ഉപഭോക്താക്കളുമായി ഇടപഴകുന്നതിന് പ്രമുഖ ബ്രാന്‍ഡുകള്‍ സാമൂഹികമാധ്യമങ്ങളെ കൂട്ടുപിടിക്കാറുണ്ട്. ഇത്തരത്തില്‍ സ്വിഗ്ഗി, സൊമാറ്റോ, ഡോമിനോസ് എന്നീ ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളോട് സജീവമായി ഇടപഴകാറുണ്ട്. 

ട്വിറ്ററില്‍ ഉപഭോക്താവുമായി ഇടപെട്ട് വെട്ടിലായിരിക്കുകയാണ് പിസ ഹട്ട്. പിസ ഹട്ടിന്റെ പ്രശസ്തമായ പിസ ചെയിനില്‍ ഭാഗമാകുന്നത് സംബന്ധിച്ച് സംശയം ചോദിച്ചതാണ് സോഹദ് എന്ന ഉപഭോക്താവ്. സാമൂഹികമാധ്യമത്തില്‍ 10,000 ലൈക്കുകള്‍ നേടിയാല്‍ എക്‌സ്ട്രാ ലാര്‍ജ് വലിപ്പമുള്ള പിസയും ആറ് ഗാര്‍ലിക് ബ്രെഡും കോക്കുമാണ് കമ്പനി നല്‍കുക. 

ഉപഭോക്താവിനോട് ഫോണ്‍ നമ്പറും അഡ്രസും ആവശ്യപ്പെട്ട പിസ ഹട്ട് രണ്ടാഴ്ചയെടുക്കും പിസ ലഭിക്കാന്‍ എന്ന് വ്യക്തമാക്കി. പക്ഷേ, എക്‌സ്ട്രാ ലാര്‍ജ് കിട്ടില്ലെന്നും ലാര്‍ജ് മാത്രമെ ലഭിക്കുകയുള്ളൂവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കമ്പനി പറഞ്ഞ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട സോഹദ് പുതിയ ഓഫറില്‍ താത്പര്യമില്ലെന്നും അറിയിച്ചു. എന്നാല്‍, എക്ട്രാ ലാര്‍ജ് പിസ ഒരിക്കലും നല്‍കാറില്ലെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കിയ കമ്പനി ഉപഭോക്താവിനെ അക്കാര്യം ആദ്യം അറിയിക്കാന്‍ കഴിയാതിരുന്നതില്‍ ക്ഷമ ചോദിച്ചു. പിസ നല്‍കാന്‍ രണ്ടാഴ്ച സമയമെടുക്കുമെന്നും വ്യക്തമാക്കി. എക്‌സ്ട്രാ ലാര്‍ജ് പിസ നല്‍കാന്‍ കഴിയില്ലെങ്കില്‍ രണ്ട് ലാര്‍ജ് പിസ നല്‍കാന്‍ സോഹദ് ആവശ്യപ്പെട്ടു. എന്നാല്‍, എക്‌സ്ട്രാ ലാര്‍ജ് പിസയുടെ വലുപ്പം 15 ഇഞ്ച് ആണെന്നും രണ്ട് ലാര്‍ജ് ആകുമ്പോള്‍ 24 ഇഞ്ച് വലുപ്പമാകുമെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പിസ ഹട്ട് പറഞ്ഞു. രാത്രിക്കുള്ളില്‍ വിവരം അറിയിക്കാന്‍ പറഞ്ഞ അവര്‍ സോഹദിനോട് വീണ്ടും ക്ഷമ ചോദിച്ചു. 

എന്നാല്‍, വിട്ടുകൊടുക്കാന്‍ സോഹദും തയ്യാറായില്ല. ക്ഷമയും സമയപരിധിയും ഒറ്റ ശ്വാസത്തില്‍ പറയേണ്ടന്നും ഒരൊറ്റ ട്വീറ്റിനു മാത്രം പത്ത് ലക്ഷത്തിലധികം ലൈക്കുകള്‍ കിട്ടിയെന്നും സോഹദ് പിസ ഹട്ടിനെ അറിയിച്ചു. ഇഞ്ചിന്റെ കണക്കു പറഞ്ഞ് കുട്ടികളെപ്പോലെ വാശിപിടിക്കരുതെന്നും സോഹദ് ആവശ്യപ്പെട്ടു. കമ്പനിയുടെ നിലപാട് നാണക്കേടുണ്ടാക്കിയെന്നും നിങ്ങളുടെ പിസ എനിക്ക് ആവശ്യമില്ലെന്നും എന്തെങ്കിലും ചെയ്തുകൊള്ളാനും പറഞ്ഞ് സോഹദ് തര്‍ക്കം അവസാനിപ്പിച്ചു. 

പിസ ഹട്ടിന്റെ നിലപാട് വിവാദത്തിലായി. പറഞ്ഞ വാക്ക് പാലിക്കാന്‍ ഒട്ടേറെപ്പേര്‍ പിസ ഹട്ടിനോട് ആവശ്യപ്പെട്ടു. വാക് തര്‍ക്കമാണെങ്കിലും ഈ ട്വീറ്റുകളിലൂടെ പിസ ഹട്ടിന് ഒട്ടേറെ പ്രൊമോഷന്‍ കിട്ടിയിട്ടുണ്ടെന്നും വാക്കു പറഞ്ഞതുപോലെ സൗജന്യ പിസ കൊടുത്തില്ലെങ്കില്‍ തങ്ങള്‍ പിസ ഹട്ട് ബഹിഷ്‌കരിക്കുമെന്നും മറ്റുചിലര്‍ ഭീഷണി മുഴക്കി.

Content highlights: twitter user demands free pizza for likes heres what pizza hut said