ബിരിയാണിക്കു വേണ്ടി പുലർച്ചെ ആറുമണി മുതൽ വരി നിൽക്കുന്നവരുടെ ചിത്രങ്ങൾ അടുത്തിടെയാണ് വൈറലായത്. ബെംഗളൂരുവിലെ ഒരു റെസ്റ്ററന്റിനു മുന്നിൽ നിന്നുള്ള കാഴ്ച്ചയായിരുന്നു അത്. സകല ബിരിയാണി പ്രേമികളുടെയും മനസ്സു നിറച്ച വീഡിയോയായിരുന്നു അത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് സ്വപ്നത്തിൽപ്പോലും കരുതാത്തൊരു ബിരിയാണി കോമ്പിനേഷനാണ്.
ന്യൂഡിൽസ് ഫ്ളേവറിൽ തയ്യാറാക്കിയ ബിരിയാണിയും ചോക്ലേറ്റ് ബിരിയാണിയുമൊക്കെ വൈറലായി അധികമായില്ല. അക്കൂട്ടത്തിലേക്ക് ഇപ്പോൾ വന്നിരിക്കുന്നത് രസഗുള ബിരിയാണിയാണ്. ഒരു ഫുഡ് ബ്ലോഗറാണ് വിചിത്രമായ ഈ ബിരിയാണി കോമ്പിനേഷന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
ബിരിയാണി റൈസിൽ കുഴഞ്ഞു കിടക്കുന്ന രസഗുളയാണ് വീഡിയോയിലുള്ളത്. സംഗതി കണ്ടും നിരവധി പേരാണ് കോമ്പിനേഷനെ വിമർശിച്ച് രംഗത്തെത്തിയത്. രസഗുളയും ബിരിയാണിയും തനിയെ കഴിക്കാൻ ഇഷ്ടമുള്ളവയാണെന്നും അവ രണ്ടും ചേർത്തുണ്ടാക്കി രുചിയെ കൊന്നുകളയണമായിരുന്നോ എന്നാണ് ചിലർ പറയുന്നത്. രസഗുള ബിരിയാണി റൈസ് ചേർത്തുണ്ടാക്കിയാൽ ബിരിയാണിയല്ല മറിച്ച് രസഗുള പുലാവ് ആണ് ഉണ്ടാവുകയെന്നും ബിരിയാണി എന്ന വികാരത്തെ തൊട്ടുകളിക്കരുതെന്നുമൊക്കെ പോകുന്നു വിമർശനങ്ങൾ.
എന്നാൽ പുതിയ രുചിയെ പിന്തുണച്ച് കമന്റ് ചെയ്തവരുമുണ്ട്. ഈ ബിരിയാണി കാഴ്ചയിൽ തന്നെ വ്യത്യസ്തമാണ്, പരീക്ഷിച്ചു നോക്കണമെന്നും നൂതനമായ ആശയമെന്നുമൊക്കെയാണ് അവർ കമന്റ് ചെയ്യുന്നത്.
അടുത്തിടെ ഒരു സൗത് ആഫ്രിക്കൻ ഫുഡ് വെബ്സൈറ്റിൽ പങ്കുവച്ച ചിക്കൻ ബിരിയാണി വീഡിയോയും ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ചിക്കനും റൈസിനുമൊപ്പം പരിപ്പും ഉരുളക്കിഴങ്ങും തക്കാളിയുമൊക്കെ ചേർത്ത് ബിരിയാണി തയ്യാറാക്കുന്ന വീഡിയോയായിരുന്നു അത്. ബിരിയാണി പ്രേമികളുടെ വിമർശനങ്ങൾ അമിതമായതോടെ വെബ്സൈറ്റ് വീഡിയോ പിൻവലിക്കുകയും ചെയ്തിരുന്നു.
Content Highlights: Viral Rasgulla Biriyani Video