കൊറോണ പടര്‍ന്നു പിടിക്കുമ്പോള്‍ പുറത്തു നിന്ന് വാങ്ങുന്ന പച്ചക്കറികളും പഴങ്ങളും സുരക്ഷിതമാണോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. പാകം ചെയ്യുന്നതിന് മുമ്പ് എങ്ങനെ വൃത്തിയാക്കുമെന്നും പാകം ചെയ്യാതെ കഴിക്കാമോ എന്നുമുള്ള സംശയങ്ങള്‍ വേറെയും. നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക എന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല കടയില്‍ പോയിവന്നാലുടന്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കി കഴിഞ്ഞും കൈകള്‍ കഴുകാന്‍ മറക്കേണ്ട. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോററ്റി ഓഫ് ഇന്ത്യ (FSSAI) ഈ ടെന്‍ഷനുകളകറ്റാന്‍ ചിലമാര്‍ഗ്ഗങ്ങള്‍ പങ്കുവയ്ക്കുന്നു.

1. പഴങ്ങളും പച്ചക്കറികളും മറ്റ് ഭക്ഷണ സാധനങ്ങള്‍ക്ക് ഒപ്പം വയ്ക്കാതെ മറ്റൊരു കവറിലാക്കി പ്രത്യേകം വയ്ക്കാം

2. വീട്ടില്‍ കൊണ്ടുവന്നാല്‍ ഉടനേ ചെറു ചൂടുവെള്ളത്തില്‍ അല്‍പം ക്ലോറിന്‍ ചേര്‍ത്ത് അതില്‍ ഇവ കുറച്ച് സമയം ഇട്ടു വയ്ക്കുകയോ അല്ലെങ്കില്‍ ചെറു ചൂടുവെള്ളത്തില്‍ നന്നായി കഴുകുകയോ ചെയ്യാം. 

3. ഇനി സാധാരണ ശുദ്ധജലത്തില്‍ ഇവ ഒന്നു കൂടി കഴുകാം

4. അണുനാശിനികള്‍, ക്ലീനിങ് വൈപ്പ്‌സ്, സോപ്പ്.. തുടങ്ങിയവയൊന്നും പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. 

5. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട പഴങ്ങളും പച്ചക്കറികളും അവ വയ്‌ക്കേണ്ട ഭാഗത്ത് തന്നെ സ്റ്റോര്‍ ചെയ്യുക. അല്ലാത്തവ റൂം ടെമ്പറേച്ചറില്‍ ബാസ്‌ക്കറ്റിലോ പാത്രത്തിലോ ആക്കി വയ്ക്കാം.

Content Highlights:  Tips To Keep Fruits And Vegetables Clean According To FSSAI