ചക്കറികളും വയ്ക്കരുത്. വൃത്തിയായി കഴുകിയ ശേഷം മാത്രമെ പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, ഇറച്ചി തുടങ്ങിയവ ഫ്രിഡ്ജില്‍ വയ്ക്കാവൂ. പാലും പാലുത്പന്നങ്ങളും പ്രത്യേകമായി സൂക്ഷിക്കുക. പാല്‍ നന്നായി തിളപ്പിച്ചശേഷം മാത്രം ഉപയോഗിക്കുക. ഫ്രിഡ്ജ് മാസത്തിലൊരിക്കല്‍ ബേക്കിങ് സോഡാ ലായനി ഉപയോഗിച്ച് കഴുകിയോ തുടച്ചോ വൃത്തിയാക്കണം.
 • പാത്രം കഴുകാനുപയോഗിക്കുന്ന സ്‌ക്രബര്‍ ഓരോ തവണയും ഊര്‍പ്പരഹിതമായി വയ്ക്കുകയും ദിവസം രണ്ടുതവണയെങ്കിലും ചൂടുവെള്ളത്തില്‍ കഴുകുകയും വേണം.
 • അരി, പയറുവര്‍ഗങ്ങള്‍ തുടങ്ങിയ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി വയ്ക്കണം. എലിയോ, മറ്റ് ജീവികളോ അവയില്‍ കയറാനിട വരരുത്. മുറുകിയ, അടച്ചുറപ്പുമുള്ള പാത്രത്തില്‍ വേണം ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കാന്‍.
 • അടുക്കളയിലെ മാലിന്യങ്ങള്‍ അതാതുസമയം പുറത്ത് കളയുകയും വേസ്റ്റ് ബിന്‍ വൃത്തിയാക്കുകയും വേണം.
കൈകഴുകേണ്ടതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ്
 • ഇറച്ചി, മത്സ്യം കൈകാര്യം ചെയ്ത ശേഷം
 • ഭക്ഷണം കഴിക്കുന്നതിന് മുമ്പ്
 • ടോയിലറ്റില്‍ പോയ ശേഷം
 • കുട്ടികളുടെ ഡയപ്പര്‍ മാറ്റിയശേഷം
 • മൃഗങ്ങളെ സ്പര്‍ശിച്ചശേഷം
 • വേസ്റ്റ് ഇടുന്ന പാത്രം സ്പര്‍ശിച്ചശേഷം
 • രോഗികളെ പരിചരിച്ച ശേഷം
 • മൂക്ക് ചീറ്റിയ ശേഷം
ശ്രദ്ധിക്കുക

അരി, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ പാകം ചെയ്യാന്‍ എടുക്കുന്നതിന് മുമ്പ് അവയില്‍ ചില്ല് കഷ്ണം, മുടി, ചെറിയ കമ്പി കഷ്ണങ്ങള്‍, കല്ല്, ജീവികളുടെ കാഷ്ടം തുടങ്ങിയ ഇല്ലെന്ന് ഉറപ്പുവരുത്തുക.
ഇത്തരത്തില്‍ എന്തെങ്കിലും മാലിന്യങ്ങള്‍ ഉണ്ടെങ്കില്‍ കടക്കാരനെയും വിതരണക്കാരെയും വിവരമറിയിക്കേണ്ടത് അത്യാവശ്യമാണ്.

ബേക്കറി സാധനങ്ങള്‍ സ്ലാപ്പര്‍ ഉപയോഗിച്ച് പിന്‍ ചെയ്യുന്നത് തടയുകയും പരിശോധിക്കുകയും വേണം.

(കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലിലെ സീനിയര്‍ ഡയറ്റീഷ്യനാണ് ലേഖിക)

Content Highlights: world food safety day 2022, healthy eating, healthy food, food

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
banana

1 min

അമിത വിശപ്പ് തടയാന്‍ പച്ചക്കായ ; ആരോഗ്യഗുണങ്ങള്‍ അറിയാം

Sep 28, 2023


rice

1 min

മസില്‍ കൂട്ടാന്‍ ചോറ് ഒഴിവാക്കണോ ? ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം

Sep 28, 2023


.

1 min

രോഗപ്രതിരോധശേഷി കൂട്ടാനും തലമുടി വളരാനും നല്ലത് ; നക്ഷത്രപ്പുളി പാഴാക്കരുത്

Sep 29, 2023


Most Commented