അതേ...ചായ ഒരു വികാരം തന്നെയാണ്; കോഴിക്കോട്ട് അങ്ങാടിയിലൂടെ നമുക്ക് ചായ കുടിച്ച് കുടിച്ച് പോകാം


അജ്മൽ പഴേരി

'ഓരോ സുലൈമാനിയിലും ഒരിത്തിരി മുഹബത്ത് വേണം.''

കോഴിക്കോട് ബീച്ചിലെ തട്ടുകടയിലെ ചായയടി (Photo: P. Jayesh)

'ഏറെ മോന്തിയായിട്ടുള്ളൊരു
മധുരമിടാ ചായയിൽ
പങ്കുചേരുവാൻ വന്നൊരു
മധുരമുള്ള വേദനേ'...

കാറിൽ സിത്താരയുടെ പാട്ടും പുറത്ത് മഴയുടെ താളവും ഒരുമിച്ചുവന്നപ്പോൾ ഉള്ളിൽ ചായ കുടിക്കാൻ മോഹം. കനത്തമഴ കാരണം കോഴിക്കോട് ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. പന്തീരാങ്കാവുമുതൽ വണ്ടി നീങ്ങിയത് ഒച്ചിന്റെ വേഗത്തിൽ. ഇടയ്ക്ക് ചാകാൻ പോകുന്ന പാമ്പിനെപ്പോലെയൊന്ന് പിടഞ്ഞ് മുന്നോട്ട് പോകും. അത് കഴിഞ്ഞാൽ വണ്ടി വീണ്ടും നിൽക്കും.
മഴയ്ക്ക് ശക്തി കൂടിയതോടെ ചായമോഹവും വർധിച്ചു. ചായയ്ക്കായി കണ്ണുകൾ പരതി. വലതുഭാഗത്തായി ചായയ്ക്കുമാത്രം ഒരു കട. കോഴിക്കോടിന്റെ സ്വന്തം ക്ലബ്ബ് സുലൈമാനി.

വണ്ടി പാർക്ക് ചെയ്തു. നേരെ അങ്ങോട്ട്. നമ്മൾ കണ്ടുപരിചയിച്ച ചായക്കടയല്ലിത്. സമീപത്തായി രണ്ട് ഐ.ടി. പാർക്കുകൾ. ഈ പാർക്കുകളിലെ ടെക്കികളാണ് ഇവിടത്തെ പ്രധാന ആസ്വാദകർ. അതുകൊണ്ടുതന്നെ ഇതിനെ ടെക്കി കാലത്തെ ചായക്കട എന്ന് വിശേഷിപ്പിക്കാം. അമ്പതിന് മുകളിൽ വ്യത്യസ്ത ചായകളുണ്ട്. വെൽവെറ്റ് സുലൈമാനി, റോയൽ ബ്ലൂം, റൈഡേഴ്‌സ്, ജിഞ്ചർ ബാം അങ്ങനെ നീളുന്നു മെനു.

പേരിൽ ആകാംക്ഷ തോന്നി ഒരു വെൽവെറ്റ് സുലൈമാനിക്ക് പറഞ്ഞു. കുറച്ചുനേരത്തിനുള്ളിൽത്തന്നെ ചായ മുന്നിൽ. ഗ്രീൻ ആപ്പിളിന്റെയും കറുവാപ്പട്ടയുടെയും മിക്‌സ് രുചി. ഇതാണ് വെൽവെറ്റ്. നാവ് പൊള്ളുന്ന ചൂടില്ല. പൊടിയും പാകത്തിന്.
അതുകൊണ്ടുതന്നെ ചായയുടെ സ്‌നേഹമാവോളം നുകരാനാകുന്നുണ്ട്. ചുണ്ടിൽനിന്ന് ചുണ്ടിലേക്ക് ആ സ്‌നേഹം പകർന്നു. ആദ്യത്തെ ചായ കുടിച്ച് കഴിഞ്ഞപ്പോഴേക്കും തണുപ്പ് പറന്നകന്നു. എങ്കിൽപ്പിന്നെ, ഒന്നുകൂടിയാവാമെന്ന് മനസ്സ്. ഒന്ന് മാറ്റിപ്പിടിച്ചു. ഇത്തവണ രാജകീയമായിക്കോട്ടെ എന്ന് കരുതി. റോയൽ ബ്ലൂം തിരഞ്ഞെടുത്തു. ചായയുടെ ആവി പറന്നപ്പോൾ നല്ല റോസാപ്പൂവിന്റെ മണം. രുചിയും അതുതന്നെ. ചെറുപ്പത്തിൽ ആരുമറിയാതെ തിന്ന റോജാപാക്കിനെ ഓർമിപ്പിച്ചു ഈ സുലൈമാനി.

