ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് ചൂടുപാല്‍ കുടിക്കുന്നത് ശീലമാക്കിയവരാണ് നമ്മളില്‍ പലരും. രാത്രിയില്‍ ഭക്ഷണം കഴിച്ച ശേഷം മഞ്ഞള്‍ ചേര്‍ത്ത അല്ലെങ്കില്‍ ബദാം ചേര്‍ത്ത ഒരു ഗ്ലാസ് പാല്‍ കുടിക്കാന്‍ മാതാപിതാക്കള്‍ ചിലപ്പോള്‍ നമ്മളെ നിര്‍ബന്ധിച്ചിട്ടുണ്ടാകും. ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് പാലുകുടിച്ചാല്‍ നല്ല ഉറക്കം കിട്ടുമെന്നാണ് കരുതപ്പെടുന്നത്. ഇങ്ങനെ ഉറക്കം കിട്ടുന്നതിനുള്ള കാരണമെന്തെന്ന് വിശദീകരിക്കുകയാണ് പുതിയ പഠനം.

പാലില്‍ അടങ്ങിയിട്ടുള്ള കാസെയന്‍ ട്രൈപ്റ്റിക് ഹൈഡ്രോലൈസേറ്റ് (സി.ടി.എച്ച്.)എന്ന വിവിധ പെപ്‌റ്റൈഡുകളാണ്(രണ്ടോ അതിലധികമോ അമിനോ ആസിഡുകള്‍ ചേര്‍ന്നുണ്ടാകുന്ന ശൃംഖല) നല്ല ഉറക്കം കിട്ടാന്‍ കാരണം. ഇത് മാനസിക സമ്മര്‍ദങ്ങളില്‍നിന്ന് വിടുതല്‍ നല്‍കി നല്ല ഉറക്കം തരാന്‍ സഹായിക്കുന്നുവെന്ന് അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ജേണലായ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്റ്റിയില്‍ വിവരിക്കുന്നു. 

ഉത്കണ്ഠ കുറയ്ക്കാനും നല്ല ഉറക്കം കിട്ടാനും സഹായിക്കുന്ന ഒട്ടേറെ പ്രകൃതിദത്ത പെപ്‌റ്റൈഡുകളും പ്രോട്ടീനുകളുടെ ഭാഗങ്ങളും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ടു ചെയ്തു. ഇപ്പോള്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ ശക്തിയുള്ള ഉറക്കത്തിനു സഹായിക്കുന്ന പെപ്‌റ്റൈഡുകള്‍ സി.ടി.എച്ചില്‍ ചിലപ്പോള്‍ അടങ്ങിയിട്ടുണ്ടാകാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.

എലികളില്‍ നടത്തിയ പഠനത്തില്‍ ഏറ്റവും ശക്തിയേറിയ പെപ്‌റ്റൈഡ് നല്‍കിയപ്പോള്‍ സാധാരണയുള്ളതിനേക്കാള്‍ 25 ശതമാനം വേഗത്തില്‍ അവ ഉറങ്ങിപ്പോയതായി കണ്ടെത്തി. ഉറങ്ങുന്ന സമയത്തിന്റെ ദൈര്‍ഘ്യം 400 ശതമാനം വര്‍ധിച്ചതായും കണ്ടെത്തി.

Content highlights: why warm milk makes you sleepy researchers explain