എല്ലാവര്‍ഷവും ഒക്ടോബര്‍ 16 ആണ് ലോക ഭക്ഷ്യദിനമായി ആഘോഷിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണ്(എഫ്.എ.ഒ.) ലോക ഭക്ഷ്യദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്. 

വിശപ്പ് എന്ന പ്രശ്‌നത്തെ നേരിടുന്നതിന് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലോകമെമ്പാടും ബോധവത്കരണത്തിന് ആഹ്വാനം ചെയ്യുക, എല്ലാവര്‍ക്കും ആരോഗ്യപ്രദമായ ഭക്ഷണശൈലി ഉറപ്പുവരുത്തുക എന്നിവയാണ് ഈ ദിനാമാചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 

ഒരാളും വിശന്നിരിക്കരുതെന്ന് ലക്ഷ്യമിട്ടുകൊണ്ട് സുസ്ഥിരമായ ലോകത്തിനുവേണ്ടി സംഭാവനകള്‍ നല്‍കിയ ആളുകളെ(ഫുഡ്ഹീറോസ്) സ്മരിക്കുക എന്നതാണ് ഈ വര്‍ഷത്തെ ഭക്ഷ്യദിനത്തിലെ തീം. 

1945 ഒക്ടോബര്‍ 16-നാണ് എഫ്.എ.ഒ. സ്ഥാപിതമായത്. ഇതിന്റെ ഓര്‍മ പുതുക്കി 1979 മുതലാണ് ഭക്ഷ്യദിനം ആചരിച്ചുതുടങ്ങിയത്. വിശപ്പ്, പോഷകാഹാരക്കുറവ്, ഭക്ഷ്യ ഉത്പാദനം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ ദിനമാചരിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്.  

കൃഷി-ഭക്ഷ്യ സംവിധാനത്തെക്കുറിച്ചു വിവരിക്കുന്നതിനൊപ്പം ഞെട്ടിപ്പിക്കുന്ന ചില വസ്തുതകള്‍കൂടി എഫ്.എ.ഒ.യുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. 

  •  ലോകജനസംഖ്യയുടെ 40 ശതമാനം പേര്‍ക്കും ആരോഗ്യപ്രദമായ ആഹാരക്രമം ലഭ്യമല്ല
  •  മതിയായ അളവില്‍ ഭക്ഷണം ലഭിക്കാത്തതിനാലോ വ്യായാമം ലഭിക്കാത്തതിനാലോ 20 ലക്ഷത്തോളമാളുകള്‍ക്ക് പൊണ്ണത്തടിയുണ്ടാകുകയും ശരീരഭാരം വര്‍ധിക്കുകയും ചെയ്യുന്നു.
  • ആഗോളതലത്തില്‍ 33 ശതമാനത്തിലധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളപ്പെടുന്നതിന് കാരണം ലോകത്തിലെ ഭക്ഷ്യസംവിധാനത്തിനാണ്
  • പരിമിതമായ വിളവെടുപ്പ്, കൈകാര്യം ചെയ്യല്‍, സംഭരിക്കല്‍, കൈമാറ്റം ചെയ്യല്‍ എന്നിവ കാരണം 14 ശതമാനത്തോളം ഭക്ഷണം പാഴാകുന്നു. 17 ശതമാനത്തോളം ഭക്ഷണം പാഴാകുന്നതാകട്ടെ ഉപഭോക്തൃതലത്തിലുമാണ്.
  • കാര്‍ഷിക-ഭക്ഷ്യ മേഖല ലോകത്ത് നൂറുകോടിയിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. ഇത് മറ്റേത് മേഖലകളുമായി തട്ടിച്ചുനോക്കുമ്പോള്‍ മുന്‍പന്തിയിലാണ്. 

ഭക്ഷണം പാഴാക്കുന്നത് എങ്ങനെ കുറയ്ക്കാം

എഫ്.എ.ഒ.യുടെ അഭിപ്രായം പ്രകാരം നമുക്കെല്ലാവര്‍ക്കും ഫുഡ് ഹീറോ ആകാന്‍ കഴിയും. അതിനൊരു ചെറിയ കാര്യം മാത്രം ചെയ്താല്‍ മതി. നമ്മള്‍ സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ജോലി ചെയ്യുന്നവരാകട്ടെ, പ്രകൃതിയില്‍നിന്ന് പഠിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 
1. ആരോഗ്യപ്രദമായ ആഹാരക്രമം പിന്തുടരുക. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക. ആരോഗ്യമുള്ള ശരീരവും പരിസ്ഥിതിയും നിലനിര്‍ത്തുക.
2. ആരോഗ്യത്തിന് ഉത്തമമായ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുക, ഒപ്പം പ്രകൃതിക്ക് ഇണങ്ങിയതും. ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ലേബലുകളും പാക്കേജിങ് വിവരങ്ങലും ശ്രദ്ധാപൂര്‍വം വായിക്കുക
3. ഭക്ഷണം സംഭരിക്കുന്നത് മെച്ചപ്പെടുത്തുക. ഒപ്പം പാഴാക്കുന്നത് കുറയ്ക്കുക. എന്താണോ ഉപയോഗിക്കാനുള്ളത് അത് മാത്രം വാങ്ങുക. വാങ്ങിയാല്‍ അത് മുഴുവനും ഉപയോഗിക്കുക എന്നതാണ് എഫ്.എ.ഒ. നിര്‍ദേശിക്കുന്നത്. 
4. കഴിയുന്നിടത്തോളം സാധനങ്ങള്‍ പുനരുപയോഗിക്കുക. കംപോസ്റ്റിങ് ഏറ്റവും മികച്ച മാര്‍ഗമാണ്. വീട്ടില്‍ തന്നെ പഴങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്താന്‍ ശ്രദ്ധിക്കുക.