അരിയും അരി ആഹാരവും ഒഴിവാക്കുന്ന കാര്യം നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ആലോചിക്കാനേ കഴിയില്ല. ദിവസം ഒരു നേരമെങ്കിലും അരി കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ ശീലമാക്കിയവരാണ് നമ്മളില്‍ ഭൂരിഭാഗവും. പക്ഷേ, അരി ആഹാരം കൊഴിക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ പ്രശ്‌നം അതിലെ കലോറിയുടെ അളവാണ്. കലോറിയുടെ അളവ് കൂടുന്നത് ശരീരഭാഗം വര്‍ധിക്കുന്നതിനും ഇടയാക്കും. തവിടുകളയാത്ത അരിയില്‍ ധാരാളം പോഷകങ്ങളുണ്ടെങ്കിലും നമുക്കു ലഭിക്കുന്ന രൂപത്തിലെത്തുമ്പോഴേക്കും കാര്‍ബോഹൈഡ്രേറ്റിന്റെ മാത്രം സ്രോതസ്സായി അരി മാറുന്നു. അതിനാല്‍, നമ്മള്‍ ദിവസം കഴിക്കുന്ന ചോറിന്റെയോ അല്ലെങ്കില്‍ അരി വിഭവങ്ങളുടെയോ അളവ് കൂടുതലാണെങ്കില്‍ അതിന്റെ അളവ് കുറച്ച് ആരോഗ്യപ്രദമായ പകരം സ്രോതസ്സുകള്‍ കണ്ടെത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അരിയ്ക്കു പകരം ഉപയോഗിക്കാവുന്ന എന്നാല്‍, ആരോഗ്യപ്രദമായ ഏതാനും ഉത്പന്നങ്ങള്‍ പരിചയപ്പെടാം.

ദാലിയ

അരിയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന മികച്ച മാര്‍ഗങ്ങളിലൊന്നാണ് ദാലിയ. ഗോതമ്പ് നുറുക്ക്, ബള്‍ഗര്‍ എന്നും പേരുണ്ട്. വെന്ത് കഴിയുമ്പോള്‍ അരിയുടെ രുചിയും മണവുമൊക്കെയാണ് ദാലിയയ്ക്കും ഉള്ളത്. രുചിയില്‍ അരിയ്ക്കു സമാനമാണെങ്കിലും 91 ഗ്രാം ദാലിയയില്‍ 76 ശതമാനമാണ് കലോറിയുടെ അളവ്. അരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 25 ശതമാനം കുറവാണ്. 

ക്വിനോസ

ഖീര്‍, ഉപ്പുമാവ്, ചിക്കന്‍ബിരിയാണി എന്നിവ ഉണ്ടാക്കുന്നതിന് സാധാരണയായി ഉപയോഗിച്ചുവരുന്നതാണ് ക്വിനോസ. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ ബി ഒമേഗ 3 ഫാറ്റി ആസിഡും ക്വിനോസയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ബാര്‍ലി

അരിയിലുള്ളതിനേക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ബാര്‍ലി ലോകത്ത് കൃഷി ചെയ്തുവരുന്ന ഏറ്റവും പഴക്കമുള്ള ധാന്യങ്ങളിലൊന്നുമാണ്. വിറ്റാമിന്‍ ബി, സിങ്ക്, സെലേനിയം, എയണ്‍, മഗ്നീഷ്യം എന്നീ അവശ്യ പോഷകങ്ങളും ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്.

മില്ലെറ്റ്‌സ്

ഗ്ലൂട്ടന്‍ തീരെ അടങ്ങിയിട്ടില്ലാത്തതും ആവശ്യപോഷകങ്ങള്‍ ധാരാളമായും അടങ്ങിയുള്ള ധാന്യമാണ് മില്ലെറ്റ്. അധികം വളക്കൂറില്ലാത്ത മണ്ണിലും നന്നായി വളയുന്ന മില്ലെറ്റുകള്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സഹായിക്കുന്നു. ജോവര്‍, ബജ്, റാഗി എന്നിവയെല്ലാം ഇന്ത്യയില്‍ ലഭ്യമായ മില്ലെറ്റുകളാണ്.

കോളിഫ്‌ളവര്‍

കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ചോറിനു പകരം കഴിക്കാവുന്ന മികച്ചമാര്‍ഗങ്ങളിലൊന്നാണ് കോളിഫ്‌ളവര്‍. കലോറി തീരെ കുറഞ്ഞ പച്ചക്കറിയായതിനാലും ധാരാളം പോഷകമുള്ളതിനാലും കോളിഫ്‌ളവര്‍ മികച്ച തിരഞ്ഞെടുപ്പാണ്. 

മുളയരി

അരിയുടെ പകരക്കാരനായി ഉപയോഗിക്കാവുന്ന ധാന്യം. മുളയരി പായസം നമ്മുടെ നാട്ടില്‍ ലഭ്യമാണ്. വിറ്റാമിന്‍ ബിയും പ്രോട്ടീനും മുളയരിയില്‍ നല്ല അളവില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍, മുള പൂവിട്ട് അരിയാകുന്നതിലെ കാലതാമസം മുളയരിയുടെ ലഭ്യതയെ ബാധിക്കുന്നുണ്ട്.

Content highlights: weight loss 6 healthy rice alternatives you may add to your diet