84 വയസുകാരി മേരി ഗ്രാംസിന് 2004- ല്‍ കളഞ്ഞുപോയ വിവാഹമോതിരം തിരികെ കിട്ടിയപ്പോള്‍ ഒരു കാരറ്റ് കൂടി അധികം കിട്ടി. അതേ, ഈ കാരറ്റ് കാരണമാണ് 12 വര്‍ഷത്തിനു ശേഷം മേരിക്ക് തന്റെ വിവാഹമോതിരം തിരികെ ലഭിച്ചത്. വീട്ടിലെ ആവശ്യത്തിനായി പച്ചക്കറിത്തോട്ടത്തില്‍ നിന്നും ശേഖരിച്ച പച്ചക്കറികളുടെ കൂട്ടത്തില്‍ നിന്നാണ് മോതിരത്തിനുള്ളിലൂടെ വളര്‍ന്ന സ്ഥിതിയില്‍ കാരറ്റ് ലഭിച്ചത്. 

കഥ ഇങ്ങനെ, പശ്ചിമ-കാനഡയിലെ ആല്‍ബെര്‍ട്ടയിലെ കുടുംബകൃഷിയിടത്തില്‍ എന്തോ നടുമ്പോഴാണ് മേരിക്ക് തന്റെ കൈയില്‍ നിന്നും വിവാഹമോതിരം നഷ്ടപ്പെട്ടത്. ആകെ പരിഭ്രമിച്ചു പോയ മേരി മകനോടൊഴിച്ച് മറ്റാരോടും ഈ സത്യം പറഞ്ഞില്ല. കുടംബത്തിലുള്ള മറ്റെല്ലാ ആംഗങ്ങളില്‍ നിന്നും അമ്മയും മകനും ആ സത്യം മറച്ചുവച്ചു. 

പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം നോക്കിയിട്ടും മോതിരം കിട്ടാതെ വന്നതോടെ മേരിയും മകനും നേരെ നഗരത്തിലേക്ക് പോയി. അവിടെ നിന്നും വിവാഹമോതിരത്തിന്റെ തനിപകര്‍പ്പിലുള്ള മറ്റൊരു മോതിരം വാങ്ങി വിരലിലണിഞ്ഞു. അങ്ങനെ തല്‍ക്കാലം പ്രശ്‌നം പരിഹരിച്ചു, എന്നാലും ഈ സത്യം അവര്‍ ഭര്‍ത്താവില്‍ നിന്നും മറച്ചുവച്ചു. 

വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കുടുംബകൃഷിയിടത്തില്‍ പച്ചക്കറി ശേഖരിക്കാനിറങ്ങിയ മേരിയുടെ മരുമകള്‍ കോളിന്‍ ഡാലെയുടെ കൈകളിലേക്കാണ് മോതിരമടക്കം കാരറ്റ് എത്തിപ്പെട്ടത്. സംഭവം കോളിന്‍ ഭര്‍ത്താവിനോട് പറഞ്ഞു.

അമ്മയുടെ മോതിരരഹസ്യം അറിയാവുന്ന മകന് ഭാര്യ കണ്ടെടുത്ത മോതിരം ആരുടേതാണെന്നും അത് എങ്ങനെ അവിടെയെത്തി എന്നതും മനസിലാക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല. അയാള്‍ ഉടന്‍ തന്നെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു.

അങ്ങനെ 12 വര്‍ഷത്തിന് ശേഷം ആ മോതിരരഹസ്യം പുറത്തുവന്നു. അഞ്ചുവര്‍ഷം മുമ്പാണ് മേരിയുടെ ഭര്‍ത്താവ് മരിച്ചത്. മരിക്കുന്നതുവരെയും അദ്ദേഹം ഈ രഹസ്യം മനസിലാക്കിയിരുന്നില്ല. അദ്ദേഹത്തോട് സത്യം പറയാതിരുന്നതില്‍ എനിക്ക് കുറ്റബോധമുണ്ട്. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഈ കാര്യങ്ങളെല്ലാം പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു- മേരി പറയുന്നു. 

എന്തായാലും ഇനി മേലാല്‍ ഈ മോതിരവുമിട്ട് കൃഷിയിടത്തിലേക്കില്ല എന്നാണ് മേരി പറയുന്നത്. മോതിരം എവിടെയെങ്കിലും ഊരി സൂക്ഷിച്ചുവച്ച ശേഷമേ ഇനി ഇത്തരം ജോലികള്‍ ചെയ്യാനായി പോകൂ എന്ന് തീരുമാനിച്ചു കഴിഞ്ഞു മേരി. മരുമകള്‍ക്കും ഈ ഉപദേശം പകര്‍ന്നു നല്‍കിയിരിക്കുകയാണ് മേരി. 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ട്വിറ്റര്‍