പ്രതീകാത്മക ചിത്രം (Photo: N.M. Pradeep)
വേനല്‍ക്കാലം ഇങ്ങെത്തിയിരിക്കുകയാണ്. കേരളത്തിലെ പല ജില്ലകളിലും താപനില ഉയരുമെന്ന് കാട്ടി ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശരീരത്തില്‍നിന്ന് വലിയതോതില്‍ ജലം നഷ്ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഈ സമയത്ത് മദ്യം, ചായ, കാപ്പി എന്നിവ കുടിക്കുന്നത് ഉചിതമല്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വേനല്‍ക്കാലത്ത് കുടിക്കാന്‍ ഉത്തമവും ആരോഗ്യപ്രദവുമായ ഏതാനും പാനീയങ്ങള്‍ പരിചയപ്പെടാം.
തേങ്ങാവെള്ളം
ഫൈബര്‍, പ്രോട്ടീന്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, അമിനോ ആസിഡുകള്‍ എന്നിവയെല്ലാം ധാരാളമായി അടങ്ങിയവയാണ് തേങ്ങാവെള്ളം/ഇളനീര്‍. കൊഴുപ്പുരഹിതവും പോഷകസമൃദ്ധവുമാണ് ഇളനീര്‍. ശരീരത്തിലെ ജലാംശം അമിതമായി നഷ്ടപ്പെടാതെ കാക്കുന്നതിനൊപ്പം ശരീരഭാരം വര്‍ധിക്കാതിരിക്കാനും തേങ്ങാവെള്ളം സഹായിക്കുന്നു. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇളനീര്‍ സഹായിക്കുന്നതായി ന്യൂട്രീഷണിസ്റ്റുമാര്‍ പറയുന്നു.
സംഭാരം
ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായിക്കുന്ന പാനീയമാണ് സംഭാരം. മോരില്‍ കറിവേപ്പില, ഇഞ്ചി, ചെറിയുള്ളി, പച്ചമുളക് എന്നിവ ഇടിച്ചുചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് സംഭാരം തയ്യാറാക്കാം.
കരിമ്പ് ജ്യൂസ്
നിര്‍ജലീകരണം തടയുന്നതിനുള്ള ഉത്തമപാനീയമാണ് കരിമ്പ് ജ്യൂസ്. പോഷകങ്ങള്‍ ഏറെ അടങ്ങിയിരിക്കുന്ന കരിമ്പ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നതിനൊപ്പം ഉന്മേഷവും നല്‍കുന്നു.
നാരങ്ങാവെള്ളം
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി, സിട്രിക് ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നാരാങ്ങാവെള്ളം. ചൂടുകാലത്ത് കുടിക്കാന്‍ പറ്റിയ പാനീയം എന്നതിനുപുറമെ ദഹനത്തെ മെച്ചപ്പെടുത്താനും ഇത് ഉത്തമമാണ്. ശരീരത്തിലുള്ള വിഷപദാര്‍ഥങ്ങളെ പുറന്താള്ളാന്‍ ഇത് സഹായിക്കുന്നു. ഓരോരുത്തരുടെയും താത്പര്യമനുസരിച്ച് പഞ്ചസാരയോ തേനോ ഉപ്പോ ചേര്‍ത്ത് നാരങ്ങാവെള്ളം കുടിക്കാവുന്നതാണ്.
ജല്‍ജീര
ജീരകം, വെള്ളം എന്നിവയാണ് ജല്‍ജീരയിലെ പ്രധാന ചേരുവകള്‍. നന്നായി വറുത്തെടുത്ത ജീരകം പൊടിച്ച് വെള്ളത്തില്‍ ചേര്‍ത്താണ് ഈ പാനീയം തയ്യാര്‍ ചെയ്യുന്നത്. വേനല്‍ക്കാലത്ത് കണ്ടുവരുന്ന ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉത്തമമാണ് ഇത്.
Content Highlights: to beat heat these cool drinks, jaljeera, lemonade, sugar cane juice, sambaram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..