ട്വീറ്റിൽ നിന്ന് | Photo: twitter.com|ericjoonho
പാചകത്തെക്കുറിച്ചു പറയുമ്പോള്‍ മിക്കയാളുകളും അമ്മമാരുടെ രുചിവൈവിധ്യത്തിലേക്കു കടക്കും. പ്രിയപ്പെട്ടവരെ നഷ്ടമാകുമ്പോഴായിരിക്കും അവര്‍ പകര്‍ന്നുതന്ന രുചികളും മറക്കാനാവാത്ത ഓര്‍മകളായി സൂക്ഷിക്കുക. അത്തരത്തില്‍ അമ്മരുചികളെക്കുറിച്ച് വാചാലനായിരുന്ന ഒരു മകന് ആരും കരുതാത്ത സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ഭാര്യ. അദ്ദേഹത്തിന്റെ അമ്മ മരിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ ഭക്ഷണമാണ് പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം സമ്മാനിച്ച് ഭാര്യ ഭര്‍ത്താവിനെ ഞെട്ടിച്ചത്.
എറിക് കിം എന്നയാളാണ് തന്റെ അമ്മ അച്ഛന് നല്കിയ സര്‍പ്രൈസിന്റെ കഥ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എറിക്കിന്റെ മുത്തശ്ശി തയ്യാറാക്കിയ ഗൊചുജാങ് എന്ന പുളിപ്പിച്ച റെഡ് ചില്ലി പേസ്റ്റ് ആണ് സമ്മാനിച്ചത്. മധുരവും എരിവും പുളിയുമുള്ള ഈ വിഭവം കൊറിയന്‍ പാചകത്തില്‍ പ്രസിദ്ധമാണ്. അത്താഴത്തിന് ഇരിക്കുന്ന അച്ഛന്റെ മുമ്പിലേക്ക് അപ്രതീക്ഷിതമായി അമ്മ ഈ വിഭവം നല്‍കുകയായിരുന്നു എന്നാണ് എറിക് പറയുന്നത്.
ഇത്രയുംകാലം ബേസ്മെന്റ് ഫ്രീസറിലായിരുന്നു അമ്മ വിഭവം സൂക്ഷിച്ചിരുന്നതെന്നും ഒരുദിവസം അച്ഛന് സര്‍പ്രൈസായി നല്‍കാനായിരുന്നു തീരുമാനമെന്നും എറിക് പറയുന്നു. സംഗതി തുറക്കുന്നതിന്റെ വീഡിയോയും എറിക് പങ്കുവച്ചിട്ടുണ്ട്. വിഭവം കഴിച്ചതിനു ശേഷമുള്ള അച്ഛന്റെ പ്രതികരണവും എറിക് കുറിച്ചു.
അച്ഛന് വിഭവം കഴിക്കുന്നത് ശ്രദ്ധാപൂര്‍വം എല്ലാവരും നോക്കിനില്ക്കുകയായിരുന്നു. അദ്ദേഹം കരഞ്ഞൊന്നുമില്ല. പക്ഷേ ആ അത്താഴം തീരുംവരെ മുത്തശ്ശിയെക്കുറിച്ചു തന്നെ പറഞ്ഞുകൊണ്ടിരുന്നു. ഒരിക്കലും തിരികെ കിട്ടില്ലെന്നു കരുതിയിരുന്ന രുചി ആസ്വദിക്കുമ്പോഴുള്ള അനുഭവവും അച്ഛന് പറഞ്ഞുവെന്ന് എറിക് കുറിക്കുന്നു.
നിരവധി പേരാണ് എറിക്കിന്റെ കുറിപ്പിന് കീഴെ കമന്റുകളുമായെത്തിയത്. പലരോടും അവരുടെ ഫ്രീസറിലുള്ള ഏറ്റവും പഴയ വിഭവം എന്താണെന്നും എറിക് ചോദിക്കുകയുണ്ടായി. കൂടുതല്‍ പേരും തങ്ങളുടെ വീട്ടുരുചികളെക്കുറിച്ചാണ് കമന്റ് ചെയ്തത്.
Content Highlights: Woman Surprised Husband With Mother's Food Cooked 10 Years Ago Before Her Death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..