ഇംഗ്ലണ്ടിലുള്ള ഹെലന്‍ ന്യൂമാന്‍ എന്ന സ്ത്രീ പൂക്കള്‍ വിതരണം ചെയ്യുന്ന കമ്പനിക്കെതിരെ ഒരു പരാതി നല്‍കി. താന്‍ ഓര്‍ഡര്‍ ചെയ്ത ഡാഫോഡില്‍ മൂന്ന് ദിവസമായിട്ടും ലഭിക്കാതിരുന്നതാണ് കാരണം. ഒടുവില്‍ കമ്പനി റീ ഫണ്ടും നല്‍കി. എന്നാല്‍ ഹെലന്‍ അറിഞ്ഞിരുന്നില്ല, കാണാതായ പൂക്കള്‍ മൂന്ന് ദിവസമായി തന്റെ വീട്ടിലെ ഫ്രിഡ്ജിലുണ്ടെന്ന്. സ്പ്രിങ് ഒണിയനാണെന്ന് കരുതിയാണ് ഹെലന്റെ ഭര്‍ത്താവ് ഡേവ് ഡാഫോഡില്‍ പൂക്കളെ ഫ്രിഡ്ജിലെ പച്ചക്കറി തട്ടിലാക്കിയത്. 

ഹെലന്‍ തന്നെയാണ് ട്വിറ്റിറില്‍ ഡാഫോഡില്‍ പൂക്കളുടെ ചിത്രം ഉള്‍പ്പെടെ സംഭവം പങ്കുവച്ചത്. ' രസകരമായ സംഭവം, ഞാന്‍ ഈ ആഴ്ച കുറച്ച് ഡാഫോഡില്‍സ് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൂക്കള്‍ കിട്ടാത്തതുകൊണ്ട്  പരാതി നല്‍കി, എനിക്ക് പണവും തിരിച്ചു കിട്ടി. എന്നാല്‍ ഡേവ് അത് സ്പ്രിങ് ഒണിയനാണെന്ന് കരുതി കഴിഞ്ഞ മൂന്ന് ദിവസമായി അതിനെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയാണ്.' ഹെലന്‍ സംഭവം വിവരിക്കുന്നതിങ്ങനെ.

പൂക്കള്‍ കണ്ടെത്തിയ ഉടനെ അവ പുറത്തെടുത്ത് വെള്ളം നിറച്ച പാത്രത്തില്‍ വച്ചെന്നും മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ പൂക്കള്‍ വിടര്‍ന്നെന്നും ഹെലന്‍ കുറിക്കുന്നു. 

ഹെലന്റെ പോസ്റ്റിന് പ്രതികരണവുമായി നിരവധിപ്പേര്‍ എത്തിയിട്ടുണ്ട്. പലരും തങ്ങളുടെ വീടുകളില്‍ നടന്ന് സമാന അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. താന്‍ അവ ശതാവരിയാണെന്ന് ആണെന്ന് കരുതി ഫ്രിഡ്ജില്‍ വച്ചെന്നാണ് ഒരാളുടെ കമന്റ്. സ്പ്രിങ് ഒണിയന്‍ ഡാഫോഡിലാണെന്ന് കരുതി സമ്മാനം നല്‍കിയ അനുഭവവും മറ്റൊരാള്‍ പങ്കുവയ്ക്കുന്നുണ്ട്.

Content Highlights: Woman finds missing daffodils in her fridge, husband thought they were spring onions