തൃശ്ശൂര്‍: പത്തു വര്‍ഷമായി തുടരുന്ന ശീലം ടോണി ലോക്ഡൗണിലും മുടക്കിയില്ല. തെരുവോരങ്ങളില്‍ കഴിയുന്ന 100 പേര്‍ക്ക് എല്ലാ ഞായറാഴ്ചയും പൊതിച്ചോറ് നല്‍കിവരുന്ന ഈ വെല്‍ഡിങ് തൊഴിലാളി ലോക്ഡൗണിന്റെ ആദ്യ ഞായറിലും പതിവ് തെറ്റിച്ചില്ല. ഇപ്പോള്‍ തൃശ്ശൂര്‍ നഗരത്തിലെ പാതയോരങ്ങളില്‍ ആരുമില്ലാത്തതിനാല്‍ അവരെ പാര്‍പ്പിച്ചിരുന്നയിടത്ത് എത്തിയാണ് ഭക്ഷണം നല്‍കിയത്. ലോക്ഡൗണായതിനാല്‍ പാതയോരങ്ങളിലുള്ളവരെ കോര്‍പ്പറേഷനും ആക്ട്‌സ് പ്രവര്‍ത്തകരും േചര്‍ന്ന് കാല്‍ഡിയന്‍ സ്‌കൂളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ടോണി അവിടെയെത്തി പൊതിച്ചോറ് ആക്ട്‌സ് ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യന് കൈമാറി.

വടൂക്കര വാഴപ്പിള്ളി വീട്ടില്‍ ടോണി ആന്റണി (45) കൈപ്പറമ്പിലെ സ്ഥാപനത്തില്‍ തൊഴിലാളിയാണ്. ഐടിഐ. പഠിച്ച ശേഷം മുംബൈയിലേക്ക് പോയ ടേണി 10 വര്‍ഷം മുമ്പാണ് മടങ്ങിയെത്തിയത്.

അയല്‍വക്കത്തെ ഒരു കുടുംബം മുടങ്ങാതെ എല്ലാ ഞായറാഴ്ചകളിലും വഴിയോരത്തുള്ളവര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത് ടോണി കണ്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ ആ കുടുംബം ഉച്ചഭക്ഷണ വിതരണം നിര്‍ത്തുകയാണെന്നറിഞ്ഞ ടോണി ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 10 വര്‍ഷത്തിനിടെ ഒരിക്കലും ഈ സേവനം നിര്‍ത്തിയിട്ടില്ല. ടോണിയുടെ നന്മയറിഞ്ഞ് പലരും പൊതിച്ചോറ് നല്‍കി സഹകരിക്കാറുണ്ട്. അങ്ങനെയാണ് 100 പൊതിച്ചോറിലേക്ക് സേവനം എത്തിയത്. മുന്‍പ് പാതയോരത്തെ അനാഥരുടെ മുടിവെട്ടുകയും കുളിപ്പിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കോവിഡ് കാലമായതിനാല്‍ ആ സേവനം ചെയ്യുന്നില്ല.

Content Highlights: tony serves food for 100 people every Sunday on the streets