പ്രതീകാത്മക ചിത്രം | Photo: www.canva.com/
അടുക്കളയില്‍ ഒഴിവാക്കാനാവാത്ത ഘടകങ്ങളിലൊന്നാണ് തൈര്. പുലാവ്, ഖിച്ചഡി, പറാത്ത തുടങ്ങി ബിരിയാണി തയ്യാറാക്കുന്നതിനുവേണ്ടിവരെ തൈര് ഉപയോഗിക്കാറുണ്ട്. മിക്കവരും ബാക്കി വന്ന തൈര് ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. വൃത്തിയോടെയും ശരിയായും കൈകാര്യം ചെയ്തില്ലെങ്കില്‍ മറ്റേത് പാലുത്പന്നം പോലെയും വേഗത്തില്‍ കേടാകാനുള്ള സാധ്യത തൈരിനും ഉണ്ട്. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തൈര് ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും.
മികച്ച സ്‌റ്റോറേജ് സംവിധാനം
വായുവും ജലവും കടക്കാത്ത സ്ഥലത്താണ് തൈര് കൂടുതല്‍ ദിവസം കേടുകൂടാതെ ഇരിക്കുക. വായു കടക്കാത്ത പാത്രത്തില്‍ തൈര് അടച്ച് സൂക്ഷിക്കണം. വായുകടക്കാതെ സൂക്ഷിക്കുന്നത് പരമവാധിദിവസം കേടുകൂടാതെ ഇരിക്കാന്‍ സഹായിക്കും. ഓരോ തവണയും തൈര് പുറത്തെടുത്തശേഷം പാത്രം വായു കടക്കാതെ നന്നായി അടച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം.
ഫ്രീസറിൽ സൂക്ഷിക്കാം
തൈര് ഫ്രീസറിൽവെച്ച് തണുപ്പിച്ച് സൂക്ഷിക്കുന്നത് അത് വേഗത്തില്‍ നശിച്ചുപോകാതെ ഇരിക്കുന്നതിന് സഹായിക്കും. തൈരിലുള്ള സൂക്ഷ്മജീവികള്‍ വേഗത്തില്‍ വളരാതെ തടയുകയും ചെയ്യും. തണുപ്പിച്ച് സൂക്ഷിക്കുന്ന തൈരിന്റെ ഘടന ചിലപ്പോള്‍ മാറിയേക്കാം. അതിനാല്‍ തൈര് സാധാരണപോലെ നേരിട്ട് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍, കറികളിലും മറ്റും ചേര്‍ത്ത് ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ല.
സൂക്ഷ്മാണുക്കള്‍ വളരാതെ കാക്കാം
ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ നിന്ന് നേരിട്ട് തൈര് എടുത്ത് ഉപയോഗിക്കുന്നവരാണ് അധികവും. എന്നാല്‍, മറ്റൊരു പാത്രത്തിലേക്ക് മാറ്റിയശേഷം തൈര് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗം. ശേഷം അപ്പോള്‍ തന്നെ മറ്റേപാത്രം നന്നായി അടച്ച് ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടതാണ്. അല്ലെങ്കില്‍ ബാക്ടീരിയയും മറ്റും വേഗത്തില്‍ പടരുന്നതിന് കാരണമാകും. തൈര് എടുക്കുന്ന സ്പൂണും വൃത്തിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഫ്രിഡ്ജിന്റെ ഡോറില്‍ സൂക്ഷിക്കരുത്
ഫ്രിഡ്ജിനുള്ളിലെ ഏറ്റവും ചൂടേറിയ ഭാഗമാണ് ഡോര്‍. ഒപ്പം ഓരോ തവണ തുറക്കുമ്പോഴും ചൂട് കൂടുതല്‍ അടിക്കുന്നത് ഇവിടെയാണ്. അതിനാല്‍, അധികദിവസം തൈര് കേടുകൂടാതെ ഇരിക്കുന്നതിന് അത് ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..