രുചിയുടെ കാര്യം ആപേക്ഷികമാണ്, ഒരാൾക്കു പ്രിയപ്പെട്ട വിഭവം മറ്റൊരാൾക്ക് തീരെ ഇഷ്ടമാകണമെന്നില്ല. ഇതു സാധാരണമാണെങ്കിലും ഭൂരിപക്ഷം പേർക്കും ഇഷ്ടമില്ലാത്ത വിഭവങ്ങളായാലോ? അടുത്തിടെ സമൂഹമാധ്യമത്തിൽ വൈറലാകുന്നതിൽ ഏറെയും ചേർച്ചയില്ലാത്ത രണ്ടു ഭക്ഷണങ്ങൾ ഒന്നിച്ചു കഴിക്കുന്നതിന്റെ പോസ്റ്റുകളാണ്. ചോക്ലേറ്റ് ബിരിയാണിയും കെച്ചപ്പ് ചേർത്ത തണ്ണിമത്തനുമൊക്കെ നാം കണ്ടുകഴിഞ്ഞു. അക്കൂട്ടത്തിലേക്കിതാ മറ്റൊന്നു കൂടി, ഇക്കുറി മാ​ഗിയും ചോക്ലേറ്റും ചിപ്സും പേസ്ട്രിയും ജ്യൂസുമെല്ലാം ഒന്നിച്ചു കഴിക്കുകയാണ് ഒരാൾ. 

ബബ്ലി എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വിചിത്രമായ ഈ ഫുഡ് കോമ്പിനേഷന്റെ ചിത്രം പുറത്തു വന്നിരിക്കുന്നത്. പലരും പെൺകുട്ടിയെ വിമർശിക്കുകയും ചെയ്തിരുന്നു. ഓരോന്നായി കഴിക്കുമ്പോൾ രുചികരമായ ഭക്ഷണങ്ങളെ എന്തിനാണ് ഇങ്ങനെ ഒന്നിച്ചു വച്ച് അരോചകമായി തോന്നിക്കുന്നത് എന്നാണ് പലരുടെയും ചോദ്യം. മാ​ഗി മറ്റൊരു പാത്രത്തിലാണ് വച്ചിരുന്നതെങ്കിൽ ഇത്രയും പ്രശ്നം തോന്നില്ല എന്നു കമന്റ് ചെയ്തവരുമുണ്ട്. 

ഇതിന് പെൺകുട്ടി പറഞ്ഞ മറുപടിയും രസകരമാണ്. താൻ പപ്പടത്തിനു പകരമാണ് ചോക്ലേറ്റ് കഴിക്കുന്നതെന്നും മോരിനു പകരം ജ്യൂസും ദാൽഭാട്ട്( ചോറും പരിപ്പ് സൂപ്പും ചേർന്ന വിഭവം) ആയി മാ​ഗിയും കഴിക്കുന്നുവെന്നാണ് മറുപടി നൽകിയത്. ഇവിടെയും തീർന്നില്ല താൻ കഴിക്കുന്ന രീതിയും പെൺകുട്ടി വിശദീകരിച്ചെഴുതി. മാ​ഗി ജ്യൂസിൽ മുക്കിയതിനു ശേഷം കഴിച്ച് പപ്പടം പോലെ ചോക്ലേറ്റ് ഒരുകടി കടിക്കുമെന്നാണ് കുറിച്ചത്. 

നിരവധി പേരാണ് പെൺകുട്ടിയുടെ പോസ്റ്റിനു കീഴെ പ്രതികരണവുമായെത്തിയത്. കുട്ടിക്കാലത്തെ പിറന്നാൾ പാർട്ടികളാണ് ഇതു കാണുമ്പോൾ ഓർമ വരുന്നതെന്നും ഭക്ഷണത്തോട് ഇത്രയും ക്രൂരത ചെയ്ത പെൺകുട്ടിയുടെ പോസ്റ്റ് റിപ്പോർട്ട് ചെയ്യാൻ പോവുകയാണെന്നും ജ്യൂസിൽ അൽപം ടൊമാറ്റ് കെച്ചപ് കൂടിയാവാം എന്നുമൊക്കെ പോകുന്നു കമന്റുകൾ. ‌

Content Highlights: Woman Eats Maggi & Juice Like ‘Dal Bhaat’ With Chocolate Instead Of Papad