പ്രതീകാത്മക ചിത്രം | Grihalakshmi (Photo: Sreejith P. Raj)
ക്രിസ്മസ് കാലം ഇങ്ങെത്തി കഴിഞ്ഞു. ക്രിസ്മസ് കേക്കിനൊപ്പം വൈനും തീന്മേശയില് ഇടംപിടിക്കുന്ന സമയമാണിത്. ഈ സമയത്ത് വീടുകളില്‍ സ്വന്തമായി വൈന്‍ തയ്യാറാക്കുന്നവര്‍ ഏറെയാണ്. കേടുകൂടാതെ ദിവസങ്ങളോളം വൈന്‍ വീട്ടില്‍ സൂക്ഷിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ പരിചയപ്പെടാം.
താപനില അറിഞ്ഞ് സൂക്ഷിക്കാം
വൈന്‍ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യം അന്തരീക്ഷ താപനിലയാണ്. 15 ഡിഗ്രി സെല്‍ഷ്യസിന് താഴെ വൈന്‍ സൂക്ഷിക്കുന്നതാണ് അഭികാമ്യം. അതേസമയം, മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസിന് താഴെ താപനില കുറയാതിരിക്കാനും ശ്രദ്ധിക്കണം. താപനില കൂടുന്നതും കുറയുന്നതും വൈനിന്റെ രുചിയും ഗുണവും നഷ്ടപ്പെടുത്തും.
നേരിട്ട് സൂര്യപ്രകാശം പതിക്കാതെ നോക്കാം
വൈന്‍ ചെറിയ അളവിലായാല്‍ പോലും അത് സൂക്ഷിക്കുമ്പോള്‍ നേരിട്ട് സൂര്യപ്രകാശം പതിക്കാതെ നോക്കണം. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ വൈനിന്റെ രുചിയും ഗുണവും നഷ്ടപ്പെടുത്തും. ഇരുണ്ടമുറിയില്‍ വൈന്‍ സൂക്ഷിക്കുന്നതാണ് മികച്ചത്. സൂര്യപ്രകാശം തീരെ കുറയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ തുണിയില്‍ പൊതിഞ്ഞോ കബോഡ് പെട്ടിയിലോ വൈന്‍ നിറച്ച പാത്രം സൂക്ഷിക്കാം.
ഇളക്കം തട്ടാതെ കാക്കാം
താപനിലയെന്നത് പോലെ പ്രധാനപ്പെട്ടതാണ് വൈന്‍ ഇളക്കം തട്ടാതെ കാക്കുന്നതും. എപ്പോഴും ഇളക്കം തട്ടുന്ന സ്ഥലത്ത് വൈന്‍ സൂക്ഷിക്കുന്നത് അവയുടെ ഗുണം നഷ്ടപ്പെടാന്‍ ഇടയാക്കും. ഇങ്ങനെ സൂക്ഷിക്കുന്നത് ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കാന്‍ സഹായിക്കും.
വൈന്‍ ബോട്ടില്‍ ലംബമായി വയ്ക്കരുത്
വൈന്‍ സൂക്ഷിക്കുന്ന പാത്രം നന്നായി അടച്ച് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ, കുപ്പിയിലാണ് സൂക്ഷിക്കുന്നതെങ്കില്‍ കുപ്പി കുത്തനെ വയ്ക്കാതെ തിരശ്ചീനമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ലംബമായി വൈന്‍ കുപ്പി സൂക്ഷിക്കുമ്പോള്‍ അടപ്പ്(കോര്‍ക്ക്) ഉള്ള ഭാഗത്തെ ജലാംശം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇത് വൈന്‍ വേഗത്തില്‍ കേടാകുന്നതിന് ഇടയാക്കും. അതിനാല്‍ കോര്‍ക്ക് നനഞ്ഞിരിക്കാന് എപ്പോഴും ശ്രദ്ധിക്കണം.
വൈനിനുമുണ്ട് കാലാവധി
പഴകും തോറും വൈനിന് വീര്യമേറുമെന്ന് പറയാറുണ്ട്. എന്നാല്‍, മിക്ക വൈനുകളുടെയും കാലാവധി ഒന്ന്, അല്ലെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കും. കാലാവധി ബോട്ടിലില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അത് എത്രയും വേഗം കഴിച്ച് തീര്‍ക്കുന്നതാണ് നല്ലത്.
ഫ്രിഡ്ജ് പരമാവധി ഒഴിവാക്കാം
കുറച്ച് നാളത്തേക്ക് മാത്രമാണ് വൈന്‍ സൂക്ഷിക്കുന്നതെങ്കില്‍ അത് ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. ഫ്രിഡ്ജിനുള്ളിലെ കംപ്രസറിന്റെ കുലുക്കം കാരണം വൈനിന്റെ ഗുണമേന്മ നശിക്കാന്‍ ഇടയുണ്ട്.
Content Highlights: cooking tips, tips to keep wine for long, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..