ചിലര്‍ക്ക് ചായയെന്നാല്‍ ഹരമാണ്. അതില്‍ തന്നെ ചില വ്യത്യസ്ത ഇഷ്ടങ്ങളും കാണും. കടുപ്പത്തിന്റെയും മധുരത്തിന്റെയും പാലിന്റെയുമൊക്കെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കാണുമെങ്കിലും ചായയെന്നു കേള്‍ക്കുമ്പോള്‍ ചാടിവീഴുന്നവരാണ് ഏറെയും. എന്നാല്‍ ചായപ്രേമികള്‍ക്ക് അത്രയൊന്നും സുഖിക്കാത്തൊരു വെറൈറ്റി ചായയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. 

മിഷേല്‍ എന്ന യുവതിയുടെ ടിക്ടോക്ക് അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ആദ്യം പുറത്തുവന്നത്. അമേരിക്കന്‍ സ്വദേശിയായ മിഷേല്‍ മകള്‍ക്കൊപ്പമുള്ള പാചകവീഡിയോകള്‍ സ്ഥിരമായി പങ്കുവെക്കാറുണ്ട്. അക്കൂട്ടത്തിലാണ് തനിക്കേറ്റവും പ്രിയപ്പെട്ട ഹോട്ട് ടീ റെസിപ്പിയും പോസ്റ്റ് ചെയ്തത്. സാധാരണ ചായ വെക്കുന്നതുപോലെയല്ല മറിച്ച് ചായപ്പൊടിക്കും പഞ്ചസാരയ്ക്കുമൊക്കെ പുറമേ സ്‌പൈസസും ചേര്‍ത്ത ചായയാണ് മിഷേല്‍ പങ്കുവെക്കുന്നത്. 

ഒരു പാപാത്രത്തിലേക്ക് ആദ്യം ചായപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് അതിലേക്ക് ഓറഞ്ച് ജ്യൂസ് പൗഡറും ലെമണ്‍ ജ്യൂസ് പൗഡറും ചേര്‍ക്കുന്നു, ശേഷം ഏലക്കായ പൊടിച്ചതും ഗ്രാമ്പൂ പൊടിച്ചതും ചേര്‍ക്കുന്നു. ഒരു കപ്പില്‍ വെള്ളം ചൂടാക്കി അതിലേക്ക് മിക്‌സ് ചെയ്തുവച്ച പൊടിയില്‍ നിന്ന് ആവശ്യത്തിനെടുത്ത് ചേര്‍ത്ത് നന്നായി ഇളക്കി ചായ കുടിക്കുന്നതാണ് വീഡിയോയിലുള്ളത്. 

മിഷേല്‍ വീഡിയോ പങ്കുവച്ച് അധികമാവും മുമ്പേ വൈറലാവുകയും ചെയ്തു. നിരവധി പേരാണ് ഹോട്ട് മസാല ടീ പരീക്ഷിച്ച് വിജയിച്ചുവെന്നു പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തത്. മൂന്നു മില്യണില്‍പരം ആളുകളാണ് മിഷേലിന്റെ വീഡിയോ കണ്ടത്. എന്നാല്‍ ചായപ്രേമികള്‍ക്ക് മിഷേലിന്റെ വീഡിയോ അത്ര ദഹിച്ച മട്ടില്ല. ഇത് ചായയോടു ചെയ്യുന്ന ക്രൂരതയാണെന്നു പറഞ്ഞ് നിരവധി പേര്‍ കമന്റ് ചെയ്യുന്നുമുണ്ട്. ഇത്തരം പാതകം ചെയ്തതിനെ പോലീസിനെ വിളിക്കൂ എന്നും കമന്റ് ചെയ്യുന്നവരുണ്ട്. 

Content Highlights: TikTok User's Bizarre Hot Tea Recipe Viral Video