ഏഴുവർഷം മുൻപാണ് കോഴിക്കോട് ഇങ്ങനെയൊരു സ്ഥാപനം തുടങ്ങിയത്.
''തുടങ്ങിയ കാലംതൊട്ടേ ഞാൻ ഇവിടെ വരാറുണ്ട്. തലയിലെന്തെങ്കിലും പ്രശ്‌നം കയറിയാൽ ഇവിടെ വന്ന് സുലൈമാനി കുടിക്കും. അതോടെ പ്രശ്‌നങ്ങളൊക്കെ പമ്പ കടക്കും. അതിപ്പോഴും തുടരുന്നു,'' ക്ലബ്ബ് സുലൈമാനിയിലെ സ്ഥിരം ആസ്വാദകനായ പി.വി. പ്രിംജാസ് പറയുന്നു.
അവിടത്തെ ചായ ആസ്വദിച്ച് പുറത്തിറങ്ങുമ്പോൾ മനസ്സിൽ 'ഉസ്താദ് ഹോട്ടൽ' സിനിമയിലെ ഒരു ഡയലോഗ് ഓർമവന്നു. ''ഓരോ സുലൈമാനിയിലും ഒരിത്തിരി മുഹബത്ത് വേണം.'' ആ മുഹബത്ത് ആവോളമുണ്ടായിരുന്നു ഇവിടെ. സുലൈമാനിയുടെ മുഹബത്ത്.
മഴയ്ക്ക് നല്ല ശമനമുണ്ട്. റോഡിൽ ബ്ലോക്കിനും കുറവുണ്ട്. വണ്ടി തൊണ്ടയാടിൽനിന്ന് ഇടത്തോട്ട് ഇൻഡിക്കേറ്ററിട്ടു. നഗരത്തിന്റെ തിരക്കുകളിലേക്ക്.

കുറ്റിച്ചിറയിലെ ചാമ്പ്യൻ, ബീച്ചിലെ അതൃപം

കുറ്റിച്ചിറയിലെത്തുമ്പോൾ മിശ്ഖാൽ പള്ളിയിൽനിന്ന് അസർ ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു. കുറ്റിച്ചിറകുളത്തിന് എതിരിലായാണ് ചാമ്പ്യൻ ഹോട്ടൽ. സ്‌ട്രോങ് ചായ, രണ്ട് മീഡിയം, ഒരു ലൈറ്റ്, ഒരു വിത്തൗട്ട്, പൊടികൂടിയത് രണ്ട്. ഉള്ളിലേക്ക് കയറുമ്പോൾത്തന്നെ സപ്ലയർ ടീമേക്കറോട് ഉറക്കെ വിളിച്ചുപറയുന്നുണ്ട്.
ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ മതി. എല്ലാം പോയി. സ്‌ട്രോങ് ലൈറ്റാവും. ലൈറ്റ് മീഡിയമാവും. നോർമൽ കടുപ്പമാവും. പക്ഷേ, ഇതൊക്കെ എത്ര കണ്ടതാണെന്ന മട്ടിൽ ചായയടിക്കാരൻ തലയാട്ടി. എന്നിട്ട് നീട്ടിയടിച്ചു. എല്ലാം റെഡി. സപ്ലയർ അതൊക്കെ വിതരണം ചെയ്തു. ഇല്ല...! ഒന്നും മാറിയിട്ടില്ല. മധുരവും പൊടിയും ചൂടുമെല്ലാം പാകം. എല്ലാവരുടെയും മുഖത്ത് പുഞ്ചിരിമാത്രം.

