സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങേണ്ടവരാണ് എന്ന ട്വീറ്റിന് പുലിവാല് പിടിച്ചിരിക്കുകയാണ് ഫാസ്റ്റ് ഫുഡ് വ്യവസായ ഭീമനായ ബര്‍ഗര്‍ കിങ്. തങ്ങള്‍ പുതുതായി ആരംഭിക്കുന്ന കളിനറി സ്‌കോളര്‍ഷിപ്പിന്റെ ഭാഗാമായാണ് വിവാദമായ ഈ ട്വീറ്റ് ബര്‍ഗര്‍ കിങ് പോസ്റ്റ് ചെയ്തത്. 

യു.കെയിലെ വമ്പന്‍ ഫാസ്റ്റ് ഫുഡ് സ്ഥാപനമാണ് ബര്‍ഗര്‍ കിങ്. തിങ്കളാഴ്ച വനിതാ ദിനത്തിനാണ് വിവാദമായ ട്വീറ്റ് ഇവര്‍ നടത്തിയത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ട്വീറ്റിന് ഇവര്‍ മാപ്പ് പറയുകയായിരുന്നു. ആദ്യം ട്വീറ്റ് നീക്കം ചെയ്യാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് പ്രതിഷേധ കമന്റുകള്‍ പെരുകിയതോടെ ഇത് ഡിലീറ്റ് ചെയ്തു. 

ഇതിനൊപ്പം അമേരിക്ക ആസ്ഥാനമായ ബര്‍ഗര്‍ കിങ് ഫൗണ്ടേഷന്‍ ന്യൂയോര്‍ക്ക് ടൈംസിലും ഒരു മുഴുവന്‍ പേജ് പരസ്യം നല്‍കിയിരുന്നു. ഇതിലും സ്ത്രീകളെ താഴ്ത്തികെട്ടുന്ന ഇതേ പരസ്യവാചകം തന്നെയാണ് ബര്‍ഗര്‍ കിങ് ഉപയോഗിച്ചത്. 'Women belong in the kitchen' എന്നത് വലിയ അക്ഷരത്തില്‍ നല്‍കി. ഒപ്പം പലതരം അടുക്കളകളെ പറ്റിയുള്ള വിശേഷണവും. ' എവിടെയാണോ പ്രഫഷണല്‍ അടുക്കളകള്‍ ഉള്ളത് അവിടെയാണ് സ്ത്രീകള്‍ ഉള്ളത്.. അമേരിക്കയില്‍ ഇരുപത്തിനാല് ശതമാനം സ്ത്രീകള്‍ മാത്രമാണ് ഷെഫായി ജോലി ചെയ്യുന്നത്, നേതൃസ്ഥാനത്തേക്ക് വരുമ്പോള്‍ അത് ഏഴ് ശതമാനമായി ചുരുങ്ങുന്നു.' എന്നാണ് പരസ്യം തുടരുന്നത്. 

ബര്‍ഗര്‍ കിങ്ങിന്റെ ഏതെങ്കിലും ഫ്രാഞ്ചൈസികളില്‍ ജോലിചെയ്യുന്ന രണ്ട് വനിതകള്‍ക്ക് വീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയെ പറ്റിയുള്ള പരസ്യമായിരുന്നു ഇത്. 25,000 ഡോളറാണ് സ്‌കോളര്‍ഷിപ്പ് തുക. 

പോസ്റ്റ് നീക്കം ചെയ്യാന്‍ പറ്റുന്ന നല്ല സമയം ഇതാണെന്ന് ബര്‍ഗര്‍ കിങ്ങിനെ കളിയാക്കുന്ന ട്രോളുമായി കെ.എഫ്.സിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ട്വീറ്റ് ഡിലീറ്റ് ചെയ്യേണ്ടന്നും ധാരാളം വനിതകളുടെ ശ്രദ്ധ ഇപ്പോള്‍ ഈ പരസ്യത്തിന് ലഭിച്ചിട്ടുണ്ടാവുമെന്നുമായിരുന്നു ബര്‍ഗര്‍ കിങ് യു.കെ ആദ്യം നല്‍കിയ മറുപടി. പിന്നീടാണ് ഇവര്‍ ട്വീറ്റ് പിന്‍ലിച്ചത്. 

Content Highlights: Women Belong In Kitchen Burger King Apologises For Tweet