ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായ മെറ്റ് ​ഗാല കഴിഞ്ഞ ദിവസമാണ് താരനിരയോടെ അരങ്ങേറിയത്. ഫാഷൻ ലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന പരിപാടിയിലേക്ക് നിരവധി താരങ്ങൾ വ്യത്യസ്തവും വിചിത്രവുമായ അപ്പിയറൻസിൽ എത്തിയത്. ഇപ്പോൾ വൈറലാകുന്നത് മെറ്റ് ​ഗാലയിൽ നിന്നുള്ള ഒരു ഭക്ഷണത്തിന്റെ ചിത്രമാണ്. കോടികൾ പൊടിച്ചു നടത്തിയ ചടങ്ങിൽ നിന്നുള്ള ഭക്ഷണത്തിന്റെ ചിത്രം കണ്ടു ഞെട്ടിയിരിക്കുകയാണ് പലരും. 

അമേരിക്കൻ നടിയും ​ഗായികയുമായ കികി പാൽമെർ ആണ് മെറ്റ് ​ഗാലയിൽ നിന്നുള്ള ഭക്ഷണത്തിന്റെ ചിത്രം പങ്കുവെച്ചത്. സുസ്ഥിരമായ പ്ലാന്റ് അധിഷ്ഠിതമായ ഭക്ഷണങ്ങൾ ആയിരുന്നു മെനുവിൽ ഉണ്ടായിരുന്നത്. പക്ഷേ പാൽമെർ പങ്കുവെച്ച ചിത്രം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണുണ്ടായത്. അൽപം കൂണും ബാർലിയും ചോളവും തക്കാളി സാലഡും കുക്കുമ്പറും മാത്രമാണ് പാത്രത്തിൽ കാണുന്നത്. 

ഒപ്പം രസകരമായൊരു ക്യാപ്ഷനും പാൽമെർ കുറിക്കുകയുണ്ടായി. ഇതുകൊണ്ടാണ് അവർ നിങ്ങളെ ഭക്ഷണം കാണിക്കാത്തത് എന്നാണ് പാൽമെർ കുറിച്ചത്. ആഡംബരപൂർണമായി നടത്തുന്ന ഇത്തരമൊരു പരിപാടിയിൽ കൊടുക്കുന്ന ഭക്ഷണത്തിന്റെ നിലവാരത്തെ ചോദ്യം ചെയ്താണ് പലരും ചിത്രം പങ്കുവെച്ചത്. അമേരിക്ക തീമായിട്ടുള്ള മെറ്റ് ​ഗാലയിൽ അമേരിക്കൻ ഭക്ഷണത്തോട് സാമ്യമില്ലാത്ത മെനു വിളമ്പിയതിനെ ചോദ്യം ചെയ്യുന്നവരുമുണ്ട്. 

മെറ്റ് ​ഗാലയിലേക്കുള്ള ടിക്കറ്റ് നിരക്ക് 30,000 യു.എസ് ഡോളർ(ഇരുപത്തിരണ്ടു ലക്ഷത്തോളം) ആണെന്നിരിക്കേ കൊടുക്കുന്ന ഭക്ഷണവും നിലവാരത്തിലുള്ളതാകണമായിരുന്നു എന്നു കമന്റ് ചെയ്യുന്നവരുമുണ്ട്. വിവാദം കൊഴുത്തതോടെ മെറ്റ് ​ഗാലാ മെനു തയ്യാറാക്കിയ ഷെഫ് മാർകസ് സാമുവൽസൺ പ്രതികരണവുമായി രം​ഗത്തെത്തുകയും ചെയ്തു.

ഭക്ഷണത്തിൽ പ്രധാനം രുചിക്കാണെന്നും മെറ്റ്​ഗാലയിലെ മെനു സ്വാദിഷ്ടമാണ് എന്നുമാണ് മാർകസ് പ്രതികരിച്ചത്. ഇതിനുപുറമേ സ്റ്റാർട്ടറും ഡിസേർട്ടും ഉണ്ടായിരുന്നുവെന്നു പറഞ്ഞ മാർകസ് തനിക്ക് ലഭിച്ച പ്രതികരണങ്ങളെല്ലാം ഭക്ഷണത്തെ അഭിനന്ദിച്ചുള്ളതാണെന്നും പറഞ്ഞു. 

Content Highlights: Twitter Users Shocked To See Paltry Meal At Starry Event