ആ ചായയൊക്കെ വിതരണം ചെയ്ത് സപ്ലയർ മുന്നിലെത്തി. വിലാസം തെറ്റാതെ കത്ത് വിതരണം ചെയ്ത പോസ്റ്റ്മാന്റെ മുഖത്തുള്ള അതേ സന്തോഷം അദ്ദേഹത്തിലും കാണാം.
''ചായയെടുത്താലോ?'' ആ... ആവാം എന്ന മട്ടിൽ തലയാട്ടി.
''കൂടെ കഴിക്കാൻ പൊറോട്ടയും ബീഫും ആയാലോ?''
ആ ചോദ്യത്തിൽ വീഴാത്ത മലയാളിയുണ്ടോ? ഞാൻ മലർന്നുവീണു.
''സിംഗിൾ പൊറോട്ടയും ബീഫും. അതുമതി.''

കാത്തിരിക്കേണ്ടി വന്നില്ല. സാധനം മുന്നിൽ. നല്ല കടുപ്പമുള്ള ചായ. ഊതിയൂതി കുടി തുടങ്ങി. ചായക്ക് തുടക്കത്തിലേ മധുരമുണ്ട്. അവസാനംവരെ ഒരുപോലെ. മധുരം കൂടുതലുമില്ല, കുറവുമില്ല. പായസം കുടിക്കുന്ന ഫീൽ. പൊറോട്ടയ്ക്കും നല്ല ചൂടുണ്ട്. ഈ ചായയാണെങ്കിൽ ബീഫിന്റെ ആവശ്യമില്ലായിരുന്നു. കാലിച്ചായയും പൊറോട്ടയുംതന്നെ ധാരാളം. പക്ഷേ, ബീഫിനെ മാറ്റിനിർത്താനാവില്ലല്ലോ. ബീഫും കിടിലൻ.
ചായ കുടിച്ച് തീർന്നപ്പോഴേക്കും മിശ്ഖാൽ പള്ളിയിൽനിന്ന് നിസ്‌കാരം കഴിഞ്ഞ് മുതിർന്നവരുടെ വൻസംഘം ചാമ്പ്യനിലെത്തി. അവരൊക്കെ കാലിച്ചായയും പൊറോട്ടയും മാത്രമാണ് കഴിക്കുന്നത്. അത് കണ്ടപ്പോൾ മനസ്സ് പറഞ്ഞു: ''എന്താ ദാസാ, ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞേ?''

കുറ്റിച്ചിറയിൽനിന്ന് നേരെ പോയത് കോഴിക്കോട്ടെ പ്രധാന ബീച്ചിലേക്ക്. അവിടത്തെ തട്ടുകടകളിലെ ഓരോ ചായയ്ക്കും ഓരോ കഥ പറയാനുണ്ട്. വൈകുന്നേരമായതുകൊണ്ട് എല്ലാ കടയ്ക്കുചുറ്റും വൻജനക്കൂട്ടം. സമോവറുകൾക്കും ചീനവലപോലത്തെ ചായപോഞ്ചിക്കും ചുറ്റുമെല്ലാം ആളുകൾ കാത്തിരിക്കുന്നു. ബീച്ചിലെ ഒച്ചപ്പാടിനും ബഹളങ്ങൾക്കുമിടയിൽ ശാന്തമായ ഒരിടം തേടി. എന്നാൽ, അങ്ങനെയൊരു ഇടം കണ്ടെത്തൽ അസാധ്യം. ഒടുവിൽ തിരക്കുകുറഞ്ഞ കട തിരഞ്ഞെടുത്തു. ആ തട്ടുകടയിലെ ചായമേക്കർ നീട്ടിയടിക്കുകയാണ്. ആ അടിക്കിടയിൽ അദ്ദേഹം ഞങ്ങളോട് ഏത് ചായ വേണമെന്ന് ചോദിച്ചു. ''അടിച്ചൊരു ലൈറ്റ് ചായ,'' മതി.

