നിത്യജീവിതത്തിലെ സുഖ, ദുഃഖങ്ങള്‍ മിക്കവരും പങ്കുവയ്ക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയായിരിക്കും. ഹൃദയം തൊട്ട ചില നിമിഷങ്ങള്‍ വളരെ വേഗമായിരിക്കുംസാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത്‌. ആന്‍ഡ്രൂ ഹിലറി എന്ന ഐസ്‌ക്രീം വില്‍പനക്കാരന്റെ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

താന്‍ ഐസ്‌ക്രീം വില്‍ക്കുന്ന ട്രക്കിനു സമീപമെത്തി തന്റെ കൈയിലുള്ള നീലക്കല്ല് തന്നാല്‍ പകരമായി ഐസ്‌ക്രീം തരുമോയെന്ന് ഒരു കൊച്ചുപെണ്‍കുട്ടി തന്നോട് ചോദിച്ചതായി ഹിലറി ട്വിറ്ററില്‍ കുറിച്ചു. താന്‍ ഇപ്പോള്‍ നീലനിറമുള്ള കല്ലുകൊണ്ട് സമ്പന്നനാണെന്ന്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ സമ്പാദ്യമിതാണെന്നും തന്റെ ബോസിനോട് ഇക്കാര്യം ആരും പറയരുതെന്നും കല്ലിന്റെ ചിത്രമടക്കം പങ്കുവെച്ചുകൊണ്ട് ഹിലറി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. 

ഹിലറിയുടെ ട്വീറ്റ് വളരെ വേഗമാണ് വൈറലായത്. അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ കമന്റ് ചെയ്തു. 7.34 ലക്ഷം പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തത്. 

പരിശോധിച്ചപ്പോള്‍ കല്ല് പ്ലാസ്റ്റിക്കില്‍ നിര്‍മിച്ചതാണെന്ന് മനസ്സിലായെന്നും ഇരുട്ടത്ത് ഇത് തിളങ്ങുന്നുണ്ടെന്നും ഹിലറി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

Content highlights: viral man sells ice cream in exchange for blue stone twitter applauds