തിന്നു മരിക്കുന്ന മലയാളി!


മുരളി തുമ്മാരുകുടി

പക്ഷെ ഈ പോക്ക് പോയാല്‍ പത്തു വര്‍ഷത്തിനകം പുകവലിയുണ്ടാക്കുന്ന രോഗങ്ങളുടെ ചിത്രം ഇപ്പോള്‍ സിഗരറ്റ് പാക്കറ്റുകളില്‍ ഉള്ളതുപോലെ നമ്മുടെ ഭക്ഷണ വസ്തുക്കള്‍ ഉണ്ടാക്കുന്ന രോഗത്തിന്റെ പേടിപ്പിക്കുന്ന ചിത്രങ്ങള്‍ മെനു കാര്‍ഡില്‍ വരുന്ന കാലം വരും.

Representative Image, Photo: Madhuraj|Mathrubhumi

കൊറോണക്കാലം മലയാളിക്ക് പാചക്കാലം കൂടിയാണ്. ഇന്നുവരെ പാചകത്തില്‍ ഒരു കൈപോലും നോക്കാത്തവര്‍ വരെ എന്തെങ്കിലുമൊന്ന് ഇക്കാലത്ത് പരീക്ഷിക്കാന്‍ മടിച്ചില്ല. മാത്രമല്ല കേട്ടിട്ടുള്ളതും കേട്ടിട്ടില്ലാത്തതുമായ നിരവധി ഭക്ഷണ സാധനങ്ങളാണ് വറുത്തും പൊരിച്ചും മലയാളിയുടെ അടുക്കള നിറച്ചത്. എന്നാല്‍ ഇതൊക്കെ ആരോഗ്യത്തിന് നല്ലതാണോ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളിയുടെ ഇങ്ങനെ മാറിയ ഭക്ഷണശീലത്തെ പറ്റി പറയുകയാണ് മുരളി തുമ്മാരുകുടി തന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

വീട്ടിലെ ഊണ്, മീന്‍ കറി
ചെറുകടികള്‍ അഞ്ചു രൂപ മാത്രം
ചട്ടി ചോറ്
ബിരിയാണി
പോത്തും കാല്
ഷാപ്പിലെ കറി
ബിരിയാണി
അല്‍ ഫാം
കുഴിമന്തി
ബ്രോസ്റ്റഡ് ചിക്കന്‍
ഫ്രൈഡ് ചിക്കന്‍

കേരളത്തില്‍ യാത്ര ചെയ്യുമ്പോള്‍ കാണുന്ന ബോര്‍ഡുകളാണ്...

മലയാളികളുടെ ഭക്ഷണ വിഭവങ്ങള്‍ നാടും മറുനാടും കടന്ന് വിദേശിയില്‍ എത്തിനില്‍ക്കുകയാണ്. വര്‍ക്ക് ഫ്രം ഹോമിന്റെ ഭാഗമായി ബംഗളൂരിലും ദുബായിലുമുള്ള മലയാളികള്‍ നാട്ടിലെത്തിയതോടെ കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ബര്‍ഗറും പിസയും കിട്ടിത്തുടങ്ങിയിരിക്കുന്നു.

എന്റെ ചെറുപ്പകാലത്ത് പഞ്ഞമാസവും പട്ടിണിയും ഉണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്ത് ദേശിയും വിദേശിയുമായ ഭക്ഷണ ശാലകള്‍ ഉണ്ടാകുന്നതും അതിലെല്ലാം ആളുകള്‍ വന്നു നിറയുന്നതും വളരെ സന്തോഷത്തോടെ നോക്കിക്കാണുന്ന ഒരാളാണ് ഞാന്‍.

പക്ഷെ ഭക്ഷണത്തെ പറ്റിയുള്ള നമ്മുടെ അജ്ഞതയും അമിതമായി നമ്മള്‍ കഴിക്കുന്ന ഭക്ഷണവും എനിക്ക് ഒട്ടും സന്തോഷം തരുന്നില്ല. ഉദാഹരണത്തിന് ഹോട്ട് ഡോഗ്, ഹാം, സോസേജ് എന്നിങ്ങനെ പ്രോസെസ്സഡ് ഇറച്ചി കാന്‍സര്‍ ഉണ്ടാക്കുമെന്ന് കൃത്യമായി തെളിവുള്ള ഗ്രൂപ്പ് ഒന്നിലാണ് ലോകാരോഗ്യ സംഘടന പെടുത്തിയിട്ടുള്ളത്. പുകവലിയും ആസ്‌ബെസ്റ്റോസും ഈ ഗ്രൂപ്പില്‍ തന്നെയാണ്.

ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റ് കാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഗ്രൂപ്പ് രണ്ടിലാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്.

muralee Thummarukudy
മുരളി തുമ്മാരുകുടി

പാറ്റ ശ്വസിക്കുന്നത് എങ്ങനെയെന്നും പശുവിന്റെ ആമാശയത്തിന് എത്ര അറകള്‍ ഉണ്ടെന്നും എന്നെ പഠിപ്പിച്ച ഒരു ബയോളജി ടീച്ചറും ഉപകാരപ്രദമായ ഇക്കാര്യങ്ങളൊന്നും എന്നെ പഠിപ്പിച്ചില്ല. ഇപ്പോഴത്തെ കുട്ടികളെ ആരെങ്കിലും പഠിപ്പിക്കുന്നുണ്ടെന്ന് അവരുടെ തീറ്റ കണ്ടിട്ട് തോന്നുന്നുമില്ല.

ഞാന്‍ ഇപ്പോള്‍ മാംസാഹാരത്തിനെതിരെ തിരിഞ്ഞിരിക്കയാണെന്നൊന്നും ആരും വിചാരിക്കേണ്ട. പഞ്ചാബി ധാബയില്‍ കിട്ടുന്ന അമിതമായ എണ്ണയും മസാലയും ചേര്‍ത്ത വെജിറ്റേറിയന്‍ ഭക്ഷണവും മലയാളികള്‍ക്ക് കൂടുതല്‍ പരിചിതമായി വരുന്ന ബംഗാളി സ്വീറ്റ്സും രോഗങ്ങള്‍ നമുക്ക് സമ്മാനിക്കുവാന്‍ കഴിവുള്ളതാണ്.

മറുനാടന്‍ ഭക്ഷണമാണ് എന്റെ ടാര്‍ഗറ്റ് എന്നും വിചാരിക്കേണ്ട. ചെറുപ്പകാലത്ത് വീട്ടിലെ ചട്ടിയില്‍ ബാക്കി വന്ന മീന്‍കറിയില്‍ കുറച്ചു ചോറിട്ട് ഇളക്കി കഴിച്ചതിന്റെ ഓര്‍മ്മയില്‍ ഇപ്പോള്‍ ബ്രാന്‍ഡ് ആയി മാറിയ 'ചട്ടിച്ചോറ്' നാം കഴിക്കുന്നത് ചെറുപ്പകാലത്ത് നമുക്ക് ലഭിച്ച ചെറിയ അളവിലല്ല. ചട്ടിച്ചോറും വീട്ടിലെ ഊണും കല്യാണ സദ്യയും ഭക്ഷണത്തിന്റെ ഗുണത്തിലല്ല അളവിലാണ് നമുക്ക് ശത്രുവാകുന്നത്. ഈ കൊറോണക്കാലത്ത് ലോകം മുഴുവന്‍ ഒരു ബേക്കിങ്ങ് വിപ്ലവത്തിലൂടെ കടന്നു പോയി, കേരളവും അതിന് അതീതമായിരുന്നില്ല. ഓരോ വീട്ടിലും കേക്കും പേസ്ട്രിയും ഉണ്ടാക്കുന്ന തിരക്കാണ്. ചെറിയ നഗരങ്ങളില്‍ പോലും കേക്ക് മിക്സും ബേക്കിങ്ങിനുള്ള പാത്രങ്ങളും ലഭിക്കുന്നു. പിറന്നാളിനും ക്രിസ്തുമസിനും മാത്രം കഴിച്ചിരുന്ന കേക്കുകള്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ എന്ന നിലയിലേക്ക് വന്നിരിക്കുന്നു.