പ്രകാശവേഗത്തിൽ അദ്ദേഹം ലൈറ്റ് ചായയടിച്ചു. ''ചായ അടിച്ചാലേ രുചി കൂടൂ. അടിക്കുമ്പോൾ എല്ലാം പാകത്തിലാകും'', ചായമേക്കർ ഹംസ പറഞ്ഞു.
''കൂടെ, കാടമുട്ട എടുത്താലോ?'', അദ്ദേഹം വീണ്ടും ചോദിച്ചു. എങ്കിൽ ഒരു കൈ നോക്കാമെന്നായി. മസാലയിട്ട കാടമുട്ട. ബീച്ചിലെ സ്‌പെഷ-ലാണ്.
വയനാടൻ ചുരമിറങ്ങി വന്നതാണ് ഈ ഐറ്റം. ചുരത്തിലെ കോടമഞ്ഞിൽ തണുപ്പകറ്റാൻ കട്ടൻചായയ്‌ക്കൊപ്പം കിട്ടുന്ന അതേ മസാലമുട്ട. ലൈറ്റായതുകൊണ്ടാവും ചായയ്ക്ക് ചൂട് കുറവാണ്. രുചിയിൽ കുറവൊന്നുമില്ല. കാടമുട്ടയും ചായയും ചേരുമ്പോൾ സംഗതി നല്ല ഉഷാർ.
ചായ ആസ്വാദനത്തിനിടെയാണ് മുഹമ്മദ് ബഷീറിനെ പരിചയപ്പെടുന്നത്. നൈനാൻവളപ്പ് സ്വദേശി. യാത്രയുടെ ലക്ഷ്യം ചായകുടിയാണെന്ന് പറഞ്ഞപ്പോൾ ബഷീർക്ക ഒരു സ്ഥലം പരിചയപ്പെടുത്തി. മുഖദാർ ബീച്ചിന് എതിർവശത്തുള്ള മൊയ്തീൻക്കയുടെ ചായക്കട. ബഷീർക്കായെ വിശ്വാസത്തിലെടുത്ത് അങ്ങോട്ട് പാഞ്ഞു. പ്രധാന ബീച്ചുപോലെയല്ല മുഖദാർ. വലിയ തിരക്കില്ല. എന്നാൽ, തിരക്കില്ലായ്മയിലും തിരക്കുള്ള സ്ഥലം അവിടെ കണ്ടു. അതാണ് നമ്മുടെ മൊയ്തീൻക്കയുടെ ചായക്കട. വിവിധതരം ചായകളാണ് ഇവിടത്തെ സ്‌പെഷ്യൽ. മാഞ്ഞാള കട്ടൻ, വീഞ്ഞ് കട്ടൻ, ഓമന കട്ടൻ, പുന്നാര കട്ടൻ, പൈ കട്ടൻ, അതൃപ കട്ടൻ അങ്ങനെ നീളുന്നു പേരുകൾ. പേരിൽ തൃപ്തി തോന്നിയ അതൃപ കട്ടൻതന്നെ പറഞ്ഞു. പാകമുള്ള ചൂടിൽ ഉഗ്രൻ ചായ. ഏലക്കായും കറുവാപ്പട്ടയുമാണ് കൂട്ട്.
ചില്ലുകൂട്ടിൽ ഒരുപാട് പലഹാരങ്ങളുണ്ട്. എന്നാൽ, നേരത്തേ തിന്ന പൊറോട്ടയും ബീഫും കാടമുട്ടയും മറ്റൊരു യുദ്ധത്തിന് സമ്മതിച്ചില്ല. കടലിനെ നോക്കി ഓരോ സിപ്പും ആസ്വദിച്ചു. അതൃപ കട്ടൻ നല്ല തൃപ്തി തന്നു. ഓരോ സിപ്പിലും അതിലലിഞ്ഞുചേർന്നു.
അതെ, ഉയരത്തിൽ മാത്രമല്ല, ചായയ്ക്ക് എല്ലായിടത്തും നല്ല സ്വാദാണ്.

Content Highlights: variety of teas at kozhikode, travel with tea, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented