ലോക്ക്ഡൗൺ കാലത്ത് സമൂഹമാധ്യമത്തിൽ സജീവമായ വീഡിയോകളിൽ ചിലത് പാചക പരീക്ഷണങ്ങളുടേതായിരുന്നു. അവയിൽ തന്നെ കേക്കിൽ വൈവിധ്യം സൃഷ്ടിച്ചവരും ചില്ലറയല്ല. പച്ചക്കറികളുടെയും പഴങ്ങളുടെയും എന്തിനധികം ജീവികളുടെ രൂപത്തിൽ വരെയുള്ള കേക്കുകൾ കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ യാഥാർഥ്യങ്ങളെ വെല്സുന്നൊരു കേക്കാണ് വൈറലാകുന്നത്. സം​ഗതി ഒരു സെൽഫീ കേക്കാണ്. 

ടെക്സാസ് സ്വദേശിയായ നതാലി സൈഡ്സെർഫ് എന്ന ബേക്കറാണ് വ്യത്യസ്തമായ ഈ കേക്കിനു പിന്നിൽ. അടുത്തിടെ നതാലി തയ്യാറാക്കിയ അക്ഷരമാലയുടെ രൂപത്തിലുള്ള നൂഡിൽ സൂപ്പ് കേക്ക് വൈറലായിരുന്നു. അതിനു പിന്നാലെയാണ് വിചിത്രമായൊരു കേക്ക് ഡിസൈനുമായി കക്ഷി രം​ഗത്തെത്തിയിരിക്കുന്നത്. ഇക്കുറി കേക്കിനു വേണ്ടി നതാലി കടംകൊണ്ട ഡിസൈൻ സ്വന്തം മുഖം തന്നെയാണ്. 

തന്റെ മുഖം അതേപടി പകർത്തിവച്ച കേക്കാണ് നതാലി ഡിസൈൻ ചെയ്തിരിക്കുന്നത്. കണ്ണും പുരികവും ചുണ്ടും മൂക്കും മുടിയുമെല്ലാം നതാലിയെ പകർത്തിവച്ചിരിക്കുകയാണ്. ഒറ്റക്കാഴ്ച്ചയിൽ നതാലിയുടെ ചെറിയൊരു പ്രതിമ പോലെയാണ് തോന്നുക എങ്കിലും മുറിച്ചു നോക്കുമ്പോഴാണ് സം​ഗതി കേക്ക് ആണെന്നു മനസ്സിലാവുക. 

തന്റെ സെൽഫി കേക്കിന്റെ വീഡിയോയും നതാലി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. കഷ്ണങ്ങളായി തന്റ് മുഖമുള്ള കേക്ക് ഓരോ വശത്തു നിന്നും മുറിച്ചെടുക്കുന്നതാണ് വീഡിയോയിലുള്ളത്. കണ്ണും മൂക്കും വായുമെല്ലാം കഷ്ണങ്ങളാക്കി പാത്രത്തിലേക്കു മാറ്റുകയാണ് നതാലി. 

ഇനി സെൽഫി കേക്ക് എങ്ങനെ തയ്യാറാക്കുന്നു എന്ന് കൗതുകപ്പെടുന്നവർക്കായി തന്റെ യൂട്യൂബ് ചാനലിലൂടെ അക്കാര്യം പങ്കുവെക്കുന്നുമുണ്ട് നതാലി. ബട്ടർ ക്രീം, ചോക്ലേറ്റ് തുടങ്ങിയവ കൊണ്ടാണ് നതാലി സെൽഫി കേക്ക് തയ്യാറാക്കിയിരിക്കുന്നത്. 

നിരവധി പേരാണ് നതാലിയുടെ സെൽഫി കേക്ക് വീഡിയോക്കു കീഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഇരട്ടകളാണെന്നേ തോന്നൂ എന്നും സ്വന്തം മുഖം എങ്ങനെ മുറിക്കാൻ തോന്നുന്നുവെന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: Viral Selfie Cake