കാഴ്ച്ചയിൽ കേക്ക് പോലെ തോന്നാത്ത നിരവധി ചിത്രങ്ങളാണ് അടുത്തിടെ വൈറലായിരുന്നത്. പച്ചക്കറിയുടെയും ബേക്കറി ഉത്പന്നങ്ങളുടെയും എന്തിനധികം ഷൂസിന്റെ വരെ രൂപത്തിലുള്ള കേക്കുകൾ കണ്ടുകഴിഞ്ഞു. പലതും മുറിക്കുമ്പോൾ മാത്രമാണ് കേക്ക് ആണെന്നു തിരിച്ചറിയുക. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്നത് അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വീഡിയോയാണ്. ഇവിടെ കാഴ്ച്ചയിൽ കേക്ക് പോലെ തോന്നുമെങ്കിലും സം​ഗതി അതല്ലെന്നതാണ് രസകരം. 

പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുറിക്കുന്ന പെൺകുട്ടിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ആവേശത്തോടെ മുന്നിലിരിക്കുന്ന ചോക്ലേറ്റ് കേക്ക് മുറിക്കാനൊരുങ്ങുകയാണ് യുവതി. സമീപത്ത് സുഹൃത്തുക്കൾ പിറന്നാളാശംസ ചൊല്ലുന്നതും കേൾക്കാം. അങ്ങനെ കേക്ക് മുറിച്ചു തുടങ്ങിയപ്പോഴാണ് അമളി മനസ്സിലാവുന്നത്. സം​ഗതി കേക്കിന്റെ രൂപത്തിലുള്ള ഒരു ബലൂൺ ആയിരുന്നു. 

ക്രീമും ചോക്ലേറ്റ് ഐസിങ്ങും വെള്ളവും നിറച്ച ഒരു ബലൂൺ ആയിരുന്നു അത്. 'ഇനി നമുക്ക് കേക്ക് പോലെ തോന്നുന്ന യഥാർഥത്തിൽ കേക്ക് അല്ലാത്ത ഒരു സം​ഗതി കണ്ടാലോ' എന്ന ക്യാപ്ഷനോടെയാണ് വീ‍ഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഇതിനകം എട്ടുമില്യണിൽപരം പേർ വീഡിയോ കണ്ടുകഴിഞ്ഞു. 

കേക്ക് ആണെന്നു തോന്നുന്നത് കേക്ക് അല്ലാതിരിക്കുകയും കേക്ക് അല്ലെന്നു തോന്നുന്നവ കേക്ക് ആയിരിക്കുകയും ചെയ്യുന്ന വിചിത്രാവസ്ഥ എന്നാണ് ഒരാൾ വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. എന്താണ് വിശ്വസിക്കേണ്ടത് എന്നുതന്നെ അറിയില്ലെന്നും പറഞ്ഞ് കമന്റ് ചെയ്യുന്നവരുമുണ്ട്. 

Content Highlights: When a cake is not cake viral prank video