ഭക്ഷണ രംഗത്ത് ഉണ്ടായിരിക്കുന്ന ഈ മാറ്റങ്ങള്‍ ഞാന്‍ ഉള്‍പ്പെടുന്ന മലയാളികളെ രോഗങ്ങളുടെ പിടിയിലേക്കാണ് തള്ളിവിടുന്നത് എന്നതില്‍ ഒരു സംശയവും വേണ്ട. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഏറ്റവും രോഗാതുരമായ സമൂഹമാണ് കേരളത്തിലേത്. മലയാളികള്‍ കൂടുതല്‍ കാലം ജീവിക്കുന്നു എന്നതും അസുഖം ഉണ്ടായാല്‍ ചികിത്സ തേടുന്നു എന്നതുമൊക്കെ ഈ കണക്കിന് അടിസ്ഥാനമാണെങ്കിലും ജീവിത രോഗങ്ങള്‍ നമ്മുടെ സമൂഹത്തെ കീഴടക്കുകയാണെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല.

കൊറോണയുടെ പിടിയില്‍ നിന്നും നാം മോചനം നേടുകയാണ്. 2021 പകുതി കഴിയുമ്പോള്‍ കൊറോണ നമുക്കൊരു വിഷയമാകില്ല.
പക്ഷെ ജീവിതശൈലീ രോഗങ്ങള്‍ ഇവിടെ ഉണ്ടാകും.

കൊറോണക്കാലത്ത് നമ്മള്‍ ഊട്ടിയുറപ്പിച്ച, ശീലിച്ചെടുത്ത ഭക്ഷണ ശീലങ്ങള്‍ അതിനെ വര്‍ധിപ്പിക്കും. ഇതിന് തടയിട്ടേ തീരൂ. നമ്മുടെ സര്‍ക്കാരും ഡോക്ടര്‍മാരുടെ സംഘടനകളും സാമൂഹ്യ സംഘടനകളും ഇക്കാര്യത്തില്‍ കൂടുതല്‍ താല്പര്യം കാണിക്കണം.

1. ശരിയായ ഭക്ഷണ ശീലത്തെപ്പറ്റിയുള്ള അറിവ് ഉണ്ടാക്കുക എന്നതാണ് ആദ്യത്തെ പടി. സ്‌കൂളുകളില്‍ തന്നെ ഈ വിഷയം പഠിപ്പിക്കണം. ഓരോ റെസിഡന്റ് അസോസിയേഷനിലും ഈ വിഷയം ചര്‍ച്ചാവിഷയമാക്കണം.

2. നമ്മുടെ ആശുപത്രികളില്‍ ശരിയായ പരിശീലനം നേടിയ ഡയറ്റിഷ്യന്മാരെ നിയമിക്കണം. ഉള്ള ഡയറ്റീഷ്യന്മാര്‍ക്ക് മറ്റു ജോലികള്‍ കൊടുക്കുന്നത് നിര്‍ത്തി സമൂഹത്തില്‍ ആരോഗ്യ രംഗത്ത് അവബോധം ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം നല്‍കണം. ഈ കൊറോണക്കാലത്ത് എങ്ങനെയാണോ നമ്മള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ വില അറിഞ്ഞത് അതുപോലെ ഡയറ്റീഷ്യന്മാരുടെ അറിവും കഴിവും നമ്മള്‍ ശരിയായി ഉപയോഗിക്കണം.

3. ഉഴുന്ന് വട മുതല്‍ കുഴിമന്തി വരെ നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെയും കലോറി വിലയോടൊപ്പം മെനുവില്‍ ലഭ്യമാക്കണമെന്ന് നിയമപൂര്‍വ്വം നിര്‍ബന്ധിക്കണം.

4. റസ്റ്റോറന്റുകള്‍ പ്ലേറ്റ് നിറയെ ഭക്ഷണം കൊടുക്കുന്നതിന് പകരം ആരോഗ്യകരമായ അളവിലും ആകര്‍ഷകമായും ഭക്ഷണം നല്കാന്‍ ശ്രമിക്കണം. ഇക്കാര്യത്തില്‍ ഹോട്ടല്‍, റെസ്റ്റോറന്റ്, കാറ്ററിങ് അസോസിയേഷനുകളെ വിശ്വാസത്തില്‍ എടുക്കണം.

5. ഓരോ മെനുവിലും 'ഹെല്‍ത്തി ഓപ്ഷന്‍' എന്ന പേരില്‍ കുറച്ചു ഭക്ഷണം എങ്കിലും ഉണ്ടാകണം എന്നത് നിര്‍ബന്ധമാക്കണം.

