പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണം അല്‍ഷിമേഴ്സ് രോഗം വരാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നതായി പഠനം. താരതമ്യേന കൊഴുപ്പും കലോറിയും കൂടിയ പാശ്ചാത്യ ഭക്ഷണരീതിയെ അപേക്ഷിച്ചു നോക്കുമ്പോള്‍ മധ്യധരണ്യാഴിയിലുള്ള രാജ്യങ്ങളിലെ പാരമ്പര്യ രീതിയിലുള്ള ഭക്ഷണസാധനങ്ങള്‍ മറവിരോഗങ്ങളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കുന്നതായി പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോയിലുള്ള ന്യൂട്രീഷന്‍ ആന്‍ഡ് ഹെല്‍ത്ത് റിസര്‍ച്ച് സെന്ററിലെ വില്യം ബി. ഗ്രാന്റ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഇന്ത്യ, ജപ്പാന്, നൈജീരിയ മുതലായ രാജ്യങ്ങളിലെ ഭക്ഷണ സംസ്കാരം മറവിരോഗങ്ങളെ തടുക്കാന്‍ സഹായിക്കുന്നവയാണ്. മാംസാഹാരത്തേക്കാളേറെ സസ്യാഹാരം കഴിക്കുന്നതാണ് ഇതിന് മുഖ്യകാരണം. അല്‍ഷിമേഴ്സ് പോലെയുള്ള രോഗങ്ങള്‍ 50% തടയാന്‍ ഇതിലൂടെ കഴിയുന്നതായും വില്യം പറയുന്നു.
പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, ധാന്യവര്‍ഗങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാല് ഉല്പന്നങ്ങള്, മത്സ്യം എന്നിവ ഇടകലര്‍ത്തി കഴിക്കുന്നതാണ് നമ്മുടെ പരമ്പരാഗത ഭക്ഷണരീതി. ഇതാണ് മറവി രോഗങ്ങളില്‍ നിന്നും നമ്മെ ചെറുക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. ഇന്ത്യ അടക്കം 10 രാജ്യങ്ങളിലാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.
യുഎസ്, ബ്രസീല്‍, ചിലി, ക്യൂബ, ഈജിപ്ത്, മംഗോളിയ, നൈജീരിയ, റിപ്പബ്ലിക് ഓഫ് കൊറിയ, ശ്രീലങ്ക എന്നവിടങ്ങളിലെ ഭക്ഷ്യസംസ്കാരമാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അല്‍ഷിമേഴ്സ് രോഗികള്‍ കൂടിവരുന്ന രാജ്യങ്ങളിലെ ഭക്ഷണരീതികളില്‍ വന്ന മാറ്റങ്ങളെ സംബന്ധിച്ച പഠനത്തില്‍ നിന്നാണ് ഗവേഷകര്‍ പുതിയ പഠനത്തിലേക്ക് എത്തിച്ചേര്‍ന്നത്.
മാംസാഹാരങ്ങള്‍ വളരെ കൂടിയ അളവില്‍ കഴിക്കുന്ന പാശ്ചാത്യരാജ്യങ്ങളില്‍, പ്രത്യേകിച്ച് അമേരിക്കന്‍ ജനസംഖ്യയിലെ ഭൂരിഭാഗത്തിനും അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത നാലു ശതമാനം വരെ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. മാംസാഹാരത്തോടൊപ്പം അതിനു സമാനമായ അളവില്‍ പച്ചക്കറികള്‍ കഴിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം.
ഭക്ഷണത്തില്‍ നിന്നും മാംസാഹാരത്തിന്റെ അളവ് കുറയ്ക്കുന്നത് അല്‍ഷിമേഴ്സ് മാത്രമല്ല, പല തരം അര്‍ബുദങ്ങളും, ഡയബറ്റീസ് മെല്ലീറ്റസ് ടൈപ്പ് 2, പക്ഷാഘാതം, കിഡ്നി സംബന്ധമായ അസുഖങ്ങള്‍ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുക കൂടിയാണെന്ന് തന്റെ പഠനത്തിന്റെ ബാക്കിപത്രമായി വില്യം പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..