ദക്ഷിണേന്ത്യയില്‍ ഏറെ പ്രചാരമുള്ള പ്രഭാതഭക്ഷണമാണ് ഇഡ്ഡലി. ആരോഗ്യപ്രദവും രുചികരവുമാണെന്നതിനു പുറമെ പെട്ടെന്ന് തയ്യാര്‍ ചെയ്‌തെടുക്കാന്‍ കഴിയുമെന്നതും ഇഡ്ഡലിക്ക് പ്രിയം കൂട്ടുന്നു.

അരിയും ഉഴുന്നും ചേര്‍ത്തുള്ള ഇഡ്ഡലിയാണ് സാധാരണ കാണാറുള്ളതെങ്കിലും റാഗി, തിന തുടങ്ങിയവ കൊണ്ട് തയ്യാര്‍ ചെയ്‌തെടുക്കുന്ന ഇഡ്ഡലികളുണ്ട്. 

ഇപ്പോഴിതാ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കുവെച്ച ഇഡ്ഡലിയുടെ ചിത്രങ്ങളും കുറിപ്പുമാണ് ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള വസേന പൊലി എന്ന റെസ്റ്റൊറന്റില്‍നിന്നുള്ള ഇഡ്ഡലിയാണ് അദ്ദേഹം കഴിച്ചത്. യുവ സംരംഭകനായ ചിറ്റേം സുധീറാണ് ഈ റെസ്റ്റൊറിന്റെ ഉടമ. 

മില്ലറ്റുകളില്‍ തയ്യാര്‍ചെയ്ത ഇഡ്ഡലികളായിരുന്നു അവ. രുചിയില്‍ മുമ്പിലുള്ള മില്ലറ്റു കൊണ്ടുള്ള ഭക്ഷണം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു പുറമെ ആഹാരക്രമത്തിന് ഓര്‍ഗാനിക് ആയ ബദല്‍ മാര്‍ഗമാണിത്-ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു. പരമ്പരാഗത ആഹാരക്രമവും ജീവിതശൈലിയും തിരികെ കൊണ്ടുവരുന്നതിന് നമ്മുടെ യുവാക്കള്‍ എടുക്കുന്ന ഇത്തരം നൂതനമായ ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഇലകളിൽ പുഴുങ്ങിയെടുത്താണ് ഇഡ്ഡലി തയ്യാര്‍ ചെയ്തിരിക്കുന്നത്. ഒപ്പം തേങ്ങ കൊണ്ടുള്ള രണ്ട് വ്യത്യസ്ത ചമ്മന്തികളും ഉണ്ട്. 

Content highlights: vice president eats millet idily from visakhapatnam