6. അനാരോഗ്യമായ ഭക്ഷണങ്ങള്‍ക്ക് 'fat tax' കേരളത്തില്‍ പരീക്ഷിച്ചതാണ്, പക്ഷെ ഇതിന്റെ തോത് കുറഞ്ഞതിനാല്‍ വേണ്ടത്ര ഫലം ഉണ്ടായില്ല. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചിലവില്‍ ആളെക്കൊല്ലുന്ന അളവില്‍ ഭക്ഷണ വിഭവങ്ങള്‍ കിട്ടുന്ന നാടാണ് നമ്മുടേത്. ഇവിടെ അനാരോഗ്യകരമായ ഭക്ഷണത്തിനോ അനാരോഗ്യകരമായ അളവില്‍ കഴിക്കുന്ന ഭക്ഷണത്തിനോ വില പല മടങ്ങ് വര്‍ധിപ്പിച്ചേ പറ്റൂ.

7. നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ സോഷ്യലൈസിങ്ങിന് സമൂഹം അംഗീകരിച്ച ഒറ്റ മാര്‍ഗ്ഗമേ ഉള്ളൂ, തീറ്റ. ബന്ധുക്കളെയും സ്വന്തക്കാരെയും സുഹൃത്തുക്കളെയും തീറ്റിച്ചു കൊല്ലാന്‍ നാം പരസ്പരം മത്സരിക്കുകയാണ്. ഇത് മാറ്റിയെടുക്കണം.

8. ഓരോ പഞ്ചായത്തിലും (മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും) ഹാപ്പിനെസ്സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉണ്ടാക്കണം. അവിടെ ഡയറ്റീഷ്യന്‍, ലൈഫ് കോച്ച്, ഫിസിക്കല്‍ ട്രെയിനര്‍ എന്നിവരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കണം. ആരോഗ്യകരമായ ശീലങ്ങള്‍ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്നത് ഒരു പൊതുജനാരോഗ്യ വെല്ലുവിളിയായി നാം ഏറ്റെടുക്കണം.

9 . കേരളത്തിലെ ഓരോ വാര്‍ഡിലും വ്യായാമത്തിനുള്ള ഒരു ഫെസിലിറ്റി എങ്കിലും ഉണ്ടായിരിക്കണം. വിദേശത്ത് ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഓപ്പണ്‍ ജിം, അതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏത് സമയത്തും സുരക്ഷിതമായി വരാവുന്നത്, കേരളത്തില്‍ എല്ലായിടത്തും കൊണ്ടുവരണം. നന്നായി ഫാറ്റ് ടാക്‌സ് വാങ്ങിയാല്‍ തന്നെ ഇതിനുള്ള പണം കിട്ടും.

10. സമീപകാലത്തൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ജനപ്രിയത ഉള്ള ഒരു ആരോഗ്യമന്ത്രിയാണ് നമുക്കുള്ളത്. ആരോഗ്യ രംഗത്തെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യകരമായ ജീവിത രീതി നമ്മുടെ ജനങ്ങളെ പഠിപ്പിക്കാന്‍ ബഹുമാനപ്പെട്ട മന്ത്രി മുന്‍കൈ എടുക്കണം. പത്തു വര്‍ഷത്തിനകം നമ്മുടെ ആരോഗ്യ ബഡ്ജറ്റിന്റെ പകുതിയും ആരോഗ്യത്തോടെ ജീവിക്കാന്‍ ആളുകളെ പഠിപ്പിക്കാനും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും നമ്മള്‍ ചിലവാക്കണം.

ഇതൊന്നും ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ ഇതൊന്നും ചെയ്യാതെ മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചിരിക്കാനാണ് നമുക്കെല്ലാവര്‍ക്കും ഇഷ്ടം. പക്ഷെ ഈ പോക്ക് പോയാല്‍ പത്തു വര്‍ഷത്തിനകം പുകവലിയുണ്ടാക്കുന്ന രോഗങ്ങളുടെ ചിത്രം ഇപ്പോള്‍ സിഗരറ്റ് പാക്കറ്റുകളില്‍ ഉള്ളതുപോലെ നമ്മുടെ ഭക്ഷണ വസ്തുക്കള്‍ ഉണ്ടാക്കുന്ന രോഗത്തിന്റെ പേടിപ്പിക്കുന്ന ചിത്രങ്ങള്‍ മെനു കാര്‍ഡില്‍ വരുന്ന കാലം വരും. അത് വേണ്ട.

Content Highlights: Unhealthy eating habits of Keralites causes diseases face book post by Muralee Thummarukudy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented