ലോകത്ത് നമ്മളെവിടെപ്പോയാലും നമ്മളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ രുചി തേടി പോകാറുണ്ട്. എരിവും പുളിയും എല്ലാം ചേര്‍ന്ന ഭക്ഷണം ഒരു നേരമെങ്കിലും കഴിച്ച് തൃപ്തി കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ അധികം പേരും. 

സ്റ്റീല്‍ പാത്രത്തില്‍ ഊണ് കഴിക്കുന്നത് നമ്മുടെ ശീലങ്ങളില്‍ ഒന്നാണ്. ചോറിനൊപ്പം കുഴഞ്ഞുപോകാതെ കറികള്‍ വയ്ക്കാന്‍ കൂടി സൗകര്യമുള്ള പാത്രം നമ്മുടെ മിക്ക അടുക്കളകളിലും ഉണ്ടാകും. ഇത്തരം സ്റ്റീല്‍ പാത്രത്തില്‍ ഥാലി കഴിക്കുന്നതിനുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് നടനും കൊമേഡിയനുമായ വീര്‍ ദാസ്. ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ ഇഷ്ടം തുറന്നുപറഞ്ഞിരിക്കുന്നത്. വിദേശത്തുപോകുമ്പോഴും താന്‍ ഈ സ്റ്റീല്‍ പാത്രത്തിലാണ് കഴിക്കുന്നതെന്നും എവിടെപ്പോയാലും ഇത് താന്‍ ഒപ്പം കൊണ്ടുപോകുമെന്നും വീര്‍ ദാസ് പറഞ്ഞു. കഴുകാന്‍ എളുപ്പമാണെന്നും ഈ പാത്രത്തില്‍ വ്യത്യസ്ത കറികള്‍ വയ്ക്കുന്നതിനുള്ള സൗകര്യവും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യന്‍ ഭക്ഷണത്തിന് പുറമെ ഇറ്റാലിയന്‍, ജാപ്പനീസ് വിഭവങ്ങള്‍ കഴിക്കുന്നതിനും പാര്‍ട്ടി അവസരങ്ങളിലും ഇത് നല്ലൊരു തിരഞ്ഞെടുപ്പാണെന്ന് വീര്‍ദാസ് പറയുന്നു. 

വീര്‍ ദാസിന്റെ ട്വീറ്റ് വളരെ പെട്ടെന്നാണ് വൈറലായത്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ട്വീറ്റ് ഏറ്റെടുത്തു. നാട്ടില്‍ ആയിരിക്കുമ്പോള്‍ സ്റ്റീല്‍ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ഓര്‍മകള്‍ വിദേശത്തുള്ള പലരും പൊടി തട്ടിയെടുത്തു. 31 വര്‍ഷം പഴക്കമുള്ള സ്റ്റീല്‍ പാത്രത്തിന്റെ ചിത്രം ഒരാള്‍ പങ്കുവെച്ചു. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഇന്നും പാത്രത്തിന് ഒരു കുഴപ്പവുമില്ലെന്ന് ഇഷാന്‍ എന്നയാള്‍ കുറിച്ചു. 

Content highlights: Vir Das explained about his love for steel thaali, desis relate