പുതുവര്‍ഷം പിറക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ മിക്കവരും പുതിയ തീരുമാനങ്ങളെടുക്കും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി ഉണ്ടാകുക ശരീരഭാരം കുറയ്ക്കുമെന്ന തീരുമാനമാകും. പക്ഷേ, വര്‍ഷം തീരാറാകുമ്പോഴും ശരീരഭാരത്തില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടുണ്ടാകില്ല. ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കിയാല്‍ വളരെ വേഗത്തില്‍ ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നും അവര്‍ പറയുന്നു.

1. വൈറ്റ് ബ്രഡ്

സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റാണ് വൈറ്റ് ബ്രഡില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. ഇത് ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ താളം തെറ്റിക്കും. വൈറ്റ് ബ്രഡ് കഴിക്കുന്നത് വയറുനിറഞ്ഞതായി തോന്നിപ്പിക്കില്ല. അതിനാല്‍, കൂടുതല്‍ കഴിക്കാന്‍ ഇത് പ്രേരിപ്പിക്കും. അത് ശരീരഭാരം കുറയുന്നതിന് പകരം കൂട്ടുകയാണ് ചെയ്യുകയെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈറ്റ് ബ്രഡിലെ ഫൈബര്‍ നീക്കം ചെയ്യപ്പെടുന്നതുകൊണ്ടാണ് വയറുനിറഞ്ഞതായ തോന്നല്‍ ഉണ്ടാക്കത്തത്. അതിനാല്‍, ധാന്യങ്ങള്‍ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമമെന്ന് അവര്‍ പറയുന്നു.

2. വറുത്ത ഭക്ഷണങ്ങള്‍

വറുത്ത വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. വറുത്ത ഭക്ഷണത്തില്‍ കലോറി കൂടിയ അളവിലായിരിക്കും ഉണ്ടാകുക. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായതിലും കൂടുതല്‍ കലോറി ശരീരത്തിലെത്തുന്നത് ശരീരഭാരം ഒന്നുകൂടി വര്‍ധിപ്പിക്കും. വറുത്ത ഭക്ഷണം അമിതമായി കഴിക്കുന്നത് പൊണ്ണത്തടി പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ജനിതകപരമായി ശരീരഭാരം കൂടാന്‍ സാധ്യതയുള്ളവര്‍ വറുത്ത ഭക്ഷണം കഴിക്കുന്നത് പിരിമിതപ്പെടുത്തണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

3. ഷുഗര്‍ സബ്റ്റിറ്റിയൂട്ട്

പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്നവ ശരീരഭാരം കൂട്ടുമെന്ന് ഡയറ്റീഷ്യനായ ജാനറ്റ് കോളമെന്‍ പറയുന്നു. കലോറിയുടെ അളവ് ഇവയില്‍ നന്നേ കുറവാണെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവ വര്‍ധിപ്പിക്കുമെന്നും ഇത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ താളം തെറ്റിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്‍സുലിന്‍ ക്ഷമതയെ സ്വാധീനിക്കുന്നതിനാല്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ ശരീരഭാരം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

4. ബേക്ക് ചെയ്ത ആഹാരം

കേക്കുകള്‍, മിഠായികള്‍, പേസ്ട്രീസ് എന്നിവയെല്ലാം മൈദ, പഞ്ചസാര എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇതിനൊപ്പം അവയില്‍ കൂടിയ അളവിലാണ് കലോറി അടങ്ങിയിരിക്കുന്നത്. ഒരു ചെറിയ കേക്കില്‍ 300 മുതല്‍ 500 വരെ കലോറി അടങ്ങിയിരിക്കുന്നു. കൂടാതെ, ഇവയില്‍ പോഷകങ്ങളും കുറവായിരിക്കും. 

5. ബിയര്‍, മദ്യം

ബിയര്‍, കോക്ടെയ്ല്‍ എന്നിവയില്‍ പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് വളരെ അധികമായിരിക്കും. ഇത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ്. ശരീരഭ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇവ ഒഴിവാക്കുന്നതായിരിക്കും ഉചിതം.

Content highlights: weight loss tips, food to avoid, healthy food items