ആരോഗ്യകരമായ ഭക്ഷണശീലമുള്ളവരുടെയെല്ലാം പ്രിയവിഭവമാണ് സാലഡുകള്‍. എന്നാല്‍ എത്ര ഇഷ്ടമാണെങ്കിലും എല്ലാദിവസവും സാലഡ് കഴിക്കുന്നത് മടുപ്പിക്കാറില്ലേ? ഇത് ഒഴിവാക്കാന്‍ സാലഡ് ഡ്രെസ്സിങില്‍ ചിലമാറ്റങ്ങള്‍ വരുത്താം.
1. ഒലീവ് ഓയില്‍ ഡ്രെസ്സിങ്
സാലഡുകളിലെ പ്രധാന ചേരുവയാണ് ഒലീവ് ഓയില്‍. ഇതിനൊപ്പം ചെറുതായി ചൂടാക്കിയ രണ്ട് ടേബിള്‍സ്പൂണ്‍ എള്ളെണ്ണ, ചതച്ച വെളുത്തുള്ളി മൂന്ന് അല്ലി, ഒരു ടേബിള്‍സപൂണ്‍ സോയാ സോസ്, ഒരു ടേബിള്‍സ്പൂണ്‍ ചില്ലി സോസ്, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ചതച്ച ഇഞ്ചി എന്നിവകൂടി ചേര്‍ത്ത് സാലഡ് നന്നായി മിക്‌സ് ചെയ്യാം.
2. ഒറിഗാനോ, ചില്ലി ഫ്‌ളേക്‌സ്, ലൈം ഡ്രെസ്സിങ്
സാലഡിനുള്ള പച്ചക്കറികളും ഇലകളും അരിഞ്ഞ് ഒരു ബൗളില്‍ എടുക്കാം. ഇതിലേക്ക് രണ്ട് നാരങ്ങയുടെ നീര് ചേര്‍ക്കണം. ഇനി ഒരു ടേബിള്‍സ്പൂണ്‍ സോയ സോസ്, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍, ചതച്ച വെളുത്തുള്ളി നാല് അല്ലി, ഒറിഗാനോയും ചില്ലി ഫ്‌ളേക്‌സും അര ടേബിള്‍ സ്പൂണ്‍ വീതം, ഇതിനെല്ലാമൊപ്പം രണ്ട് ടേബിള്‍സ്പൂണ്‍ വിനാഗിരിയും ഒരുനുള്ള്് ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. ചെറിയൊരു പുളിയും എരിവും സാലഡിനെ കൂടുതല്‍ രുചികരമാക്കും.
3. യോഗര്‍ട്ട് ഡ്രെസ്സിങ്
അരകപ്പ് ഗ്രീക്ക് യോഗര്‍ട്ട് എടുക്കുക, ഇതിലേക്ക് കാല്‍കപ്പ് ബട്ടര്‍മില്‍ക്ക്, നാല് മിന്റ് ഇലകള്‍, വെളുത്തുള്ളി ചതച്ചത് ആറ് അല്ലി, അര സവാള കനം കുറച്ച് അരിഞ്ഞത്, ഒരു നാരങ്ങയുടെ നീര്, കടുക് പൊടിച്ചത് കാല്‍ ടേബിള്‍സ്പൂണ്‍, ഉപ്പും കുരുമുളക് പൊടിയും ഓരോ നുള്ള് ഇവയെല്ലാം കൂടി നന്നായി മികസ് ചെയ്യുകയോ, മിക്‌സറില്‍ അടിച്ചെടുക്കുകയോ ചെയ്യുക. ഇത് സാലഡില്‍ നന്നായി ഇളക്കി ചേര്‍ക്കാം.
4. ഹണി മസ്റ്റാര്‍ഡ് ഡ്രെസ്സിങ്
കാല്‍കപ്പ് മസ്റ്റാര്‍ഡ് സോസിലേക്ക് കാല്‍കപ്പ് തേന്‍, രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍, മൂന്ന് ടേബിള്‍സ്പൂണ്‍ ഒലീവ്ഓയില്‍, ഒരുനുള്ള് ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ക്രീമി പേസ്റ്റ് ആകും വരെ ഇളക്കുക. ഈ ചേരുവ ഏത് സാലഡിലും ഡ്രെസ്സിങായി ഉപയോഗിക്കാം. വായുകടക്കാത്ത പാത്രത്തില്‍ അടച്ച് കുറച്ച് ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാനും പറ്റും
5. ചീസ്
ചീസ് സാലഡ് ഡ്രെസ്സിങ്ങുകളില്‍ പ്രിയപ്പെട്ട ചേരുവയാണ്. മറ്റൊന്നും ചേര്‍ക്കാതെ ചീസ് മാത്രം ചേര്‍ത്താലും സാലഡ് രുചികരവും ആരോഗ്യകരവുമാകും. ഒരു ചീസ് ക്യൂബ് എടുത്ത് അത് ഗ്രേറ്റ് ചെയ്ത് എടുക്കാം. ഇത് സാലഡില്‍ മിക്‌സ് ചെയ്താല്‍ മാത്രം മതി.
Content Highlights: Tips to make salads tastier