ഭൂരിഭാഗം ഭക്ഷണപ്രേമികളുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ് ഓംലെറ്റ് എന്നതില്‍ തര്‍ക്കമില്ല. മികച്ച ചേരുവകകളിലൊന്നുമാണ് മുട്ടയെന്നും സംശയമേതുമില്ലാതെ പറയാം. ഓംലെറ്റില്‍ തന്നെ പല പരീക്ഷണങ്ങളും നടത്താം. ഉപ്പും കുരുമുളകും മാത്രം ചേര്‍ത്തും ഉള്ളിയും തക്കാളിയും ഉപ്പം തേങ്ങയുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന ഓംലെറ്റും നമ്മുടെ നാട്ടില്‍ സുപരിചിതമാണ്. 

ഇവിടെ പറഞ്ഞു വരുന്നത് ജപ്പാനിലുണ്ടാക്കിയ ഒരു ഓംലെറ്റിനെക്കുറിച്ചാണ്. ജപ്പാനിലെ സ്‌പെഷ്യല്‍ വിഭവങ്ങളിലൊന്നാണ് ഓമുറൈസ്. ഇറച്ചിയും കെച്ചപ്പും ചേര്‍ത്തുണ്ടാക്കുന്ന ഫ്രൈഡ് റൈസിനുമുകളില്‍ ഓംലെറ്റുകൂടി വെച്ചുകഴിയുമ്പോള്‍ ഓമുറൈസ് തയ്യാറായി. അധികം ചേരുവകകളൊന്നുമില്ലാതെ ലളിതമായ ഓംലെറ്റ് ആണിതെങ്കിലും അത് ഉണ്ടാക്കുന്ന വീഡിയോ ആണ് ഇന്റര്‍നെറ്റ് ലോകം ഏറ്റെടുത്തിരിക്കുന്നത്. ഓംലെറ്റ് കാണുമ്പോള്‍ ലളിതമെന്ന് തോന്നുമെങ്കിലും അത് ഉണ്ടാക്കുന്ന രീതി അത്ര നിസാരമല്ലെന്ന് വീഡിയോ കാണുമ്പോള്‍ മനസ്സിലാകും.ഓംലെറ്റ് ഉണ്ടാക്കാമെന്ന് പറഞ്ഞാല്‍ മാത്രം പോരാ, കുറച്ച് ടെക്‌നിക്ക് കൂടി അറിഞ്ഞിരിക്കമെന്ന് സാരം. 

ഇന്‍സ്റ്റഗ്രാമില്‍ ഓമുറൈസുപുരോ(Omuraisupuro)എന്ന പേജിലാണ് ഓംലെറ്റ് തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 17,000-ല്‍ പരം ആളുകളാണ് വീഡിയോ കണ്ടത്. 

ഒരു പാനില്‍ മുട്ട പൊട്ടിച്ചൊഴിച്ചശേഷം ചോപ്സ്റ്റിക്ക് ഉപയോഗിച്ച് അതില്‍ ചുഴി രൂപത്തില്‍ പാറ്റേണ്‍ ഉണ്ടാക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ഈ പാറ്റേണാണ് ഓംലെറ്റിനെ വ്യത്യസ്തമാക്കുന്നത്. നന്നായി വെന്ത ഓംലെറ്റ് ഫ്രൈഡ് റൈസിനു മുകളില്‍ വളരെ ശ്രദ്ധാപൂര്‍വം വെക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. 

Content highlights: video this japanese technique of making omelette has the internet impressed