മഞ്ഞള്‍ വളരെയധികം ഔഷധഗുണമുള്ള ഒന്നായാണ് പണ്ടുമുതലേ ആളുകള്‍ കാണുന്നത്. മുറിവുകള്‍ ഉണങ്ങാനും അലര്‍ജ്ജി പോലുള്ളവ തടയാനും വിഷമുള്ള ജീവികള്‍ കടിച്ചാല്‍ അത് മാരകമാകാതിരിക്കാനും സൗന്ദര്യക്കൂട്ടുകളിലുമെല്ലാം മഞ്ഞളിന് വലിയ സ്ഥാനമുണ്ട്. ഇന്ത്യന്‍ ഭക്ഷണത്തില്‍ പ്രധാന ചേരുവകളില്‍ ഒന്നുകൂടിയാണ് മഞ്ഞള്‍. എന്നാല്‍ മഞ്ഞള്‍ കഴിക്കുന്നതിനും ഒരു അളവുണ്ട്. അമിതമായാല്‍ ആരോഗ്യത്തെ ബാധിക്കാന്‍ ഇടയുള്ള ഒന്നാണ് മഞ്ഞള്‍ എന്നാണ് പഠനങ്ങള്‍. അമിതമായി മഞ്ഞള്‍ കഴിച്ചാല്‍ വരാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്
1. ഉദരരോഗങ്ങള്‍
മഞ്ഞള്‍ അമിതമായി കഴിക്കുന്നത് ഉദരവീക്കത്തിന് കാരണമാകാം. മലബന്ധം, വയറുവേദന എന്നിവയ്ക്കും കാരണമാകും
2. വൃക്കയിലെ കല്ല്
മഞ്ഞളില്‍ ഓക്‌സലേറ്റിന്റെ അംഗം കൂടുതലായതിനാല്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കയില്‍ കല്ല് ഉണ്ടാകുന്നതിന് കാരണമാകാം. ഈ ഓക്‌സലേറ്റുകള്‍ കാല്‍സ്യവുമായി ചേര്‍ന്ന് കിഡ്‌നി സ്‌റ്റോണിന് കാരണമായ കാത്സ്യം ഓക്‌സലേറ്റാകുന്നതാണ് ഇതിന് വഴിവയ്ക്കുന്നത്.
3. വയറിളക്കം
മഞ്ഞളിലെ കുര്‍കുമിന്‍ പലരോഗങ്ങള്‍ക്കും നല്ലതാണെങ്കിലും അമിതമായി ഉള്ളിലെത്തുന്നത് ചെറുകുടലില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും. ഇത് വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും.
4. അലര്‍ജ്ജി
ചില ആളുകള്‍ക്ക് മഞ്ഞള്‍ അലര്‍ജ്ജി ഉണ്ടാക്കാറുണ്ട്. ചര്‍മത്തില്‍ ചൊറിഞ്ഞ് തടിക്കുക, കുരുക്കള്‍ ഉണ്ടാകുക, ശ്വാസം തടസ്സം എന്നിവ അനുഭവപ്പെടാം. ഉള്ളിലെത്തിയാലും ചര്‍മത്തില്‍ പുരണ്ടാലും ഇത്തരക്കാര്‍ക്ക് മഞ്ഞള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും.
5. ഇരുമ്പിന്റെ അപര്യാപ്തത
കൂടുതല്‍ മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന്റെ ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കും. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറവുള്ളവര്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ മഞ്ഞള്‍ അമിതമാകാതെ സൂക്ഷിക്കണം.
Content Highlights: Too much turmeric can be bad for health